യുഎസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിന്റെ പ്രചാരണത്തിനു പിൻബലം നൽകാൻ ഓസ്‌കർ ജേതാവായ സംഗീത ചക്രവർത്തി എ ആർ റഹ്‌മാൻ അര മണിക്കൂർ നീണ്ട സംഗീത പരിപാടി റെക്കോർഡ് ചെയ്തു. റഹ്‌മാന്റെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളാണ് പരിപാടിയിൽ അവതരിപ്പിക്കുക.
ഏഷ്യൻ അമേരിക്കൻ പാസിഫിക് ഐലൻഡേഴ്സ് (എ എ പി ഐ) വിക്ടറി ഫണ്ട് ആണ് ആഫ്രിക്കൻ-ഇന്ത്യൻ രക്തമുള്ള ഹാരിസിനു വേണ്ടി ഈ പരിപാടി സംഘടിപ്പിക്കുക. വിക്ടറി ഫണ്ടിന്റെ യൂട്യൂബ് ചാനലിൽ ഒക്ടോബർ 13നു വൈകിട്ട് ഇ ടി 8:00 മണിക്കു പരിപാടി കാണാം.
"കമലാ ഹാരിസിന്റെ ചരിത്ര സ്ഥാനാർഥിത്വം ആഘോഷിക്കാൻ എ ആർ റഹ്‌മാനോടൊപ്പം ഒരു പ്രത്യേക സായാഹ്നത്തിൽ പങ്കു ചേരുക," അവർ അറിയിപ്പിൽ പറഞ്ഞു. "അന്താരാഷ്ട്ര നിലവാരമുള്ള സംഗീത പരിപാടിയാണ് നിങ്ങളുടെ വീടുകളിലേക്കു സ്ട്രീം ചെയ്യുക."
എ എ പി ഐ സമൂഹത്തോടുള്ള ഹാരിസിന്റെ പ്രതിബദ്ധത അടിവരയിടുന്ന സന്ദേശങ്ങൾ പരിപാടിക്കിടയിൽ വന്നു കൊണ്ടിരിക്കും.
വിക്ടറി ഫണ്ട് ചെയർപേഴ്‌സൺ ശേഖർ നരസിംഹൻ പറഞ്ഞു: "അമേരിക്കയുടെ പുരോഗതിയിൽ പങ്കുവഹിക്കാൻ ആഗ്രഹിക്കുന്ന നേതാക്കളുടെയും കലാകാരന്മാരുടെയും ഒപ്പം എ ആർ റഹ്‌മാനും തന്റെ ശബ്ദം ചേർക്കുന്നു.
"ഇത് വെറുമൊരു കലാപരിപാടിയല്ല. നമ്മൾ ആഗ്രഹിക്കുന്ന ഭാവി സാധ്യമാക്കാൻ ഇടപെടാനും വോട്ട് ചെയ്യാനും നമ്മുടെ സമൂഹങ്ങൾക്കുള്ള ആഹ്വാനവുമാണ്."
AR Rahman records video to support Harris