പൊടുന്നനെ ഭവിക്കും
ഉൾപ്രേരണയ്ക്കനുസൃതം
അനുരണനങ്ങൾ
പിറവിയെടുക്കുന്നു
അസന്തുലിതമാം
വർണ്ണസങ്കല്പങ്ങളിൽ.
ക്ഷണികതയുടെ അനന്തമാം പരിമിതികൾ മറികടന്നു
വേണമൊരു സുവർണ്ണനിമിഷം
അപാരതയുടെ സൌന്ദര്യപൂജാ-
മുറിയിലേക്കൊന്നെത്തി നോക്കുവാൻ!
ഒഴുക്കിന്റെയൊപ്പമൊഴുകാൻ
തരിമ്പും മനസ്സില്ല
തെറ്റുകളാവർത്തിക്കാൻ
എള്ളോളം മടിയില്ല
ചുമന്നു നടക്കില്ലിനിയും ശിരസ്സിൽ
ലാഭനഷ്ടത്തിന്റെ കണക്കുപുസ്തകം.
വിഡ്ഢിയായി വേഷം കെട്ടാൻ
വീറോടെ സ്നേഹിക്കുവാൻ
കുതർക്കം കണ്ണടച്ചോതാൻ
തിടുക്കപ്പെടുന്നുണ്ടീ കവി
ആലസ്യത്തിൻ കൊടുമുടിയിലും.
കാലം തിരുത്തു
മെന്നറിയാതെ നിസ്പൃഹം
കുത്തിയിരുന്ന് വീണ്ടും
തിരുത്തുന്നു കവി
അപൂർണ്ണമായുപേക്ഷിച്ചതാമൊരു
പ്രണയകവിതയെ:
"ചൊന്നതൊക്കെയും മറക്കാം
ചെയ്തതൊക്കെയും മറക്കാം
മറക്കാനാവുമൊ,
നീയെൻ മനസ്സിനെ
പൊള്ളിച്ച നിമിഷങ്ങൾ!"
ചുരുക്കിച്ചൊല്ലുവാനാവില്ല
നീട്ടിപ്പറയുവാനുമാവില്ല
ബാധിച്ച ഹൃദയച്ചുരുക്കത്താൽ
കുഴങ്ങുന്നേൻ കവി അസാരം!