ഒന്നിച്ചു വസിക്കാനായ്
കുന്നോളം മോഹത്തോടെ
വന്നതീ വീട്ടിൽ പക്ഷേ
ഇന്നില്ലായിവിടാരും.
സ്വപ്നങ്ങൾ നിറഞ്ഞൊരാ
സ്വർഗ്ഗത്തിന്നകത്തളം
ശൂന്യമായ് കഴിഞ്ഞല്ലോ
അപ്രതീക്ഷിതമായി.
അമ്മയില്ലാത്ത വീട്ടിൽ
അച്ഛൻ നിശബ്ദനായി.
ഓർമ്മതൻ നീറ്റലുമായ്
മകനും മൗനിയായി.
കാലങ്ങളവരെയും
അകലങ്ങളിലാക്കി.
കുറിഞ്ഞിപൂച്ച മാത്രം
വാതുക്കൽ കാത്തിരുന്നു.
മുറ്റത്തു തണൽ തന്ന
പേരയും മാവും പ്ലാവും
ഇലകൾ കൊഴിച്ചുവോ
വളരാൻ മടിച്ചുവോ.
മുറിയിൽ വളർത്താനായ്
വാങ്ങിയ ചെടികളും
ഉണങ്ങിക്കരിഞ്ഞു പോയ്
ജീവിതം പോലെത്തന്നെ.
വിടപറയും മുൻപേ
വീടിനെ സ്നേഹത്തോടെ
ഒന്നു ഞാൻ നോക്കിക്കോട്ടെ
അവസാനമായ് വീണ്ടും.
ഇനിയും വരില്ല ഞാൻ
ഇനിയും കാണില്ല ഞാൻ
എങ്കിലും മനസ്സിന്റെ
നനവിൽ നീയുണ്ടാവും.