Image

കൊളംബസിന്റെ ഔദ്യോഗിക വിശ്രമ സ്ഥലം സ്പെയിനിലെന്നു സ്ഥിരീകരണം (പിപിഎം)

Published on 12 October, 2024
കൊളംബസിന്റെ ഔദ്യോഗിക വിശ്രമ സ്ഥലം സ്പെയിനിലെന്നു സ്ഥിരീകരണം (പിപിഎം)

പര്യവേഷണ ലോക സഞ്ചാരി ക്രിസ്റ്റഫർ കൊളംബസിന്റെ ഔദ്യോഗിക വിശ്രമ സ്ഥലം ശാസ്തജ്ഞൻമാർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ജനറ്റിക് പരിശോധനയിൽ അദ്ദേഹത്തിന്റെ വംശവും കണ്ടെത്തിയെങ്കിലും അതു പക്ഷെ വെളിപ്പെടുത്തിയിട്ടില്ല.

സ്പെയിനിലെ സെവയ്ൽ കത്തീഡ്രലിൽ ശവ പേടകം താങ്ങി നിർത്തുന്ന അലങ്കരിച്ച മരം കൊണ്ടുള്ള വിശാലമായ  രൂപശിൽപത്തിനുളിലാണ് ശരീരാവശിഷ്ടങ്ങളിൽ കുറെ ഭാഗങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്നു ഫൊറൻസിക് മെഡിക്കൽ വിദഗ്ദൻ ഹോസെ അന്തോണിയോ ലോറെൻറെ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഈ കണ്ടെത്തലിനു സഹായിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഗ്രാനഡയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘത്തെ നയിച്ചത് അദ്ദേഹമാണ്. കൊളംബസിന്റെ പുത്രൻ ഫെർണാണ്ടോയിൽ നിന്നും ഒരു സഹോദരനിൽ നിന്നും സാമ്പിളുകൾ എടുത്ത ശേഷമായിരുന്നു പരിശോധന.

സ്പെയിനിൽ 1506ലാണ് കൊളംബസ് മരിച്ചത്. ഹിസ്പാനിയോള ദ്വീപിൽ സംസ്കരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇപ്പോഴത്തെ ഹെയ്തിയും ഡൊമിനിക്കൻ റിപ്പബ്ലിക്കും ചേർന്ന ഇടമാണത്.  ശരീരാവശിഷ്ടങ്ങൾ 1542ൽ അവിടെ കൊണ്ടുപോയി എന്നാണ് കരുതപ്പെടുന്നത്. പിന്നീട് 1795ൽ അവ മുഴുവനായോ ഭാഗികമായോ ക്യൂബയിലേക്കു മാറ്റി. അവിടന്നു 1898ൽ സെവയ്ലിലേക്കും.

മുഴുവനായി അങ്ങോട്ടു മാറ്റിയോ എന്ന കാര്യത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. 1877ൽ ഡൊമിനിക്കൻ റിപ്പബ്ലക്കിലെ സാന്റോ ഡോമിംഗോ കത്തീഡ്രലിൽ നിന്നു കണ്ടെടുത്ത 'കൊളംബസ്' എന്നെഴുതിയ ചെറിയ പെട്ടിയിൽ കുറെ അസ്ഥി കഷണങ്ങൾ ഉണ്ടായിരുന്നു.  

അന്തോണിയോ ലോറെൻറെ പറയുന്നത് അവയും കൊളംബസിന്റെ തന്നെയാവാം എന്നാണ്. കാരണം സെവയ്ൽ കത്തീഡ്രലിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ അപൂർണ്ണമാണ്‌.

കൊളംബസ് ഏതു വംശജനാണ് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറി. 1492ൽ സ്പെയിനിൽ നിന്നു യാത്ര തുടങ്ങിയ കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയാണ് എന്ന വാദമുണ്ട്. അദ്ദേഹം സ്പാനിഷ് യഹൂദനാണെന്നും അതല്ല ഗ്രീക്ക് ആണെന്നും ചിലർ പറഞ്ഞു വന്നു. ബാസ്‌ക് അല്ലെങ്കിൽ പോർച്ചുഗീസ് ആണെന്നും വാദിച്ചവർ ഉണ്ട്.

കൊളംബസ് അമേരിക്കൻ ഭൂഖണ്ഡം കണ്ടെത്തിയെന്ന വാദം ചരിത്രകാരന്മാർ തള്ളിയിട്ടുണ്ട്. അദ്ദേഹം ബഹാമാസ് വരെ എത്തിയെന്നു അവർ സമ്മതിക്കുന്നു. എന്നാൽ ഇന്നത്തെ അമേരിക്കയിൽ അദ്ദേഹം കാല് കുത്തിയിട്ടില്ല എന്നാണ് അവരുടെ വാദം.

ആദിവാസികളെ കൊളംബസ് അടിമകളാക്കി എന്നും അവിടെ മഹാരോഗങ്ങൾ കൊണ്ടുവന്നുവെന്നും ആക്ഷേപമുണ്ട്.

എന്നാൽ യൂറോപ്പിൽ നിന്ന് ആളുകൾ അമേരിക്കയിൽ എത്തിയത് കൊളംബസ് വഴി കാട്ടിയതു കൊണ്ടാണെന്നു ഇറ്റലിയിൽ നിന്നുള്ള പലരും വാദിക്കുന്നു. വിവാദങ്ങൾ അങ്ങിനെ കെടാതെ നിൽക്കുമ്പോൾ യുഎസ് കൊളംബസ് ദിനവും ആദിമ സമൂഹ ദിനവും ഒന്നിച്ചു ആഘോഷിക്കുന്നു.

Columbus remains confirmed in Spain  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക