നിയമാനുസൃതം യുഎസിൽ എത്തുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ കർശനമായി കൈകാര്യം ചെയ്യുമെന്നും ഡൊണാൾഡ് ട്രംപ് കൊളോറാഡോയിൽ പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാർഥി കുടിയേറ്റ വിരോധിയാണെന്ന ആക്ഷേപം ഡെമോക്രറ്റുകൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് അറോറയിലെ റാലിയിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"നമുക്ക് ഈ രാജ്യത്തു ആളുകളെ ആവശ്യമുണ്ട്," ട്രംപ് പറഞ്ഞു. "എന്നാൽ അവർ നിയമാനുസൃതം വരണം. നവംബർ 5നു രാജ്യത്തു അനധികൃതമായി അധിനിവേശം നടത്തിയവരിൽ നിന്നു രാജ്യത്തെ മോചിപ്പിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു."
കൊളറാഡോ 2016ൽ ഹിലരി ക്ലിന്റണും 2020ൽ ജോ ബൈഡനും ട്രംപിനെ തോൽപിച്ച സംസ്‌ഥാനമാണ്. കഴിഞ്ഞ മാസം സർവേകളിൽ കമലാ ഹാരിസ് ഇവിടെ 11% വരെ ലീഡ് നേടി.
വെനെസ്‌വേലയിൽ നിന്നുള്ള സായുധ കവർച്ചാ സംഘം കൊളോറാഡോയിൽ കെട്ടിടങ്ങൾ പിടിച്ചെടുത്തു എന്ന ആരോപണം ഭീതി പരത്തിയ സാഹചര്യത്തിലാണ് ട്രംപ് അവിടെ ഈ വാഗ്ദാനം നൽകിയത്. തുറന്ന അതിർത്തി നയങ്ങളിലൂടെ ഹാരിസ് ക്രിമിനലുകൾക്ക് അനധികൃതമായി കടന്നു വരുന്ന അവസരം നൽകിയെന്ന് ട്രംപ് ആരോപിച്ചു.
അതേ സമയം, നഗരം വിദേശ ക്രിമിനൽ സംഘങ്ങൾ യുദ്ധഭൂമിയാക്കി എന്ന ആരോപണം റിപ്പബ്ലിക്കൻ തന്നെയായ മേയർ മൈക്ക് കോഫ്മാൻ നിഷേധിച്ചു. "അതൊരു അതിശയോക്തിയാണ്," അദ്ദേഹം പറഞ്ഞു.
അറോറയിൽ നിന്നു ട്രംപ് അരിസോണയിലെ റെനോയിലേക്കു പോയി. അതിർത്തിക്കടുത്ത സംസ്ഥാനത്തു തന്റെ ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു.
Trump says he wants legal immigrants