Image

ബിജെപി രാഷ്ട്രീയ ആയുധമാക്കും; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് സിപിഎമ്മില്‍ ആവശ്യം

Published on 12 October, 2024
ബിജെപി രാഷ്ട്രീയ ആയുധമാക്കും; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്  നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന്  സിപിഎമ്മില്‍ ആവശ്യം

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് സിപിഎമ്മിലും ആവശ്യം. പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനം ശരിയായി നടപ്പാക്കാന്‍ കഴിയില്ല. വ്രതം എടുത്ത് ശബരിമലയില്‍ എത്തുന്നവര്‍ ദര്‍ശനം സാധിക്കാതെ മടങ്ങി പോകേണ്ട സാഹചര്യം രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് ജില്ലാ കമ്മറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ബിജെപി ഈ വിഷയം രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കും. അങ്ങനെ വന്നാല്‍ പിടിച്ച്‌ നില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭങ്ങളും തിരിച്ചടികളും പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നുണ്ട്. സ്‌പോട്ട് ബുക്കിങ് അവസാനിപ്പിച്ചത് അംഗീകരിക്കില്ലെന്നും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തില്ലെന്ന കാരണത്താല്‍ ദര്‍ശനം ലഭിക്കാത്ത ഭക്തര്‍ക്കായി ഏതറ്റം വരേയും ഇടപെടുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎമ്മില്‍ തന്നെ ഈ ആവശ്യം ഉയര്‍ന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കാലങ്ങളായി സിപിഎമ്മിന് ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കുന്നതിന് ഈ വിഷയം കാരണമായിട്ടുണ്ട്. സമാനമായ രീതിയില്‍ മറ്റൊരു തീര്‍ത്ഥാടനകാലം കൂടി വിവാദത്തിലാകുമോ എന്നാണ് ഇനി അറിയേണ്ട്ത്. തിങ്കളാഴ്ച മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് സ്‌പോട്ട് ബുക്കിങ് നിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായിരുന്നു. പലരും ദര്‍ശനം ലഭിക്കാതെ മടങ്ങുന്ന സ്ഥിതിയും ഉണ്ടായി. ഈ വര്‍ഷം ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് സര്‍ക്കാര്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നത്. പ്രതിദിനം 80000പേര്‍ക്ക് മാത്രമാകും വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 90000 പേര്‍ക്ക് ഔണ്‍ലൈനായും 15000 പേര്‍ക്ക് സ്പോട്ട് ബുക്കിങിലും ദര്‍ശനം അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക