Image

മണിയൻ...(ഇമലയാളി കഥാമത്സരം 2024: രാധാകൃഷ്ണൻ കാര്യക്കുളം)

Published on 13 October, 2024
മണിയൻ...(ഇമലയാളി കഥാമത്സരം 2024: രാധാകൃഷ്ണൻ കാര്യക്കുളം)

സാധാരണപ്പെട്ടവൻ്റെ സന്തോഷം, വളരെ ചെറിയ കാര്യത്തിലും വലിയ സംതൃപ്തി നേടുന്നതിലായിരിക്കും.

ഒരു തരി പൊന്നു നേടിയാലോ., ആണ്ടറുതിയിൽ പുതുവസ്ത്രമിട്ടാലോ .., കാവിലെ ഉത്സവം കാണാൻ പോയാലോ.,
ആരെങ്കിലും ഒരു ചെറു സമ്മാനം നീട്ടിയാലോ, നനഞ്ഞൊലിച്ച ഒറ്റമുറി വീട്ടിൽ നിന്നും, ഓടിട്ട രണ്ട് മുറി വീട്ടിലേക്ക് മാറിത്താമസിച്ചാലോ, അവർക്കുണ്ടാകുന്ന സന്തോഷം അളവറ്റതാണ്.
അതുപോലെ മണിയനും കുടുംബവും ചെറിയ ചെറിയ സന്തോഷങ്ങളിൽ ആവേശഭരിതരാണ്.
മണിയൻ ഒരു മരം വെട്ടുകാരൻ.
ആകാശം മുട്ടെയുള്ള മരത്തുഞ്ചത്തുനിന്നും മണിയൻ കൈക്കോടാലിക്ക് ചെറു കമ്പുകൾ കോതി ഇറക്കുമ്പോൾ, കണ്ടു നിൽക്കുന്നവരുടെ കാലും കൈളും വിറച്ചു തുടങ്ങും.
മരം കാറ്റിൽ ഉലഞ്ഞ് കറങ്ങുമ്പോഴും ഒരഭ്യാസിയെ പോലെ മണിയൻ, തൻ്റെ അരയെ മരവുമായ് ബന്ധിപ്പിച്ചിരിക്കുന്ന കയറിൻ്റെ ധൈര്യത്തിൽ, ശ്രദ്ധയോടെ ഓരോ മരക്കൊമ്പുകളും മുറിച്ച് താഴോട്ടിറങ്ങിക്കൊണ്ടിരിക്കും.
ചെയ്യുന്ന ജോലിയിൽ വളരെ ശ്രദ്ധയുണ്ട് അവന്.
മണിയൻ, കള്ളുകുടിക്കും .
വെറ്റില പാക്ക് കൂട്ടിമുറുക്കും .പക്ഷേ, ബീഡി വലിക്കില്ല.
ചെറിയ പ്ലാസ്റ്റിക്ക് കൂടിൽ പൊതിഞ്ഞ മുറുക്കാൻ കൂട്ടം അവൻ്റെ മടിയിൽ എപ്പോഴും ഒഴിഞ്ഞു മാറാതുണ്ടാവും.
ഒന്ന് മുറുക്കി കഴിഞ്ഞേ അവൻ മരത്തിൽ കേറു.
മുറുക്കി തുപ്പുന്നതിൻ്റെ ചുവപ്പു രാശി, അവൻ്റെ ചിറിയിലൂടെ ഒലിച്ചിറങ്ങിയാൽ, കൈപ്പത്തി കൊണ്ട് വടിച്ചു തൂത്ത് വൃത്തിയാക്കും.
മണിയൻ്റെ വിയർപ്പിന് എപ്പോഴും മര മുശുക്കായിരിക്കും.
അയാൾക്കതറിയില്ലെങ്കിലും മറ്റുള്ളവർക്ക് അറിയാം.
എന്നാൽ, മണിയൻ്റെ ഭാര്യയ്ക്കൊ, മക്കൾക്കൊ അതൊര് പ്രശ്നമല്ല.
മണിയൻ ഇന്ന് അതിരറ്റ സന്തോഷത്തിലാണ്.
ആ സന്തോഷം അവൻ്റെ ഭാര്യയ്ക്കും മക്കൾക്കും കൊടുക്കണം.ആ വിചാരത്തിലാണ് അവൻ പുറത്തു പോയിട്ട് വന്നത്.
ഞായറാഴ്ചയായതുകൊണ്ട് ഒര് ചെറുത് അടിക്കണമെന്നും കരുതിയാ പോയത്.
അതു തൽക്കാലം വേണ്ടെന്നു വച്ചു.
ഞായറാഴ്ച കൂട്ടം ഉണ്ടല്ലോ അന്നേരം മതി. അവൻ കേട്ട സന്തോഷത്തെ, പതി മടങ്ങ് ഊതിക്കാച്ചിക്കൊണ്ട് മടി നിറച്ച പണവുമായ്
തിരിച്ചു പോന്നു..

"സ്നേഹ ലതേ .. ,മക്കളെ...,  നമ്മക്ക് പൊറത്തു പോണം. ഇന്ന് പൊറത്തൂന്നാ കഴിപ്പ്."

വീടിൻ്റെ ഉമ്മറത്ത് എത്തിയപ്പോൾ തന്നെ അവൻ വിളിച്ചു പറച്ചിൽ തുടങ്ങി.
അച്ചായിയുടെ സന്തോഷമുള്ള ശബ്ദം കേട്ട് മക്കൾ ചാരുവും സ്വാതിയും പുറത്തേക്ക് ഓടിവന്നു.
"എവിടെപ്പോവാനാ അച്ചായി.? "
അവർ രണ്ടു പേരും ചോദിച്ചു.
" അതോക്കെ ഒണ്ട്. അമ്മേവ് ടെ?"
അവൻ അകത്തേക്ക് കേറി.
ആ സമയത്ത് സ്നേഹലത അടുക്കളയിൽ ഉച്ചത്തേക്കുള്ളതിന്‌ ഒരുക്കുകയായിരുന്നു.
വിളികേട്ട് എണീറ്റ് അവൾ തിരിഞ്ഞപ്പോൾ, അവൻ അടുക്കളയിൽ എത്തിയിരുന്നു.

അവൾ അവനെ നോക്കി.
ഒരു ചെറുത് അടിക്കണമെന്ന് പറഞ്ഞ് പോയ ആൾ പച്ചയ്ക്കാണല്ലോ വന്നിരിക്കുന്നത്.
"എന്ത്വോറ്റീ.. മൊഗത്ത് വല്ലാണ്ട് സന്തോഷോണ്ടല്ലോ."
അവൾ ചോദിച്ചു.
" ഒണ്ട്. ഒണ്ടടി.. "
അവൻ അവളെ കോരിയെടുത്തു.
വട്ടം കറക്കി.
"അയ്യേ.. ഇതെന്തു കൂത്ത്... പിള്ളാരല്ലേ, അടുത്ത് നിക്കണെ."
അവൾ ലജ്ജ കൊണ്ട് ശാസിച്ചു.
"ഇതെന്താ.. ലോട്ടറി അടിച്ചാ.. ഇതിന്നുംമ്മാത്രം തുള്ളാൻ."
താഴെ നിർത്തിയപ്പോൾ അവൾ ചോദിച്ചു.
" അതേടി, അടിച്ചു. ഒന്നല്ല. പന്ത്രണ്ടെണ്ണം ."
അവൻ വെറ്റിലക്കറ പല്ലുകാട്ടി തുള്ളിച്ചിരിച്ചു.
"നേരോന്നെ..? "
വിശ്വാസമാവാതെ അവൾ ചോദിച്ചു.
" ആണോ അച്ചായി?"
അവൻ്റെ മക്കളും ചോദിച്ചു.
" പിന്നെല്ലാണ്ട് ... സത്യം മക്കളെ .. നിങ്ങൾ ഒരുങ്ങിക്കോളിൻ, ഇന്ന് നമ്മക്ക് പൊറത്തുപോയി കഴിക്കാം. ചിക്കൻ ബിരിയാണിം, നെയ്റോ സ്റ്റുക്കെ വയറു നിറെ കഴിക്കാം.. പിന്നെ തുണിക്കടേക്കേറി വേണ്ട്വോളം ഉടുപ്പൊക്കെ നിങ്ങക്ക് എടുക്കാം. അമൃതാ തേറ്ററിൽ കേറി ഒരു സിനിമേം കാണാം. പോരെ.. പൊടിപൂരം. മതിയാവൂല്ലേ?"
അവൻ ചോദിച്ചു..
" ങാ.മതി അച്ചായി.. നമ്മക്ക് പുവ്വാം."
മക്കൾ പറഞ്ഞു.
"എപ്പഴാ..?"
സന്തോഷം കൊണ്ട് സ്നേഹലതേം ചോദിച്ചു.
" പന്ത്രണ്ട് മണിക്കിറങ്ങണം.
ഇത്തിരി നേരത്തെ ആയ്ക്കോട്ടെ .. "
അവൻ പറഞ്ഞു.

മണിയന് കാരുണ്യ ലോട്ടറിയുടെ അയ്യായിരത്തിൻ്റെ ഒരു സെറ്റ് ലോട്ടറി അടിച്ചത് നേര് തന്നെ.
ശനിയാഴ്ച വൈകിട്ട് പണി നിർത്തി പോരുമ്പോ, മമ്പലത്തെ ബാറിൻ്റെ പടിക്കൽ വച്ച് എടുത്തതാ.
ആർക്കും വേണ്ടാതെ വച്ചത് പോലെ ഒരു സെറ്റ്.
അതു കൊണ്ട് അറുപതിനായിരം രൂപ അവൻ്റെ കയ്യിലായി.
അതിൽ കുറെ ടിക്കറ്റെടുത്തു.
ആയിരം കൂട്ടുകാരൻ പാപ്പൂട്ടിയേം ഏൽപ്പിച്ചു.
ബാക്കി ഉള്ളതും കൊണ്ട് അവൻ വീട്ടിലേക്ക് പോരികയും ചെയ്തു.
"മണിയേ... "
പുറത്തെ വിളിശബ്ദം കേട്ട് അവർ പുറത്തേക്ക് നോക്കി.
" പാപ്പൂട്ടിച്ചായനാ "
സ്നേഹലത പറഞ്ഞു.
"ദാ .. വരുന്നു ..പാപ്പൂട്ടി."
മണിയൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു.
" പോയ്ക്കഴിഞ്ഞ് എപ്പാ വരിക?"
അവര് പോകുന്നത് എന്തിനാണെന്ന് അവൾക്കറിയാം.
കൂട്ടുകാര് കൂടിക്കഴിഞ്ഞാ, കുപ്പിനീരും കഴിച്ച് വെടി പറഞ്ഞോണ്ടിരുന്ന് സമയം പോകുന്നത് അവര് അറിയില്ല.
പിള്ളാരേം തന്നേം പറഞ്ഞ് ആശിപ്പിച്ചിട്ടുണ്ട്.
മണിയൻ ഇത്തിരി കുടിക്കുന്നതിലൊന്നും അവൾക്ക് എതിർപ്പില്ല.
അന്തിക്ക് കുടിച്ചിട്ട് വരുന്നതാ അവൾക്കിഷ്ടം. വന്നാൽ, രാഗ പ്ലാനൊന്നുമില്ലെങ്കിലും അവൻ്റെ പാട്ടുകച്ചേരി അവൾ മതിയാവോളം ആസ്വദിക്കും.
പിന്നെ ഊണു കഴിഞ്ഞ് കിടക്കവിരിക്കാൻ അവൾക്കും തിടുക്കമായിരിക്കും.
" ഇന്ന് അധികനേരോംന്നും, മണിച്ചേട്ടനെ അവിടെ ഇരുത്തണ്ട പാപ്പൂട്ടിച്ചായാ."
അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്നേഹലത വിളിച്ചു പറഞ്ഞു.
"ഇല്ലന്നേ.. കൂടിപ്പോയാ.. ഒരു മണിക്കൂർ "
പാപ്പു തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.
" അച്ചായി എനക്ക്, കുളത്തിൽ നിന്ന് ഒരു താമരപ്പൂവ് കൊണ്ട് ര്വോ?"
മണിയൻ്റെ ഇളയ കുട്ടി വിളിച്ചു പറഞ്ഞു.
'' കൊണ്ട് ര്വാം."
മണിയൻ മോൾക്ക് ഉറപ്പുകൊടുത്തു.
ഈ അടുത്ത കാലത്ത് കുളത്തിൽ ആരോ കൊണ്ടിട്ടതാണ് ഒന്നു രണ്ട് താമര വള്ളികൾ .
അതിപ്പോൾ അവിടെ കിടന്ന് പെരുത്ത് ധാരാളമായി. പൂക്കളുമായി .

പാപ്പുവിൻ്റെ വീടും കുളത്തുംമ്മാട്ടേലാണ്..
ഞായറാഴ്ച കൂട്ടം എന്നും അവിടെയാ..
മണിക്കൂർ ഒന്നല്ല.
രണ്ടല്ല.
അന്തിയാകുന്നതുവരെ സ്നേഹലതയും കുട്ടികളും കാത്തിരുന്നു.
മണിയനെ കാണുന്നില്ല.
മക്കളോടും ഭാര്യയോടും ഒരു വാക്കു പറഞ്ഞാൽ തെറ്റിക്കുന്നവനല്ല മണിയൻ.
ഭാര്യേം മക്കളും കഴിഞ്ഞിട്ടേ അവന് എന്തു മുള്ളു..
ആ അവൻ....
സ്നേഹലതക്ക് പേടിയായി.
അവൾ സന്ധ്യാ വിളക്ക് വച്ച ശേഷം, ഓട്ടടയെങ്കിലും ഉണ്ടാക്കി മക്കൾക്ക് കൊടുക്കാമല്ലോന്ന് വിചാരിച്ച് അടുക്കളയിലോട്ട് നീങ്ങുമ്പോഴാ..
പുറത്ത് ഒന്നിലധികം പേര്ടെ ശബ്ദങ്ങൾ കേട്ടത്.
അവൾ തിരിഞ്ഞ് ഉമ്മറത്തെത്തി.
ചിലരുടെ പതിവില്ലാത്ത വരവും, മുഖത്തെ മ്ലാനതയും കണ്ട് അവൾ ചോദിച്ചു.
"എന്താ .. എല്ലാരും.?"

"മണി ... "
വന്നവരിൽ ഒരാൾ പറയാൻ തുനിഞ്ഞു.
"മണിച്ചേട്ടൻ വന്നില്ല."
അവൾ പറഞ്ഞു.
" അത് .. മണി താമരപ്പൂ പറിക്കാൻ മുങ്ങിയതാ.. ചേറിൽ പുതഞ്ഞു...'
അയാൾ സങ്കടത്തോടെ പറഞ്ഞു.
മുറ്റത്ത് പന്തലും വെളിച്ചവും കസേരകളും നിരന്നപ്പോൾ, സ്നേഹലതും കുട്ടികളും കട്ടിലിൽ കിടന്ന് കരയുകയായിരുന്നു.
.....©️®️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക