വിവാഹം
1948 ആഗസ്റ്റ് മാസം അവസാനം. ലൂയിസ് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നെ മാത്രം. ''ഇവിടെ എക്‌സ്‌റേയില്‍ താല്പര്യമുള്ള ഒരാള്‍ കൂടി കാണും'' അയാള്‍ ഫോണില്‍ പറഞ്ഞു. ഞാനൊരു വിദ്യാര്‍ത്ഥിനി മാത്രമാണെന്നും, എക്‌സ്‌റേ പ്രോഗ്രാമില്‍ ഒരാളെ ചേര്‍ക്കാന്‍ തക്ക സ്വാധീനം എനിക്കില്ലെന്നും ഞാന്‍ ലൂയിസിനെ ഓര്‍മ്മിപ്പിച്ചു. ''തീര്‍ച്ചയായും എനിക്കത് അറിയാം'' അയാള്‍ പറഞ്ഞു.
ഞാന്‍ വിചാരിച്ചത് ലൂയിസും ഡിറ്റയും അവരുടെ വീട്ടില്‍ ഒരു പാര്‍ട്ടി നടത്തുകയാണെന്നും, അവരുടെ അതിഥികളില്‍ ഒരാള്‍ക്ക് എക്‌സ്‌റേ ടെക്‌നീഷന്‍ ആവാന്‍ ആഗ്രഹമുണ്ടെന്നുമാണ്.
ലൂയിസിന്റെ വീട്ടില്‍ അന്ന് ആകെ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. വണ്ണം കുറഞ്ഞ് നീളമുള്ള ശരീരം കറുത്ത സുന്ദരമായ തരംഗിതമായ (Wavy) തലമുടി, ബുദ്ധിയുള്ള, ജീവനുള്ള ബ്രൗണ്‍ കണ്ണുകള്‍. സംസ്‌കാരമുള്ള, വിദ്യാഭ്യാസമുള്ള, രസം തോന്നിപ്പിക്കുന്ന സംസാരം. ഹാന്‍സ് എന്നാണയാളുടെ പേര്. അയാളുടെ പല അഭിപ്രായങ്ങളോടും എനിക്ക് ആനുകൂല്യമാണ് ഉണ്ടായിരുന്നത്. അയാളോട് സംസാരിക്കുന്നത് എനിക്ക് സുഖപ്രദമായിരുന്നു. അയാളെ എനിക്കിഷ്ടമായി.
''ഡോക്ടര്‍ ബെക്കി എന്റെ ഒരകന്ന ബന്ധുവാണ്'' ഹാന്‍സ് പറഞ്ഞു. അദ്ദേഹമാണ് എക്‌സ്‌റേ ടേബിളില്‍ ഉപയോഗിക്കുന്ന ഡയഫ്രം കണ്ടുപിടിച്ചത്. (ലോകത്തെമ്പാടുമുള്ള എക്‌സ്‌റേ ടേബിളുകളില്‍ ഈ ഡയഫ്രം ഉപയോഗിച്ചു വരുന്നു.) ഈ ഡയഫ്രത്തെ എക്‌സ്‌റേ ടെക്‌നീഷന്മാര്‍ വിളിച്ചിരുന്ന പേര് 'ബെക്കി' എന്നാണ്.
ഹാന്‍സ് ഒരു മെഷീന്‍ ഷോപ്പില്‍ ആണ് ജോലി ചെയ്തിരുന്നത്. പ്രാഗില്‍ ഹാന്‍സ് പഠിച്ചിരുന്ന സ്‌കൂളിലെ പഠിത്തം ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നിരുന്നു. എങ്കിലും യുദ്ധകാലത്ത് ഹാന്‍സ് ഇംഗ്ലണ്ടില്‍ ആയിരുന്നത് വളരെ ഭാഗ്യമായി.
ഞങ്ങള്‍ ലൂയിസിന്റേയും ഡിറ്റയുടെയും വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വല്ലാതെ ഇരുട്ടി. ഞങ്ങളുടെ വെവ്വേറെ സബ്‌വേ ട്രെയിനുകള്‍ എടുത്ത് വീട്ടില്‍ പോകുന്നതിനു മുന്‍പ്, കുറച്ചു ദിവസത്തിനകം വീണ്ടും കാണണമെന്ന് പരസ്പരം പറഞ്ഞുറപ്പിച്ചിരുന്നു.
ഹാന്‍സ് ഞങ്ങളുടെ കുടുംബത്തിലേക്കു വന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചത് സിഗ്മണ്ട് ആയിരുന്നു. ബ്രൂക്ക്‌ലിനില്‍ ഉള്ള ഹാന്‍സിന്റെ വീട്ടില്‍ ചെന്ന് സിഗ്മണ്ട് അയാളെ കൊണ്ടുവരും. ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ രണ്ടു സന്ദര്‍ശകരായി. ചില ശനിയാഴ്ചകളില്‍ സിഗ്മണ്ടിന്റെ ഫുള്ളര്‍ ബ്രഫ് ഓര്‍ഡറുകള്‍ ഇടപാടുകാര്‍ക്ക് കൊണ്ടുപോയിക്കൊടുത്ത് ഹാന്‍സ് സഹായിക്കും. അങ്ങനെ അവര്‍ക്ക് കൂടുതല്‍ സമയം ഞങ്ങളോടൊപ്പം ചെലവഴിക്കാനാവും. ആ സമയത്താണ് സിഗ്മണ്ടും അയാളുടെ ഇടപാടുകാരും തമ്മിലുണ്ടായ തമാശകള്‍ ഹാന്‍സ് ഞങ്ങളെ പറഞ്ഞു കേള്‍പ്പിക്കുന്നത്. ഒരിക്കല്‍ ഒരു വീട്ടില്‍ സാധനങ്ങള്‍ കൊണ്ടുപോയി കൊടുക്കുമ്പോള്‍ സിഗ്മണ്ട് തന്റെ പറ്റുവരവുകാരോട് ഒരു സാധനത്തെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും സംസാരിക്കുന്നത് ഹാന്‍ കേട്ടു. ''ഒരിക്കല്‍ ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പര്‍ വിലകുറച്ചുതരാം'' എന്നായിരുന്നു സിഗ്മണ്ടിന്റെ വാഗ്ദാനം. സിഗ്മണ്ട് ഉദ്ദേശിച്ചത് ശകലം കേടുപാടുകളുള്ള ടോയ്‌ലറ്റ് പേപ്പര്‍ എന്നായിരുന്നു. ഹാന്‍സ് ശ്രദ്ധാപൂര്‍വ്വം രണ്ടിന്റെയും വ്യത്യാസം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അടുത്ത ശനിയാഴ്ച കച്ചവടത്തിനു പോയ സിഗ്മണ്ട് വീണ്ടും ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പര്‍ വില കുറച്ചു കൊടുക്കാമെന്ന് ഇടപാടുകാരോട് പറയുന്നതു കേട്ട് ഹാന്‍സ് ഇടപെട്ടു. ''ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പര്‍ എന്നല്ല, ഒരല്പം കേടുപാടുകള്‍ ഉള്ള ടോയ്‌ലറ്റ് പേപ്പര്‍ എന്നാണ് പറയേണ്ടത് എന്ന് ഞാന്‍ പറഞ്ഞു തന്നതാണല്ലോ'' എന്നു പറഞ്ഞപ്പോള്‍ ചരിച്ചുകൊണ്ട് സിഗ്മണ്ട് പറഞ്ഞു ''എനിക്ക് ഓര്‍മ്മയുണ്ട് ഹാന്‍സ് ഇതൊരു കച്ചവടതന്ത്രമാണ്.''
ഹാന്‍സും ഞാനും ആറ് ആഴ്ച ഡേറ്റ് ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. എന്റെ മമ്മാ സ്തബ്ധയായി. പക്ഷെ സിഗ്മണ്ടിന് വലിയ സന്തോഷമായിരുന്നു. എനിക്കു തോന്നുന്നത്, എന്റെ മമ്മായെ വിവാഹം കഴിക്കുക എന്ന സിഗ്മണ്ടിന്റെ ആഗ്രഹം ഉടനേ നിറവേറുമെന്ന് അയാള്‍ക്ക് തോന്നിക്കാണും എന്നാണ്.
ഡോക്ടര്‍ എറ്റിംഗര്‍ എന്റെ വിവാഹത്തെ അനുകൂലിച്ചില്ല. അവരുടെ ഏറ്റവും മികച്ച ടെക്‌നീഷന്മാരെ വിവാഹത്തോടെ അവര്‍ക്ക് നഷ്ടമായത്രേ. അതൊരു അര്‍ത്ഥസത്യമായിരുന്നു. എന്റെ കാര്യത്തില്‍ ഞാന്‍ ഗ്രാഡ്വേറ്റ് ചെയ്യുന്നതിനു ഒരു മാസം മുന്‍പു തന്നെ എന്നെ ജോലിക്ക് 'Full Pledged Technician' ആയി അവര്‍ സ്വീകരിച്ചു. ഡോക്ടര്‍ എറ്റിംഗര്‍ എന്നെ ജോലിക്ക് എടുത്തത് ഒരു വലിയ പദവിയായി ഞാന്‍ കണ്ടു. ഗ്രാഡ്വേഷനു മുന്‍പു തന്നെ എന്നെ 'പേ റോളില്‍' ചേര്‍ക്കുകയും ചെയ്തു.
മൂന്നരവര്‍ഷം ഞാന്‍ ഡോക്ടര്‍ എറ്റിംഗറോടൊപ്പം ജോലി ചെയ്തു. 1993ല്‍ അവര്‍ മരിക്കുന്നതുവരെ ഞാന്‍ അവരുമായി ബന്ധപ്പെട്ടിരുന്നു. 1982-ല്‍ ഒരു റേഡിയോളൊജിസ്റ്റിനു ലഭിക്കാവുന്ന ശ്രേഷ്ഠപദവി, സ്വര്‍ണ്ണമെഡല്‍, റേഡിയോളൊജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഡോക്ടര്‍ എറ്റിംഗറിനു ലഭിച്ചു. ഇതിനു മുന്‍പ് ഈ അവാര്‍ഡ് ലഭിച്ച ഒരേ ഒരു വനിത മേരി ക്യൂറിയായിരുന്നു എന്ന് പലരും പറഞ്ഞുകേട്ടു. ഞാന്‍ ഡോക്ടര്‍ എറ്റിംഗറെ എന്നും ഓര്‍ക്കും. നന്ദിയോടും ആരാധനയോടും.
1948 സെപ്റ്റംബര്‍ 24ന് ഞാനും ഹാന്‍സും വിവാഹിതരായി ബ്രൂക്ക്‌ലിനിലെ മിസ്റ്റര്‍ ഷിന്നേഴ്‌സ് (Shinners) വിവാഹം നടത്തി ഫിലിപ്പ് മെന്‍ഡലും ഹാന്‍സിന്റെ കസിന്‍ എര്‍ണ്ണായുടെ ഭര്‍ത്താവും സാക്ഷിത്വം വഹിച്ചു.
ഒരാഴ്ച കഴിഞ്ഞ് എന്റെ മമ്മായും സിഗ്മണ്ടും വിവാഹിതരായി.
കുറച്ചുകാലം കഴിഞ്ഞ് ഞാന്‍ എന്റെ കഥ തുടര്‍ന്നെഴുതുമായിരിക്കും. യൂറോപ്പിലെ എന്റെ ജീവിതത്തെക്കുറിച്ചുള്ള കഥകളും എന്റെ പുതിയ രാജ്യത്തെ പുതിയ കഥകളും ഞാന്‍ തല്‍ക്കാലം നിര്‍ത്തുകയാണ്. കുടിയേറ്റക്കാരെ സ്വീകരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ഈ മഹാരാജ്യം. വിദേശത്തു ജനിച്ച ഒരാള്‍ക്ക് അമേരിക്കന്‍ സമൂഹത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍ സാധ്യമാക്കുന്ന രാജ്യം. പുതുതായി അമേരിക്കയില്‍ വന്ന ഒരു വിദേശിക്ക് സ്വപ്നം കാണാന്‍, ഒരു ഭാവി പടുത്തുയര്‍ത്താന്‍, എനിക്കു മുന്‍പ് വന്ന ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് സാധിച്ചതുപോലെ കാലുറപ്പിച്ചു ജീവിക്കാന്‍ എനിക്കും സാധിച്ചു. എന്റെ പൂര്‍വ്വികര്‍ക്ക് ലഭിച്ചതുപോലെ ഒരു നിറജീവിതം എനിക്കു തന്ന ഈ അമേരിക്കയോട് എനിക്കും എന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ഉള്ള കടപ്പാട് വാക്കുകളില്‍ ഒതുങ്ങുന്നതല്ല. എങ്കിലും എന്റെ കുടുംബത്തെ 1938-ല്‍ ഈ രാജ്യത്തേക്ക് വരാന്‍ അനുവദിച്ചെങ്കില്‍ എത്ര നന്നായിരുന്നു എന്നാലോചിക്കുമ്പോള്‍ മനസ്സ് വിങ്ങിപ്പൊട്ടുന്നു.
മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ - എന്റെ പപ്പായുടെയും സഹോദരന്റെയും ഓര്‍മ്മകള്‍, എന്റെ ഒരുപാടൊരുപാട് കൂട്ടുകാരെയും സ്വന്തക്കാരെയും കുറിച്ചുള്ള ഓര്‍മ്മകള്‍, കൊലപാതകങ്ങളുടെയും ഭീകരവാഴ്ചയുടെയും ഓര്‍മ്മകള്‍, നഷ്ടപ്പെട്ട വേരുകളും, വീടും, രാജ്യവും ഒക്കെ ഓര്‍ക്കുമ്പോള്‍ - സ്വാതന്ത്ര്യം എന്നാല്‍ എന്തെന്ന് ഞാന്‍ പഠിച്ചത് ഇവിടെ നിന്നാണെന്ന സത്യം എനിക്ക് മനസ്സിലാക്കിത്തന്നു ഈ രാജ്യം. എനിക്ക് മറ്റനേകരേക്കാള്‍ അധികം, സ്വാതന്ത്ര്യം എന്ന വാക്കിനര്‍ത്ഥം എന്തെന്നു മനസ്സിലാക്കാന്‍, അനുഭവിച്ചറിയാന്‍ സാധിച്ചത് ഇവിടെ വന്നശേഷമാണ്. അഭിപ്രായ സ്വാതന്ത്ര്യം, ദൈവത്തെ ആരാധിക്കാനോ, ആരാധിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇവയൊക്കെ നഷ്ടപ്പെട്ടിരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഈ രാജ്യം നല്‍കുന്ന സ്വാതന്ത്ര്യം അമൂല്യമാണ്. നിധി പോലെ കാത്തു സൂക്ഷിക്കേണ്ടത്. ഞങ്ങള്‍ അതൊരിക്കലും 'ഞങ്ങള്‍ക്കവകാശപ്പെട്ടത്' എന്ന് അഹങ്കരിക്കയില്ല. ഒരിക്കലും അത് 'Take it for granted' ആക്കുകയുമില്ല.
(അവസാനിച്ചു)
Read More: https://emalayalee.com/writer/24