Image

കറുപ്പും വെളുപ്പും (ദേവു ഉമ പട്ടേരി)

Published on 14 October, 2024
കറുപ്പും വെളുപ്പും (ദേവു ഉമ പട്ടേരി)

വർഗ്ഗീയതയല്ല...
മതരാഷ്ട്രീയവുമല്ല...
കറുത്തവരും വെളുത്തവരും തമ്മിലുള്ള
പോരാട്ടാവുമല്ല...
സ്വപ്‌നങ്ങൾ കരിഞ്ഞു പോയൊരുവളുടെ
ജീവിതത്തിന്റെ
ഒരേടുമാത്രം...
അയാൾ കറുത്തിട്ടാണ്..
അവൾ വെളുത്തിട്ടും..
കറുത്തവന് വെളുത്തവൾ ചേരില്ല...
അയാളുടെ മനസ്സു കലഹിച്ചുകൊണ്ടിരുന്നു...
വെളുത്തവൾക്കെന്തേ
കറുത്തവനെ സ്നേഹിക്കാനാവില്ലേ...
ആവുമെന്ന് സ്വയം  വിശ്വസിപ്പിക്കുമ്പോഴും
അയാളുടെ ബാലിശ ചിന്തകൾ
കടിഞ്ഞാണില്ലാതെ കുതിക്കുകയായിരുന്നു..
അല്ല... അവൾ സുന്ദരിയുമാണ്‌...
അവൾ കേൾക്കെ
പലരും അയാളോട് പറഞ്ഞിട്ടുണ്ട്...
അന്നുമുതൽ ഉള്ളിലൊരു
നേരിപ്പോടെരിയുന്നുണ്ട്.
വഴിപോക്കനാണ്
പരിചയക്കാരനുമാണ്...
എങ്കിലും  അവളെ നോക്കി
അവൻ  ചിരിച്ചതെന്തിനാണ്...
അവളും ചിരിച്ചല്ലോ...
നിദ്രയനുഗ്രഹിക്കാത്ത രാവിനെ
പഴിച്ചു കൊണ്ടയാൾ
നേരം വെളുപ്പിച്ചു...
ആശങ്കയാൽ,
പ്രഭാതത്തിലും മനസ്സിലിരുട്ട് നിറച്ചയാൾ
വഴിയരികിലേക്ക് നോക്കിയിരുന്നു...
ഇന്നവൻ ആ വഴി വന്നില്ല..
അയൽവാസിയൊരുത്തൻ
ഓടിട്ട മച്ചിൻപുറത്ത്
മെയ്യഭ്യാസം...
ദേഹം പുഷ്ഠിപ്പെടുത്തുന്നവൻ ...
മനസ്സു വിലക്കിയിട്ടും
മിഴികൾ പാഞ്ഞതങ്ങോട്ട് ...
മുറ്റമടിക്കാനായി ചൂലുമായവൾ.,
അകത്തോട്ടു വെച്ച കാല് വീണ്ടും പുറത്തോട്ടു തന്നെ...
പുറം തിരിഞ്ഞു പോകുന്നതെങ്ങിനെ...
അങ്ങോട്ടുമിങ്ങോട്ടും
മിഴികൾ പായിച്ചു അയാൾ...
ചിരിക്കുന്നുണ്ടോ...
കണ്ണുകൾ കഥ പറയുന്നുണ്ടോ..
സ്വസ്ഥത അയാളെ വിട്ടകന്നു...
ചിന്നൂട്ടി,  
ഓമനയായ വളർത്തു പൂച്ച...
കാലുകൾക്കിടയിലൂടെ വട്ടം ചുറ്റി പുറത്തേക്കൊരോട്ടം..
മീൻകാരൻ.!
പെങ്ങളൂട്ടി...
അയല, മത്തി, ചെമ്മീൻ..
മീൻ വേണ്ടേ...
പെങ്ങളൂട്ടി പോലും
കാ.... തുഫ്...
ഇവന്റമ്മ പെറ്റതാണോ അവളെ...
വിശ്വസിക്കരുത്...
ഒരുത്തനെയും വിശ്വസിക്കരുത്...
മിതമദ്യപാനി അമിതമദ്യപാനിയാവാൻ
ഇടവേളകളേറെ വേണ്ടി വന്നില്ല...
മദ്യം അയാളിലെ ചെകുത്താനെയുണർത്തി...
പതിയെ പാതിയായി കണ്ടിരുന്നവളെ
പരസ്യമായി അവഹേളിച്ചു അയാൾ ...
പതിവ്രതയായിരുന്നവൾ...
ചാരിത്ര്യ ശുദ്ധിയിൽ
മായം ചേർത്തപ്പോൾ
പകച്ചു പോയി..
ചുണ്ടുകൾ വിതുമ്പി,
കണ്ണുകൾ  നിറഞ്ഞൊഴുകി,
എങ്കിലും അർത്തലച്ചു കരഞ്ഞില്ല...
ഭൂമി രണ്ടായി പിളർന്നെങ്കിൽ..
സീതാ ദേവിയെ പോലെ അവളും...
പാടില്ല...
രണ്ടു പിഞ്ചു ബാല്യങ്ങൾ,
ഇടവും വലവും ...
ക്ഷമ, സഹനം...
അന്തരാത്മാവിൽ ആരോ മന്ത്രിക്കുന്നു...
അന്നു മുതൽ ജീവിതം
യാന്ത്രികമാണവൾക്ക്...
അയാളുടെ ലോകം
സ്വപ്നലോകമോ...
സ്വർഗ്ഗരാജ്യമോ...
അറിയില്ല...
ഒന്നുമാത്രമറിയാം...
അയാളും അവളും ജീവിക്കുന്നു.,  
ഇന്നും...!
ഒരേ കുടക്കീഴിൽ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക