Image

ദേശീയ ബാലാവകാശ കമ്മീഷൻ്റെ റിപ്പോർട്ട് അപകടകരം ; ന്യൂനപക്ഷത്തിന്റെ മേലുള്ള വിദ്വേഷത്തിൻ്റെയും അപരവത്കരണത്തിൻ്റെയും പരമ്പരയിലെ പുതിയ അധ്യായമെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീർ

Published on 14 October, 2024
ദേശീയ ബാലാവകാശ കമ്മീഷൻ്റെ റിപ്പോർട്ട് അപകടകരം ; ന്യൂനപക്ഷത്തിന്റെ മേലുള്ള വിദ്വേഷത്തിൻ്റെയും അപരവത്കരണത്തിൻ്റെയും പരമ്പരയിലെ പുതിയ അധ്യായമെന്ന് എം.പി ഇ.ടി മുഹമ്മദ് ബഷീർ

ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ അപരവത്കരിക്കാനുള്ള ബിജെപി സർക്കാറിൻ്റെ നീക്കങ്ങളുടെ പുതിയ പതിപ്പാണ് മദ്രസകൾക്കെതിരെയുള്ള നീക്കമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. ദേശീയ ബാലാവകാശ കമ്മീഷൻ്റെതായി പുറത്ത് വന്ന റിപ്പോർട്ട് വിദ്വേഷത്തിൻ്റെയും അപരവത്കരണത്തിൻ്റെയും പരമ്പരയിലെ പുതിയ അധ്യായമാണ്. ഈ റിപ്പോർട്ട് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മദ്രസ ബോർഡുകൾ പോലും പിരിച്ച് വിടണമെന്ന പ്രസ്താവന ഉന്നം വയ്ക്കുന്നത് എന്താണെന്ന കാര്യം വ്യക്തമാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മദ്രസകളെ താറടിക്കുകയാണ്.

സച്ചാർ കമ്മിറ്റി ചൂണ്ടിക്കാണിച്ച പിന്നോക്ക വിഭാഗങ്ങളിലെ ഏറ്റവും താഴെക്കിടയിൽ നിൽക്കുന്ന മുസ്ലിംകൾക്ക് നൽകിയിരുന്ന അർഹതപ്പെട്ട അവകാശങ്ങളെ ഹനിയ്ക്കാനാണ് ദുരുദ്ദേശ്യപരമായ ഈ റിപ്പോർട്ട് ലക്ഷ്യം വയ്ക്കുന്നത്. പൊതു വിഷയങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നതിന് മാത്രമാണ് കേന്ദ്ര സർക്കാർ സഹായം അനുവദിച്ചിരുന്നത്. സ്ഥലം, കെട്ടിടം, സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ചെലവുകളും ബന്ധപ്പെട്ട വിഭാഗം സ്വയം ഒരുക്കിയാണ് മദ്രസകൾ പ്രവർത്തിപ്പിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന മുസ്ലിം വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കുവാനാണ് സർക്കാർ മദ്രസ സഹായ പദ്ധതി ആവിഷ്കരിച്ചിരുന്നത്.

ഏരിയ ഇൻ്റൻസീവ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചത് ഇതേ ലക്ഷ്യത്തിലായിരുന്നു. സാമൂഹിക നീതി വകുപ്പ്, ന്യൂനപക്ഷ മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിൽ വരുത്തിയിരുന്ന പദ്ധതികൾ എല്ലാം ഒന്നൊന്നായി പിൻവലിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നത്.

മദ്രസ പഠനത്തിൽ ഏർപ്പെടുന്ന വിദ്യാർഥികൾ നിർബന്ധിത സൗജന്യ വിദ്യാഭ്യാസത്തിൻ്റെ പരിധിയിൽ നിന്ന് മാറുന്നുവെന്ന കമ്മിഷൻ ചെയർമാൻ്റെ കണ്ടെത്തൽ അറിവില്ലായ്മയാണ്. നിർബന്ധിത സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നേടുന്നവർ തന്നെയാണ് രാജ്യത്തെ എല്ലാ വിഭാഗം കുട്ടികളും. അതേ സമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നതിൽ പിറകിൽ നിൽക്കുന്നുണ്ട്. ഇതിൽ ഏറ്റവും പിറകിൽ മുസ് ലിംകളാണെന്നും ഓർമിക്കണം. മദ്രസകളിൽ പഠിക്കുന്നതോടൊപ്പം സ്കൂളുകളിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസവും, മദ്രസകളിൽ അധിക വിഷയങ്ങളുടെ പഠനവും ലഭ്യമാക്കാൻ അവസരം വേണം. കണക്ക്, സയൻസ്, സാമൂഹിക ശാസ്ത്രം, ഭാഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവബോധം മദ്രസകളിൽ നിന്ന് കൂടി ലഭിക്കുന്നത് ഗുണകരമാവും. ഈ ലക്ഷ്യങ്ങളെ അട്ടിമറിക്കാനുള്ള സർക്കാറിൻ്റെ പുതിയ നീക്കം ഏത് വിധേനയും ചെറുക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കപ്പെട്ട അധികാര അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക