Image

വേരുകള്‍ തേടി (ഇമലയാളി കഥാമത്സരം 2024: സന്തോഷ് രാഘവന്‍)

Published on 14 October, 2024
വേരുകള്‍ തേടി (ഇമലയാളി കഥാമത്സരം 2024: സന്തോഷ് രാഘവന്‍)

നേരം സായംസന്ധ്യകഴിഞ്ഞിരിക്കുന്നു..പകലോന്‍ പ്രകാശവര്‍ഷം ചൊരിഞ്ഞ് പറിഞ്ഞാറന്‍ചക്രവാളത്തിലേക്ക് മറഞ്ഞനേരം,..ഭൂമി ഇളം നിലാവിനായുള്ള കാത്തിരിപ്പ്..
ഇരിട്ടുവ്യാപിച്ച ചുറ്റിലും മിന്നാമിനുങ്ങുകള്‍ പറന്നുരസിക്കുന്നു...
ഇളം മന്ദമാരുതനാല്‍ കുഞ്ഞിലകളുടെ മര്‍മ്മരം ഒഴിച്ചാല്‍ പ്രകൃതി ശാന്തം..
ഇന്നത്തെ നിശക്കെന്തോ ഒരു കനംപോലെ ആദിത്യന് നോന്നി.നല്ല ക്ഷീണം ഒന്ന്
മയങ്ങണമെന്നുണ്ട്..പക്ഷേ..! ചിന്തകൾക്ക് വല്ലാത്ത ഭാരം.. അവ നിദ്രയെപോലും ആട്ടിയകറ്റുകയാണ്.. 
എവിടെനിന്ന് തുടങ്ങണം ഒരു ധാരണയും ഇല്ല. 
നീണ്ട യാത്രയുടെ ക്ഷീണം മറുവശത്ത്.. 
ആദിത്യൻ താഴെ റിസപ്ഷനിലേക്ക് വിളിച്ച് ആഹാരത്തിന് ഓർഡർ നൽകി.. 
ഷവറിന് കീഴിലെ തണുത്ത വെള്ളത്തിനടിയിൽ നിൽക്കുമ്പോൾ ഒരു സുഖം തോന്നി.. ഇതിന് പക്ഷേ ശരീരത്തിനെ മാത്രമേ തണുപ്പിക്കാനാകു…
ചുട്ടു പൊള്ളുന്ന മനസ്സിനെ തണുപ്പിക്കാനാകുമോ..? എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല..

ഡോർബെല്ലിന്റെ മുഴക്കമാണ് ചിന്തകളുടെ മാറാല പൊട്ടിച്ചെറിഞ്ഞത്.. 
വേഗം തല തുവർത്തിവന്ന് കതക് തുറന്നു. 
റൂംബോയ് ആണ്.. ''ഭക്ഷണവും വെള്ളവും മേശപ്പുറത്ത് വയ്ക്കട്ടെ സര്‍ ''
എന്നുപറഞ്ഞ് ആ പയ്യനിറങ്ങിയപ്പോള്‍.,
ഡോറടച്ച് ആഹാരം കഴിക്കാനിരുന്നു. എങ്ങനെയെങ്കിലും വിശപ്പിന് വേണ്ടി അല്‍പം കഴിച്ചെന്നുവരുത്തി ആദിത്യന്‍ കട്ടിലിലേക്ക് വീണു.
പക്ഷേ ഉറങ്ങാന്‍ കഴിഞ്ഞില്ല..
ചിന്തകള്‍ അവനെ വേട്ടയാടി,
പിന്നിലേക്ക് നയിച്ചു.........

നിലയ്ക്കാത്ത ഫോണിന്റെ ശബ്ദം അവനെ അസ്വസ്ഥനാക്കി...ഓഫുചെയ്യാനായി നോക്കുമ്പോഴാണ് മറുതലയ്ക്കല്‍ അമ്മ.
“മോനേ..ആദി ഒന്നോടി വരൂ..
അച്ഛന് എന്തോ വയ്യാഴിക.. “
അമ്മയുടെ ആ വിളികേട്ട്
ആദിത്യൻ വേഗം ഫോണ്‍ ഓഫ് ചെയ്ത് വണ്ടിയുമെടുത്ത് വീട്ടിലേക്ക് പാഞ്ഞു.
“അച്ഛാ..എന്താ പറ്റിയേ..”
“ഒന്നൂല്ലെടാ മോനേ.. ചെറിയൊരു നെഞ്ചുവേദന.. ഗ്യാസിന്റെ ശല്യം ആകും..
നിന്നെ വിളിക്കണ്ട എന്ന് അവളോട് പറഞ്ഞിട്ട് കേട്ടില്ല..
മോനേക്കൂടി വെറുതെ വിഷമിപ്പിക്കാൻ..” രാജശേഖരൻ നെഞ്ചു തടവിക്കൊണ്ട് പറഞ്ഞു..
“എന്തായാലും നമുക്കു ആശുപത്രിയിൽ ഒന്ന് പോകാമച്ഛാ.. വരൂ '' ആദിത്യന്‍ പറഞ്ഞു...
ആ വാഹനം അതിവേഗം പുറത്തേക്ക് പാഞ്ഞുപോയി....

ഹോസ്പിറ്റലിലേക്ക് ഇരമ്പി പാഞ്ഞെത്തിയ ആ കാറിൽ നിന്നും.,രാജശേഖരനെ ഐസിയൂവിലേക്ക് കയറ്റി.. കുറച്ചു കഴിഞ്ഞ് ഡോക്ടർ പുറത്തേക്കിറങ്ങി വന്നു.. 
“ഡോക്ടർ അച്ഛന് എങ്ങനുണ്ട് പറയൂ...” ആദിയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
''പേടിക്കാനില്ല.. മേജർ അറ്റാക്ക് ആയിരുന്നു.. 
തക്കസമയത്ത് എത്തിച്ചത് കാര്യമായി. രണ്ട് ദിവസം ഒബ്സർവേഷനിൽ കിടക്കട്ടെ..” ഡോക്ടറുടെ ആ വാക്കുകള്‍ അവനല്പം സമാധാനം നല്‍കി...
ആദിത്യന്‍ ഒരു നെടുവീര്‍പ്പോടെ അടുത്തുകിടന്ന കസേരയിലേക്കിരുന്നു.
കൂടെ അമ്മയും..
അമ്മയുടെ കരംകവര്‍ന്നിരിക്കുംമ്പോഴും അവന്‍ ഓര്‍ക്കുകയായിരുന്നു.

അച്ഛൻ ലീവിൽ നാട്ടിലെത്തിയതായിരുന്നു.. നീണ്ട നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനി അമ്മയ്ക്കും തനിക്കുമൊപ്പം എന്നതായിരുന്നു ഇത്തവണ എത്തുന്നതിനു മുന്നെ അച്ഛന്‍ പറഞ്ഞിരുന്നത്. പക്ഷേ നല്ലവനായ ആ മനുഷ്യന്റെ സേവനം കമ്പനിക്കാവശ്യമായതിനാല്‍,
പിരിഞ്ഞുപോകാന്‍ അനുവധിക്കാതെ
കുറച്ചുനാളത്തേ ലീവ് നല്‍കി വിടുകയാണ് ഉണ്ടായത്...
അതേറെ സന്തോഷം തന്നെയായിരുന്നു ഞങ്ങള്‍ക്കും......പക്ഷേ....!
ആദി പെട്ടന്ന് അമ്മയെ നോക്കി...

''അമ്മേ ഞാൻ വീട്ടിൽ പോയി അത്യാവശ്യം സാധനങ്ങൾ എടുത്തിട്ടു വരാം.. 
അമ്മ റൂമിൽ പോയിരുന്നോളൂ..
ഞാൻ നഴ്സിനോട് പറഞ്ഞിട്ടു പോകാം..”
അമ്മയെ റൂമിലാക്കി വേഗം വീട്ടിലേക്ക് തിരിച്ചു വണ്ടിയോടിക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരയാതെ ഇത്ര നേരം പിടിച്ചു നിന്നു. പാവം ചിരിച്ച മുഖത്തോടല്ലാതെ ഇന്നു വരെ കണ്ടിട്ടില്ല. അച്ഛൻ തനിക്ക് എല്ലാമായിരുന്നു. കളിക്കൂട്ടുകാരെ പോലെ എന്തും പറയാനുള്ള സ്വാതന്ത്ര്യം തനിക്ക് അച്ഛനോടുണ്ടായിരുന്നു. ഇന്ന് വരെ ഒരസുഖം വന്ന് കണ്ടിട്ടില്ല.
ആ ആളാണിപ്പോൾ..
ആദിയുടെ ചിന്തകള്‍ അവനെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു.

വണ്ടി പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത് അവന്‍ വേഗം വീട്ടിലേക്ക് ഓടിക്കയറി...
അലമാര തുറന്ന് അച്ഛന്റെ വസ്ത്രങ്ങൾ എടുക്കുമ്പോഴായിരുന്നു ഒരു ഡയറി കണ്ണിൽ പെട്ടത്. അച്ഛന്റെ ഡയറി.
മുൻപൊരിക്കൽ താനീ റൂമിലേക്ക് എത്തിയപ്പോൾ അച്ഛൻ അതിലെന്തോ കുത്തിക്കുറിക്കുകയായിരുന്നു. തന്നെ കണ്ടപ്പോൾ വേഗം അതെടുത്തു ഒളിച്ചു വയ്ക്കുന്നതും ശ്രദ്ധിച്ചു. ഇപ്പോൾ അത് കണ്ടപ്പോൾ ഒരാകാംക്ഷ.. ആദിത്യൻ അതിലെ താളുകൾ മറിച്ചു.

' അമ്മയെ പെണ്ണു കാണാൻ ചെന്നതും ഒളികണ്ണാല്‍ നോക്കിയതും അതുകണ്ട് അമ്മ പുഞ്ചിരിതൂകിയതും എല്ലാം മനോഹരമായി എഴുതിയിരിക്കുന്നു.. '

ഓരോ താളുകളും അവന് മുന്നിലേക്ക് ഒരു ചിത്രം പോലെ തെളിയുന്നുണ്ടായിരുന്നു. അവന്റെ മിഴികള്‍ അക്ഷരങ്ങളിലൂടെ പാഞ്ഞു....

' ഞങ്ങൾക്ക് ഇനി കുഞ്ഞുണ്ടാകില്ല എന്നറിഞ്ഞപ്പോൾ ദേവകി പൊട്ടിക്കരഞ്ഞു.. അവളെ ഞാനെന്റെ മാറിലേക്ക് ചേർത്ത് നിർത്തി,
ആ കണ്ണുകൾ തുടച്ചു..'

“ദേവകീ നീയെന്തിനാണ് വിഷമിക്കുന്നത്.. നമുക്ക് വേറെ ഏതെങ്കിലും ഡോക്ടറെ കാണാം.. നമുക്ക് ഒരു കുഞ്ഞുണ്ടാകില്ല എന്ന അവരുടെ നിഗമനം തെറ്റാണെങ്കിലോ”

“ഇനിയും എന്തിനാണ് ഏട്ടാ.. നമുക്ക് അതിനുള്ള വിധിയില്ല…ഏട്ടൻ എന്നെ ബന്ധം ഒഴിഞ്ഞു വേറെ വിവാഹം കഴിച്ചോളൂ..എനിക്ക് സമ്മതമാണ്.. ഒരു തേങ്ങലോടെ അവളെന്റെ മാറിലേക്ക് ചാഞ്ഞു…”

'അവർക്ക് കുട്ടികളുണ്ടാകില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ…?

ആദിയുടെ കണ്ണുകളില്‍ ഇരുട്ടുകയറി.കൈകാലുകള്‍ വിറച്ചു. 
ദൈവമേ ഞാനഥനാണോ.?അച്ഛനോടൊപ്പം എന്നെയും വിടാമായിരുന്നില്ലെ..? എന്തിനിത്രകാലം ഞാന്‍......
അവന്റെ മനസ്സില്‍ ഒരു കടലിരമ്പി.
അല്ല ഞാനനാഥനല്ല.എന്റെ അച്ചന്‍,അമ്മ,അവരുടെ സ്നേഹം......ഞാനെന്തതാണീ കേള്‍ക്കുന്നത്...... സംശയങ്ങൾ അവനെ മറ്റ് പേജുകളിലേക്ക് കൊണ്ടു പോയി..അവന്‍ വായിക്കാന്‍ തുടങ്ങി..

' അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു.. ഞാൻ ജോലികഴിഞ്ഞ് മടങ്ങുന്ന വഴി ഒരു ബൈക്ക് ആക്സിഡന്റായി കിടക്കുന്നത് കണ്ടു. 
വേഗം കാർ വഴിയരികിലേക്ക് ഒതുക്കി. വെളുത്ത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരൻ…തലയിടിച്ചു വീണിട്ട് അവിടമാകെ രക്തം തളം കെട്ടി കിടക്കുന്നു. പൾസ് നോക്കി..ഭാഗ്യം മരിച്ചിട്ടില്ല. അപ്പോഴേക്കും മറ്റൊരു വഴിയാത്രക്കാരൻ കൂടി എത്തി. 
അയാളുടെ സഹായത്തോടെ ആ യുവാവിനെ കാറിലേക്ക് എടുത്തപ്പോൾ., അർദ്ധ ബോധാവസ്ഥയിലും അയാൾ കൈചൂണ്ടി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ചെന്നു നോക്കി..
ഒരു പെൺകുട്ടി നിറവയറുമായി റോഡരികിൽ .....ഈശ്വരാ....!സാരമായ പരിക്കുകളില്ലെങ്കിലും അവള്‍ പൂര്‍ണ്ണഗര്‍ഭിണിയാണ്..വേഗം അവളേ വണ്ടിയിലേക്ക് എടുത്തു.. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആ യുവാവ് മരിച്ചിരുന്നു.. 
ആ പെൺകുട്ടിയെ ലേബർ റൂമിലേക്ക് കയറ്റി.. വേഗം ദേവകിയെ വിളിച്ചു വിവരം പറഞ്ഞുവരുമ്പോഴേക്കും.,
അവൾ പ്രസവിച്ചുകഴിഞ്ഞുരുന്നു.... നല്ല ഓമനത്തമുള്ള ഒരു ആൺകുഞ്ഞ്.. ആരും സഹായത്തിനില്ലാത്തതിനാൽ ദേവകിയെ കൂട്ടിക്കൊണ്ടു വന്നു.. ആ കുഞ്ഞിനെ കൈകളിലേക്ക് നൽകിയപ്പോൾ ആ അമ്മയുടെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു.. '

താളുകൾ വീണ്ടും മറിയപ്പെട്ടു..

' ഇന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ മാലതിയെ കാണുന്നില്ലായിരുന്നു. കുഞ്ഞ് തൊട്ടിലിൽ ഉറങ്ങുന്നുണ്ട്..
പിന്നെ ഇവൾ എവിടെപ്പോയി.. കവലയിലെല്ലാം പോയി അന്വേഷിച്ചു . ആരും കണ്ടിട്ടില്ല.. കുഞ്ഞിനെ ദേവകി എടുത്തപ്പോൾ.. അതിനടിയിലായി ഒരു കത്ത്…
ഈ കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കുന്നു.. 
ആരും തുണയില്ലാത്ത ഈ പെണ്ണിനോട് ക്ഷമിക്കുക.. ഞാൻ ഒറ്റയ്ക്ക് എങ്ങനെ അവനെ വളർത്തിയെടുക്കും. തെരുവിലലയാൻ എന്റെ മകനെ വിടാൻ വയ്യ.. 
ഞങ്ങള്‍ മരിച്ചാലും ഞങ്ങളെ ആരും തിരിഞ്ഞുനോക്കാനില്ല. കാരണം എനിക്ക് അമ്മയും അദ്ദേഹത്തിന് അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല.ആകെയുള്ള സ്വത്ത് മുഴുവന്‍ വിറ്റിട്ടാണ് പട്ടണത്തിലേക്ക് താമസം മാറിയത്.ലോണും മറ്റുകടബാധ്യതകളും വേറെ.. ബന്ധുക്കളെന്നുപറയാന്‍ ഇനിയാരുമില്ല.
ഉണ്ടെങ്കില്‍ തന്നെ ഈ ബാധ്യതയും കുഞ്ഞിനേയും ആരേറ്റെടുക്കാന്‍.നല്ലവരായനിങ്ങളെ എന്റെ കുഞ്ഞിനെ ഏല്‍പ്പിച്ച് ഞാന്‍ പോകുന്നു ക്ഷമിക്കുക.
എന്നെ അന്വേഷിക്കണ്ട..
സ്നേഹത്തോടെ..മാലിനി...''

അപ്പോൾ ആ കുട്ടി..അത് താനാണോ..?

ആദിത്യൻ.. ഓരോ പേജും മറിച്ചു.. അതെ അത് ഞാൻ തന്നെ..എല്ലാം വായിച്ചു തീർതന്നപ്പോഴേക്കും,
ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ അമ്മയെ ഒന്ന് കാണാൻ ആദിക്ക് വലിയ ആഗ്രഹം തോന്നി..

ആ ഡയറിത്താളിലെ 
ഓരോ അക്ഷരങ്ങളും ആദിക്ക് വല്ലാത്ത സങ്കടമായി മാറി...
തന്റെ വേരുകൾ തേടിയുള്ള ആ യാത്രയാണ് ഇന്നിവിടെ ഈ ലോഡ്ജ് മുറിയില്‍ എത്തിച്ചത്…
എവിടുന്ന് തുടങ്ങണം എന്നറിയില്ല.. അമ്മയുടേതെന്ന് കരുതുന്ന ആ കത്തുമാത്രമാണ് കൈവശമുള്ളത്..
പിന്നെ അപകടം പറ്റിയപ്പോള്‍ തറയില്‍ വീണുടഞ്ഞ മൊബൈലിലെ വാള്‍പേപ്പറിലെ ഒരു ചിത്രം.അതും അവ്യക്തം... തിരുവനന്തപുരം ആണ് സ്വദേശമെന്ന ഒരുസംശയത്തിലാണ് ഞാനിവിടെ എത്തിയത്.. പക്ഷേ എങ്ങനെ കണ്ടുപിടിക്കും ഞാൻ......?
കാലം തീർത്ത വിടവുകൾ.
അത് എങ്ങനെ നികത്താൻ.. ആദിത്യൻ തന്റെ സുഹൃത്തായ ഹേമന്തിനെ വിളിച്ചു.. 
അവൻ മലയാള മനോരമ പത്രത്തിന്റെ ലേഖകനാണ്. അവനോട് കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.. 
പത്രത്തിലൊരു പരസ്യം നൽകാം എന്ന നിർദ്ദേശം അവനാണ് പറഞ്ഞത്.. 
പക്ഷേ എങ്ങനെ

'' ചിത്രം അവ്യക്തമെങ്കിലും അതുവച്ച് നമുക്കൊന്ന് ശ്രമിച്ചാലോ ''

ഹേമന്തിന്റെ വാക്കിനാല്‍ പരസ്യവും നല്‍കി..
ഇന്നേക്ക് പത്രപരസ്യം നൽകിയിട്ട് അഞ്ച് ദിവസമായി. 
ജോലി സംബന്ധമായ യാത്ര എന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്.. ഒത്തിരിയിടങ്ങളിൽ അന്വേഷിച്ചു.നിരാശ തന്നെ ഫലം.. ഇന്ന് കൂടി നോക്കാം അല്ലെങ്കിൽ മടങ്ങാം..
ഫോണിന്റെ ശബ്ദമാണ് ചിന്തകളിലലയുന്ന മനസ്സിനെ ഉണർത്തിയത്.. ഹേമന്ത്..

“ഹലോ..പറയൂ ഹേമന്ത് എന്തെങ്കിലും വിവരം കിട്ടിയോ..” 
“നീ വേഗം..ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് വരൂ..ഞാനിവിടുണ്ടാകും..”
ഫോന്‍ കട്ടായി.....

ആദിത്യൻ വേഗം അവിടേക്ക് തിരിച്ചു.. അവനവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.
കാൻസർ വാർഡിലെ നീണ്ട വരാന്തയിലൂടെ നടക്കുമ്പോൾ അവന്റെ മനസ്സ് വല്ലാതെ നീറി.
പിഞ്ചുകുട്ടികൾ മുതൽ വയസ്സർ വരെ.. പ്രത്യാശയുടെ നേർത്ത കിരണങ്ങൾക്കായി കാത്തു കിടക്കുന്നവർ.. ആശ നശിച്ചവർ.. വേദന കൊണ്ട് പുളയുന്നവർ..ഹോ..
എന്തൊരു കാഴ്ചയാണിത്..
ബി ബ്ലോക്കിലേക്ക് കയറിയ ഹേമന്ത് ഒരു സ്ത്രീയുടെ അടുത്ത് നിൽക്കുന്നത് കണ്ടു.. അവിടെ..തന്റെ അമ്മ..ഓജസ്സ് നഷ്ടമായ കണ്ണുകളുമായി..മൊട്ടയടിച്ച ശിരസ്സിലെ തുണി വേഗം നന്നായി പിടിച്ചിട്ട് തന്നെത്തന്നെ നോക്കുന്നു..
അടുത്തെത്തി.. ആ കൈകളിൽ മുറുകെ പിടിച്ചു.. ആ കണ്ണുകളിലേക്ക് നോക്കി പതിയെ വിളിച്ചു..

“അമ്മേ.....ഞാന്‍ അമ്മയുടെ മകന്‍ ആദിത്യനാണ്.. “

പെട്ടെന്ന് ആ കണ്ണുകൾ ഒന്നു തിളങ്ങി.. വിശ്വാസം വരാതെ അവനെത്തന്നെ ഉറ്റു നോക്കി.. പൊട്ടിക്കരച്ചിലോടെ അവനെ ആ അമ്മ ചേർത്തണച്ചു.
എന്റെ അമ്മ.
തന്നെ നൊന്തു പ്രസവിച്ച ആ അമ്മയുടെ മാറോട് ചേർന്നപ്പോൾ ഒരു പാൽമണം ഉതിർന്നുവോ.. അവന്റെ മിഴികൾ നിറഞ്ഞൊഴുകി.. അമ്മയുടെ പാദങ്ങളിലേക്ക് അവൻ വീണു .. വികാര നിർഭരമായ ആ കാഴ്ച ഏവരുടേയും കണ്ണുകൾ നനയിച്ചു.. തനിക്കൊപ്പം ചേർത്ത് പിടിച്ച് ആ അമ്മയോടൊപ്പം അവൻ അവിടുന്ന് ഇറങ്ങി. തന്റെ നല്ലതിനായി ത്യാഗം ചെയ്ത ആ അമ്മയെ തന്റെ അച്ഛനും അമ്മയ്ക്കും മുന്നിൽ നിർത്തണം.. ഭാരമൊഴിഞ്ഞ മനസ്സോടെ എന്റെ അച്ഛനൊന് സന്തോഷിക്കട്ടെ.. തന്റെ വേരുകൾ തേടിയുള്ള യാത്ര ഇവിടെ അവസാനിക്കുമ്പോൾ തന്റെ ജന്മം തന്നെ സഫലമാകുകയാണ്..
***********************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക