വയനാട് ലോക്സഭാ മണ്ഡലത്തിലേയ്ക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേയ്ക്കുമുള്ള ഉപതിരഞ്ഞടുപ്പുകള്‍ അധികം താമസിയാതെ നടക്കാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറക്കം കെടുത്തിക്കൊണ്ട് കേസും പൊല്ലാപ്പും. കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സി.എം.ആര്‍.എല്‍) നിന്ന് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ എക്സാലോജിക് 'മാസപ്പടി' വാങ്ങിയെന്ന കേസില്‍ ചെന്നൈയിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) പിണറായിയുടെ മകള്‍ വീമാ വിജയന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നു. അന്വേഷണ ചുമതലയുള്ള എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദാണ് ചെന്നൈയിലെ ഓഫീസിലെത്തിയ വീണയുടെ മൊഴി എടുത്തത്. കേസ് റജിസ്റ്റര്‍ ചെയ്ത് പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തിരിക്കുന്നത്.
വീണയുടെ ഉടമസ്തതയിലുള്ള എക്സാലോജിക്കിന്, കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ ചെയ്യാത്ത സേവനത്തിന് മാസംതോറും തുക നല്‍കിയെന്നാണ് കേസ്. ശശിധരന്‍ കര്‍ത്ത ഡയറക്ടറായ സി.എം.ആര്‍.എല്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് 2017-2020 കാലയളവില്‍ നല്‍കാത്ത സേവനത്തിന് 1.72 കോടി കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തു വന്നതോടെയാണ് സാമ്പത്തിക വിവാദങ്ങളുടെ തുടക്കം.
തുടര്‍ന്ന്, കേന്ദ്ര ഏജന്‍സികളായ എസ്.എഫ്.ഐ.ഒ, ഇ.ഡി എന്നിവ അന്വേഷണമേറ്റെടുക്കുകയായിരുന്നു. ഇക്കൊല്ലം ജനുവരി 31-നാണ് കേന്ദ്ര കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നടപടികള്‍ തുടങ്ങിയത്. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.എഫ്.ഐ.ഒയ്ക്ക് നല്‍കിയ നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് വീണാ വിജയനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്.
ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി എക്സലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം. 2016-17 മുതലാണ് എക്സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐ.ടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സി.എം.ആര്‍.എലിന്റെയും എക്സാലോജിക്കിന്റെയും മുട്ടുന്യായം.
ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എസ്.എഫ്.ഐ.ഒക്ക് കണ്ടെത്താനായത്. കഴിഞ്ഞ മാര്‍ച്ചില്‍ മാസപ്പടി കേസ് ഇ.ഡി ഏറ്റെടുത്തിരുന്നു. കൊച്ചി ഇ.ഡി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ഇ.ഡി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതിരെഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കേസന്വേഷങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് എസ്.എഫ്.ഐ.ഒയുടെയും ഇ.ഡിയുടെയും നീക്കം. പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം പലതും പാതി വഴിയില്‍ നിലച്ചുവെന്ന ആരോപണങ്ങള്‍ക്ക് ബി.ജെ.പി മറുപടി പറയേണ്ട സാഹചര്യത്തിലാണ് കേസന്വേഷണങ്ങള്‍ റോക്കറ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികള്‍ക്ക് ഡെഡ് ലൈന്‍ വച്ചിരിക്കുന്നത്.
വീണയ്ക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ വ്യവസായ വികസന കോര്‍പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഫീസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തിയത്, സി.എം.ആര്‍.എലില്‍, സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് ഉള്ള ഓഹരി പങ്കാളിത്തത്തിന്റെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരാനാണ്. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ചതാണ് എസ്.എഫ്.ഐ.ഒ. ഈ ഏജന്‍സിക്ക് റെയ്ഡിനും അറസ്റ്റിനും അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജന്‍സികളുടെ സഹായവും എസ്.എഫ്.ഐ.ഒക്ക് തേടാവുന്നതാണ്.
എസ്.എഫ്.ഐ.ഒയുടെ സമന്‍സിനെ തുടര്‍ന്ന് എക്സാലോജിക്കിന്റെ സേവനം, സാമ്പത്തിക ഇടപാട് എന്നിവ സംബന്ധിച്ച രേഖകള്‍ വീണ ഹാജരാക്കിയിരുന്നു. പി.സി ജോര്‍ജിന്റെ മകനും ബി.ജെ.പി നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 2024 ജനുവരി 31-ന് എസ്.എഫ്.ഐ.ഒയുടെ അന്വേഷണം ആരംഭിക്കുന്നത്. ഇതിനെതിരെ കെഎ.സ്.ഐ.ഡി.സി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. സി.എം.ആര്‍.എലുമായി എക്സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
അതേസമയം, വീണയെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തുവന്നു. ''ടാര്‍ഗറ്റ് വീണയല്ല, പിണറായി വിജയനാണ്. വലിയ അഴിമതി പുറത്ത് വന്നിട്ടും നിയമസഭയില്‍ പൊറാട്ട് നാടകം നടന്നതല്ലാതെ പ്രത്യേകിച്ച് അന്വേഷണം നടന്നില്ല. പിന്നാലെയാണ് ഞാന്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്...'' ഷോണ്‍ ജോര്‍ജ് വ്യക്തമാക്കുന്നു.
എന്നാല്‍, മാസപ്പടി കേസില്‍ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടിയില്‍ പുതുമയില്ലെന്നാണ് വീണയുടെ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. പാര്‍ട്ടിയുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെതെന്നും താന്‍ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ മറുപടി നല്‍കുന്നതെന്നും റിയാസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് കോളിളക്കമുണ്ടാക്കിയ കേസുകള്‍ നിരവധിയുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടിയുടെ ക്രമക്കേട് സംബന്ധിച്ച കേസിന്റെ നടപടികളെന്തായെണിപ്പോള്‍ ഒരു രൂപവുമില്ല. കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കഷ്ടപ്പെട്ട് തലയൂരി. നയതന്ത്ര ചാനല്‍ വഴിനടന്ന സ്വര്‍ണകള്ളക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും കൂട്ടാളി സ്വപ്ന സുരേഷിനുമപ്പുറത്തേക്ക് പോയില്ല. ഇക്കര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടിട്ടുമില്ല. ഒടുവില്‍ അന്വേഷണം ചീറ്റിപ്പോയി. വടക്കാഞ്ചേരി ലൈഫ് പദ്ധതി കേസിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
നോക്കുകൂലി...
എന്‍.ഐ.എ, ഇ.ഡി തുടങ്ങിയ ഏജന്‍സികളുടെ ആരംഭ ശൂരത്വം സമ്മതിക്കേണ്ടതു തന്നെയാണ്. കട്ടവരെയും അതിന് കൂട്ടുനിന്നവരെയും ഇപ്പൊ അകത്താക്കുമെന്നാഘ്രോശിച്ച് ചാടി വീഴുന്ന ഇവര്‍ വാലും തലയുമില്ലാത്ത കേസന്വേഷണ റിപ്പോര്‍ട്ട് നല്‍കി ഒന്നും തെളിയിക്കാനാവാതെ പത്തിയും മടക്കി ഡല്‍ഹിക്ക് പോകുന്നതാണ് പതിവ് കാഴ്ച. എക്സാലോജിക്കിനെതിരായ ഈ നോക്കുകൂലിക്കേസിന്റെ കാര്യവും തഥൈവ..!