Image

സ്കൂൾ "ഒളിംപിക്സ് "എന്ന പേര് എങ്ങനെ ഉപയോഗിക്കും ? (സനിൽ പി.തോമസ്)

Published on 14 October, 2024
സ്കൂൾ "ഒളിംപിക്സ് "എന്ന പേര് എങ്ങനെ ഉപയോഗിക്കും ? (സനിൽ പി.തോമസ്)

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്കൂൾ കായിക മേള "സ്കൂൾ ഒളിംപിക്സ് " എന്ന പേരിൽ നവംബർ നാലു മുതൽ 11 വരെ എറണാകുളത്ത് നടത്തുമെന്ന് വായിച്ചു. ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് നടത്തുന്നതും വലിയ ഉത്സവമാക്കി മാറ്റുന്നതും നല്ലതാണ്. പക്ഷേ, ഒളിംപിക്സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആർക്കും ഉപയോഗിക്കാനാവില്ല. ഇത്തരം മേളകൾക്ക് ഒളിംപിക്സ് എന്ന വാക്ക് ഉപയോഗിക്കാൻ അവർ അനുമതി നൽകാറില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

The name Olympics is protected by IOC and NOC എന്നാണ് ചട്ടം.ഒളിംപിക് വളയങ്ങൾ, മാസ്കറ്റ്, പിന്നെ ഒളിംപിക്സ്, ഒളിംപിക് ഗെയിംസ് , ഒളിംപിക് ടോർച്ച് എന്നീ വാക്കുകളും ഇൻ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് അനുസരിച്ച് ഐ.ഒ.സിക്കു മാത്രം അവകാശപ്പെട്ടതാണ്. അതിനുള്ള കാരണം ലോക വേദിയിൽ ഒളിംപിക്സിനുള്ള അദരണീയ സ്ഥാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്.(Because of the honoured place on the world stage)

ഒളിംപിക്സ് പ്രസ്ഥാനത്തിൽ മൂന്നു ഘടകങ്ങളേയുള്ളൂ.ഐ.ഒ.സി., എൻ.ഒ.സി., സ്പോർട്സ് ഫെഡറേഷനുകൾ. കേന്ദ്ര സർക്കാരുകൾ പോലും അതിൽ വരുന്നില്ല. സർക്കാരിൻ്റെ ഇടപെടൽ ഒളിംപിക് ചാർട്ടറിൻ്റെ ലംഘനമാണ്.
ഇൻറർനാഷനൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ ഇന്ത്യയിൽ  ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വലിയൊരു പ്രസ്ഥാനം സ്കൂൾ ഓഫ് സ്പോർട്സ് ആൻഡ് സയൻസ് തുടങ്ങിയപ്പോൾ പ്രധാന കെട്ടിടത്തിലും മറ്റും ഒളിംപിക് വളയങ്ങൾ പ്രദർശിപ്പിച്ചതിന് പരസ്യമായി മാപ്പ് എഴുതിക്കൊടുത്ത് നീക്കം ചെയ്യേണ്ടി വന്നു.
മാത്രമല്ല, benefits of certificates will be annulled എന്ന ചട്ടം ഉള്ളതിനാൽ സ്കൂൾ കായികമേളയിലെ വിജയികളുടെ സർട്ടിഫിക്കറ്റുകൾ അസാധുവായെന്നു വരാം.

വിദ്യാഭ്യാസ വകുപ്പിൻ്റെ ആശയത്തെ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. എത്രയും വേഗം പേര് പരിഷ്കരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും. ചിലപ്പോൾ വൻ തുക പിഴയും ചുമത്താം. സൂക്ഷിച്ചാൽ നല്ലത്.
വാൽക്കഷ്ണം: ടോക്കിയോ 2020 നമ്മുടെ ഒരു മന്ത്രിയുടെ ഓഫിസ് 2021 ആക്കി പരിഷ്കരിച്ച് പലർക്കും ആശംസ അയച്ചു. അന്നൊരു ടി വി ചർച്ചയിൽ ഞാനിക്കാരും ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ പരിചയക്കാരിൽ ആരോ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയെന്ന് അറിഞ്ഞു. അദ്ദേഹം സ്പാർട്സ് മാൻ സ്പിരിറ്റോടെ അത് ഉൾക്കൊണ്ടു.ഒളിംപിക്സ് മാറ്റിവച്ചപ്പോൾ ടോക്കിയോ 2020 മാറാതെ സംരക്ഷിച്ച് ആണ് സംഘാടക സമിതി കരാർ എഴുതിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക