ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധങ്ങൾ നാടകീയമായി ഉലഞ്ഞ തിങ്കളാഴ്ച്ച ന്യൂ ഡൽഹി ഓട്ടവയിൽ നിന്നു ഹൈ കമ്മീഷണർ സഞ്ജയ് കുമാർ വർമയെ പിൻവലിച്ചു. ഖാലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വർമയേയും മറ്റു ഉദ്യോഗസ്ഥരെയും ഉൾപെടുത്തുമെന്നു കാനഡ അറിയിച്ചതിനെ തുടർന്നാണിത്. ഇന്ത്യാ വിരുദ്ധ തീവ്രവാദികളെ സംരക്ഷിക്കുന്ന കാനഡയിൽ ഉദ്യോഗസ്ഥർക്കു സുരക്ഷ ലഭിക്കില്ലെന്നു വ്യക്തമായതായി ഇന്ത്യ അറിയിച്ചു.
അതേ സമയം, ഡൽഹിയിലെ കനേഡിയൻ എംബസിയിലെ ഷാറെ ദഫാരെ സ്‌റ്റുവർട് വീലറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. കാനഡയുടെ ആരോപണം അപഹാസ്യമായ അസംബന്ധം ആണെന്നു ഇന്ത്യ ചൂണ്ടിക്കാട്ടി. പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതിനു ശേഷമാണു വർമയേയും മറ്റു ഉദ്യോഗസ്ഥരെയും തിരിച്ചു വിളിക്കുന്നതായി അറിയിപ്പുണ്ടായത്.
ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു വീലറോട് വ്യക്തമാക്കിയതായി മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. അത് അസ്വീകാര്യമാണ്. കാനഡയിലെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷത്തിൽ വർമയും മറ്റു ഇന്ത്യൻ ഉദ്യോഗസ്ഥരും ഭീഷണി നേരിടുന്നു.
"അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇപ്പോഴത്തെ കനേഡിയൻ ഗവൺമെൻറിനു കഴിയുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല."
ട്രൂഡോ ഗവൺമെന്റിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം
വിദേശകാര്യ മന്ത്രാലയം നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു: "കാനഡ ഉയർത്തുന്ന ആരോപണങ്ങൾ ട്രൂഡോ ഗവൺമെന്റിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്."
നിജ്ജാറെ കാനഡയിൽ കൊലപ്പെടുത്തിയതിനു പിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്നു ട്രൂഡോ 2023 സെപ്റ്റംബറിൽ പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ അതേപ്പറ്റി ഒരു തെളിവിനെ അംശം പോലും ഇതു വരെ നൽകിയിട്ടില്ലെന്നു പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ പലകുറി തെളിവ് ചോദിച്ചിരുന്നു.
ഏറ്റവും ഒടുവിലത്തെ ആരോപണത്തിനും തെളിവൊന്നും നൽകിയിട്ടില്ല. "ഇന്ത്യയെ കരിതേക്കാനുള്ള ഈ കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എന്നതിൽ സംശയമില്ല."
കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ആക്രമണം പതിവായിട്ടുണ്ട്. ബന്ധങ്ങൾ വഷളായാൽ കാനഡയ്ക്കു കനത്ത നഷ്ടം ഉണ്ടാവുമെന്നു ഇന്ത്യ പലകുറി താക്കീതു നൽകിയിട്ടുണ്ട്.
ട്രൂഡോയ്ക്കു ഇന്ത്യയോട് ശത്രുത ഉണ്ടെന്ന് ആരോപിച്ച മന്ത്രാലയം, അദ്ദേഹത്തിന്റെ പല മന്ത്രിമാരും ഇന്ത്യയിലെ ഒരു വിഘടന പ്രസ്ഥാനത്തിന്റെ അനുയായികളാണെന്നു ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഗവൺമെന്റ് നിലനിൽക്കുന്നതു തന്നെ അത്തരമൊരു നേതാവിനെ ആശ്രയിച്ചാണ്.
India calls back High Commissioner from Canada