ന്യൂഡല്‍ഹി:ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ-കാനഡ ബന്ധം വീണ്ടും ഉലയുന്നു. കഴിഞ്ഞ വർഷം ജൂണില്‍ നടന്ന ഹർദീപ് സിംഗ് നിജ്ജാർ വധത്തിന്റെ അന്വേഷണത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സംശയനിഴലിലാണ് എന്ന ട്രൂഡോ സർക്കാരിന്റെ അറിയിപ്പാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യൻ ഹൈക്കമ്മീഷണറും സംശയത്തിന്റെ നിഴലില്‍ ആണെന്ന കാനഡയുടെ ആരോപണത്തെ ശക്തമായ ഭാഷയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചത് .
കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം ആണെന്നും ഇന്ത്യയെ മനഃപൂർവം അപമാനിക്കാനുള്ള ശ്രമം ആണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വിമർശനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളല്‍ ഉണ്ടാക്കാൻ പുതിയ സംഭവവികാസങ്ങള്‍ കാരണമായിട്ടുണ്ട് . കാനഡയുടെ ആരോപണങ്ങളെ അപകടകരം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. കനേഡിയൻ മണ്ണിലെ വിഘടനവാദ ശക്തികളെ അമർച്ച ചെയ്യാനുള്ള നടപടികള്‍ ഒന്നും സ്വീകരിക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ജസ്‌റ്റിൻ ട്രൂഡോയെന്നും വിദേശമന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്‌താവനയില്‍ ആരോപിക്കുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയപ്പോള്‍ അതേ ഭാഷയില്‍ തന്നെ ഇന്ത്യയും തിരിച്ചടിക്കുന്നത് കാര്യങ്ങൾ വഷളാക്കിയിട്ടുണ്ട് .
നിജ്ജാര്‍ വധത്തില്‍ കാനഡ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇനി തെളിവുകള്‍ നല്‍കാതെ പറ്റില്ലെന്ന് ഇന്ത്യ പറഞ്ഞു.
ഒരു തെളിവുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിക്കുന്നത്. ട്രൂഡോ സര്‍ക്കാരിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധി കളേയും കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ക്രിമിനല്‍ നിയമത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണ് ട്രൂഡോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
കാനഡ ഉയർത്തിയ ആരോപണങ്ങള്‍ എല്ലാം തന്നെ ട്രൂഡോ യുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ച കനേഡിയൻ സർക്കാരിന്റെ ഈ ഏറ്റവും പുതിയ ശ്രമങ്ങള്‍ക്ക് മറുപടിയായി തുടർനടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ട്രൂഡോയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിശിതമായ വിമർശനമാണ് നടത്തിയത്. 2018ലെ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം ഇത്തരമൊരു ലക്ഷ്യം ഉള്ളില്‍ വച്ചുകൊണ്ടായിരുന്നു എന്നാണ് ആരോപണം. കൂടാതെ ഇന്ത്യൻ ഹൈക്കമീഷണറെ വിദേശകാര്യ മന്ത്രാലയം പ്രതിരോധിക്കുകയും ചെയ്‌തു.
അതിനിടെ സംഭവത്തില്‍ അതൃപ്‌തി അറിയിക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാനഡയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി എന്നാണ് റിപ്പോർട്ടുകള്‍ .