തിരുവനന്തപുരം: സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെ 'ഓണ്‍ലൈൻ ജോലി' നല്‍കി തട്ടിപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായിപോലീസ്.
സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് അപേക്ഷിക്കുന്നവരെയാണ് വലയിലാക്കുന്നത്.
തട്ടിപ്പുകാർ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നതെന്ന് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാർക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്ബോള്‍ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയർന്ന കമ്മിഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. 'ജോലി'യുടെ ഭാഗമായി വ്യക്തിഗതരേഖകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാർക്ക് നല്‍കിയിട്ടുള്ളതിനാല്‍ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അപേക്ഷിച്ചുകഴിഞ്ഞാല്‍ ഓണ്‍ലൈൻ ജോലിക്കായി തിരഞ്ഞെടുക്കും. ഡേറ്റാ എൻട്രി എന്നതൊക്കെയാകും സൂചിപ്പിക്കുക. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്ബരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മിഷൻ കിട്ടുമെന്നതിനാല്‍ പലരും ഇത് ജോലിയായി സ്വീകരിക്കുകയാണ്.
ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിനിടെയാണ് ഇത്തരം വാടക അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്.