വെർച്വൽ അറസ്റ്റ് തട്ടിപ്പികാരെ തുരത്തിയോടിച്ച് നടി മാലാ പാർവതി. കൊറിയറിൽ എംഡിഎംഎ കടത്തിയതിന് വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് മാലാ പാർവതിക്ക് വീഡിയോ കോൾ ലഭിച്ചത്. തട്ടിപ്പുകാരൻ കാണിച്ച ഐഡി കാർഡിൽ അശോക സ്തംഭം കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ തനിക്കു സഹായകമായതെന്ന് മാലാ പാർവതി പറഞ്ഞു. പോലീസിൽ പരാതിനൽകുമെന്ന് മാലാ പാർവതി അറിയിച്ചതോടെ തട്ടിപ്പുകാർ കോൾ കട്ടാക്കി മുങ്ങുകയായിരുന്നു.
മധുരയിൽ തമിഴ് സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു താനെന്നും രാത്രി പത്തിനാണ് കോൾ വന്നതെന്നും നടി പറഞ്ഞു. ഡിഎച്ചിൽ നിന്ന് ഒരു പാഴ്സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നായിരുന്നു ആദ്യം പറഞ്ഞത്. മുമ്പ് യുകെയിൽ നിന്ന് ഒരു പാഴ്സൽ വന്നപ്പോൾ കസ്റ്റംസ് തടഞ്ഞുവയ്ക്കുകയും നിർദേശപ്രകാരം താൻ പണം അടയ്ക്കുകയും ചെയ്തിട്ടുള്ളതിനാൽ ആദ്യം സത്യമായിരിക്കുമെന്നാണ് താൻ വിചാരിച്ചെന്ന് മാലാ പാർവതി പറഞ്ഞു.
തുടർന്ന് കസ്റ്റമർ കെയർ ഫോൺ കണക്ടാവുകയും വിക്രം സിംഗെന്ന പരിചയപ്പെടുത്തിയയാൾ തന്നോട് സംസാരിക്കുകയും ചെയ്തു. വിശ്വസനീയമായിട്ടാണ് തന്നോട് സംസാരിച്ചത്. നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗപ്പെടുത്തിയെന്ന് പറഞ്ഞു അയാൾ. തായ്വാനിലേക്ക് ഇങ്ങനെ ഒരു കൊറിയർ തൻറെ പേരിൽ പോയിട്ടുണ്ട് എന്നും വ്യക്തമാക്കി. ഇത് വലിയ ഒരു തട്ടിപ്പാണെന്നും പറഞ്ഞു അവർ. വേണമെങ്കിൽ പരാതി പറയുന്നത് നല്ലതായിരിക്കും. ഇത് അന്വേഷിക്കുന്ന ഒരു സംഘമുണ്ടെന്നും പറഞ്ഞു അവർ.
അങ്ങനെ പോലീസിലേക്ക് ഫോൺ കണക്ടാക്കി. പ്രകാശ് കുമാർ ഗുണ്ടുവെന്നു പറഞ്ഞയാളാണ് അപ്പോൾ തന്നോട് സംസാരിച്ചത്. ആധാർ കാർഡ് ആർക്കെങ്കിലും നൽകിയിരുന്നോവെന്ന് ചോദിച്ചു അയാൾ. താൻ ആധാർ കാർഡാണ് ഐഡിയായി സിനിമാ ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നത് മറുപടി നൽകി. അങ്ങനെ ആധാർ കാർഡ് ആർക്കും ഒരിക്കലും നൽകരുതെന്ന് അയാൾ തന്നോട് നിർദേശിച്ചു.
മുംബൈ ക്രൈംബ്രാഞ്ചാണെന്ന് താൻ ഉറപ്പിക്കുന്നതെങ്ങനെയെന്ന് ചോദിച്ചിരുന്നു ഞാൻ. അപ്പോഴാണ് അയാൾ ഐഡി തനിക്ക് അയച്ചുനൽകിയത്. നിങ്ങൾ ഇപ്പോൾ മുംബൈയിലേക്കു വരൂ എന്നും അയാൾ ആവശ്യപ്പെട്ടു. സിനിമാ തിരക്കിലാണെന്നും ഇപ്പോൾ വരാനാകില്ലെന്നും താൻ മറുപടി നൽകിയതോടെ കുറച്ച് സമയം തങ്ങളോട് സഹകരിക്കണമെന്ന് പറയുകയായിരുന്നു അയാൾ. ലൈവിൽ നിൽക്കണം. നിങ്ങളുടെ സുരക്ഷയ്ക്കാണ് ഇത് ചെയ്യുന്നത്. ഇത് മറ്റുള്ളവരോട് പറയുന്നത് അപകടമാണ്. ഇങ്ങനെ പുറത്തുപറഞ്ഞതിനാൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇത് ഭയങ്കര ഒരു റാക്കറ്റാണെന്നും 12 സംസ്ഥാനങ്ങളിൽ തൻറെ പേരിൽ തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകൾ നിയമവിരുദ്ധമായി തുടങ്ങിയിട്ടുണ്ട് എന്നും അയാൾ വ്യക്തമാക്കി.
കോടിക്കണക്കിന് രൂപ തൻറെ പേരിൽ തട്ടിപ്പുകാർ കൈമാറ്റം ചെയ്തിട്ടുണ്ട് എന്നും അയാൾ പറഞ്ഞു. വാട്സാപ്പിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. അറസ്റ്റിലായ ആളുടെ ഫോട്ടോ അയച്ചുതന്നിരുന്നു. നിയമവിരുദ്ധമായി പണം വന്നിട്ടുണ്ടോ എന്ന് അവർ ചോദിച്ചു. നിങ്ങളുടെ ബാങ്കുകൾ ഏതൊക്കെ എന്നും ചോദിച്ചു അവർ. 72 മണിക്കൂർ താൻ നിരീക്ഷണത്തിലാണെന്ന് അവർ പറഞ്ഞെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു. ഫോൺ അവർ ഹോൾഡ് ചെയ്യുകയായിരുന്നു.
ഇതിനിടെ അയച്ചുനൽകിയ ഐഡി കാർഡിലെ വിവരം വച്ച് ഗൂഗിളിൽ തിരഞ്ഞതോടെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞു. തട്ടിപ്പാണെന്ന് തന്റെ മാനേജരും പറയുകയുണ്ടായി. തുടർന്ന് താൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്ക് ഫോൺ കൊടുത്തു. ഇതോടെ തട്ടിപ്പ് സംഘം ഫോൺകോൾ കട്ടാക്കുകയായിരുന്നുവെന്നും മാലാ പാർവതി. കേരളത്തിലടക്കം നിരവധി പ്രമുഖർക്ക് വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ പണം നഷ്ടമായത് കഴിഞ്ഞ ദിവസങ്ങളിലാണ്.