ആലപ്പുഴ: സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ ഗുരുതര ആരോപണമുയർത്തി പി.വി അൻവർ. ഏറനാട്ടില്‍ 25 ലക്ഷം രൂപ വാങ്ങി സീറ്റ് സിപിഐ നേതൃത്വം മുസ്ലീം ലീഗിന് വിറ്റുവെന്നും രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അൻവർ ആരോപിച്ചു.
ഏറനാട്ടില്‍ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മണ്ഡലത്തില്‍ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന എല്‍ഡിഎഫ് ധാരണയില്‍ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അൻവർ ആരോപിച്ചു.
സഖാവ് പിണറായി വിജയന്റെ നേരെ അനിയനാണ് ബിനോയ് വിശ്വമെന്നും അൻവർ പരിഹസിച്ചു. ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ് ഇരുവരും. കാണുമ്ബോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തിയിലില്ല. സിപിഐ നേതാക്കള്‍ കാട്ടുകള്ളൻമാരാണ്. സിപിഎമ്മുമായി തനിക്ക് പിണക്കമില്ലെന്നും അൻവർ പറഞ്ഞു.
വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് മുസ്ലീം ലീഗ് തൻ്റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. സിപിഐ കൈക്കൂലി വാങ്ങി തനിക്കുള്ള പിന്തുണ പിൻവലിച്ചു. കൊല്ലത്തെ ലീഗ് നേതാവ് യൂനസ് കുഞ്ഞു വഴിയാണ് ചർച്ച നടന്നത്. അവിടെ ബഷീർ ജയിച്ചത് 22000 വോട്ടിനാണ്. വോട്ട് ചെയ്തത് കമ്യൂണിസ്റ്റുകാരാണ്.
ഇടത് സ്ഥാനാർത്ഥിയെ ആർക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവർത്തകർ തന്നോട് പരാതി പറഞ്ഞു. താൻ അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്. എന്നാല്‍ സിപിഐ സംസ്ഥാന നേതൃത്വം ഏറനാട്ടെ സ്ഥാനാർത്ഥിയെ എപി സുന്നി വിഭാഗം നിർദ്ദേശിച്ചതാണെന്ന് കീഴ് ഘടകങ്ങളോട് പറഞ്ഞു. ഇക്കാര്യം എപി വിഭാഗം പിന്നീട് നിഷേധിച്ചതാണെന്നും അൻവർ പറഞ്ഞു. ഒപ്പം താൻ ഉന്നയിച്ച ആരോപണത്തിന് ബിനോയ് വിശ്വം മറുപടി പറയണമെന്നും അല്ലെങ്കില്‍ വക്കീല്‍ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.
പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ സിപിഐ നേതാക്കള്‍ വയനാട്ടില്‍ നിന്നു വ്യാപകമായി പണം പിരിച്ചുവെന്നും അതില്‍ ഒരു രൂപ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്ത് ആദ്യ ഘട്ടത്തില്‍ കൊടുത്തില്ലെന്നും അൻവർ ആരോപിച്ചു. പാർട്ടിയെ വിറ്റ് ജീവിക്കുന്നവരാണ് സിപിഐ നേതാക്കള്‍. കെ രാജൻ, സുനീർ തുടങ്ങിയവരാണ് വ്യാപകമായി പണം പിരിച്ചത്. ഭൂമി തരം മാറ്റത്തിൻ്റെ മറവില്‍ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എത്ര തരം മാറ്റി എന്ന് അറിയണം. ഈ വിഷയത്തില്‍ തുറന്ന ചർച്ചയ്ക്ക് സിപിഐ നേതാക്കളെ വെല്ലുവിളിക്കുന്നു. തെളിവ് സഹിതം ആളുകളെ കൊണ്ടുവരുമെന്നും അൻവർ വ്യക്തമാക്കി.