ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്താനുള്ള കനേഡിയൻ സർക്കാർ നീക്കത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇന്ത്യ കടുത്ത നടപടിയിലേക്ക് .
കാനഡയിലെ ഹൈക്കമ്മിഷണറെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഇതിനിടെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി. കാനഡയിൽ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി.
പിന്നാലെ ഇന്ത്യയും കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി അറിയിച്ചു. ഇവരോട് ശനിയാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് നിർദേശിച്ചു.
താഴെപ്പറയുന്ന 6 കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം (MEA) പ്രസ്താവനയിൽ പറഞ്ഞു.
1. സ്റ്റുവർട്ട് റോസ് വീലർ, ആക്ടിംഗ് ഹൈക്കമ്മീഷണർ
2. പാട്രിക് ഹെബർട്ട്, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ
3. മേരി കാതറിൻ ജോളി, ഫസ്റ്റ് സെക്രട്ടറി
4. ഇയാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ഫസ്റ്റ് സെക്രട്ടറി
5. ആദം ജെയിംസ് ചുപ്ക, ഫസ്റ്റ് സെക്രട്ടറി
6. പോള ഓർജുവേല, ഫസ്റ്റ് സെക്രട്ടറി
ഇതോടെ ഇന്ത്യ – കാനഡ നയതന്ത്രബന്ധം കൂടുതല്‍ സംഘർഷ ഭരിതമായി. ഇന്ത്യൻ ഹൈകമ്മീഷണറെ കേസില്‍പ്പെടുത്താനുള്ള ശ്രമത്തിനെതിരെ വിദേശകാര്യമന്ത്രാലയം രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി മതവാദികള്‍ക്ക് കീഴടങ്ങിയെന്നുമായിരുന്നു വിമർശനം.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരാണ് കനേഡിയൻ പോലീസിന്റെ പിടിയിലായിട്ടുള്ളത്. കരണ്‍ ബ്രാർ, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരാണ് എഡ്മണ്ടില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പോലീസ് വ്യക്തമാക്കി. എന്നാല്‍, ഇവർക്ക് ഇന്ത്യൻ സർക്കാരുമായോ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുമായോ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.