സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി.
റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അല്‍ അമ്ബറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്.
പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്‍റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചനഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വാഴ്ച) വൈകീട്ട് ഏഴിന് ബത്ഹ ഡി-പാലസ് ഹാളില്‍ പൊതുയോഗം ചേരുമെന്ന് സഹായസമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറല്‍ കണ്‍വീനർ അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.