വിദഗ്ദർ ന്യൂഡൽഹി: ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചു വിളിച്ചപ്പോൾ അദ്ദേഹം ഉൾപ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കുകയും തിരിച്ചടിയായി ഇന്ത്യ കാനഡയുടെ ആക്ടിംഗ് ഹൈകമീഷണർ അടക്കം ആറു പേരെ പുറത്താക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അവതാളത്തിലായി.
ഇത് എങ്ങനെ, ആരെയെല്ലാം ബാധിക്കും എന്നാണ് ഇനി അറിയേണ്ടത്. ഒട്ടേറെ വിദ്യാർഥികളടക്കം നിരവധി ഇന്ത്യാക്കാർ കാനഡയിലുണ്ട്. സ്വതന്ത്രരാജ്യം ആവശ്യപെടുന്നുണ്ടെങ്കിലും ഖാലിസ്ഥാൻ വാദികളും സാങ്കേതികമായി ഇന്ത്യാക്കാർ തന്നെ.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നയതന്ത്രപരമായ ദൂരക്കാഴ്ച ഇല്ലായ്മയാണ് ഈ സ്ഥിതി വരുത്തിയതെന്നാണ് ഇന്ത്യൻ വിദഗ്ദർ പറയുന്നത്. അമേരികകയിലും കാനഡയിലുമുള്ള ഇന്ത്യാക്കാർ അതിനോട് യോജിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല.
ട്രൂഡോയുടെ ശത്രുത മനസ്ഥിതിയെ തുടർന്നു കാനഡയിൽ നിന്ന് ഹൈക്കമ്മീഷണറെ ആദ്യം ഇന്ത്യ പിൻവലിച്ചു. അതോടെ ഹൈക്കമ്മീഷണർ അടക്കം ആറു നയതന്ത്രജ്ഞരെ കാനഡ പുറത്താക്കി. അവരെ പിൻവലിക്കാൻ അതിനകം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.
പുറത്താക്കൽ അറിഞ്ഞതോടെ ന്യൂഡൽഹിയിൽ നിന്ന് ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി. അതിൽ ആക്ടിംഗ് ഹൈകമ്മീഷണർ സ്റ്റുവർട്ട് വീലറും ഉൾപ്പെടും.
ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ്റെ (ORF) വൈസ് പ്രസിഡൻ്റ് ഹർഷ് വി. പന്തിൻ്റെ അഭിപ്രായത്തിൽ, ട്രൂഡോയുടെ ദൂരക്കാഴ്ച ഇല്ലായ്മ ഈ നയതന്ത്ര വീഴ്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചു.
ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിൽ പല മേഖലയിലും ഉറ്റബന്ധം ഉണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹകരണം മുതൽ വിദ്യാഭ്യാസ സാംസ്കാരിക വിനിമയം വരെ ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും ഖാലിസ്ഥാൻ, സിഖ് തീവ്രവാദം തുടങ്ങി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ട്രൂഡോയുടെ സർക്കാർ സംഘർഷം വർദ്ധിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഈ സമീപനം മൂലം കാനഡയെ ഒരു സൗഹൃദ പങ്കാളിയായി കാണുന്നതിന് ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ആഭ്യന്തര പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോൾ, തൻ്റെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനും തീവ്രവാദ ഗ്രൂപ്പുകളിൽ സ്വാധീനം ചെലുത്താനും അദ്ദേഹം ഇന്ത്യക്ക് നേരെ തിരിഞ്ഞുവെന്നു വേണം കരുതാൻ- പന്ത് പറഞ്ഞു.
വിഘടനവാദത്തെയും തീവ്രവാദത്തെയും കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ മനസ്സിലാക്കാൻ കഴിയാത്തതോ മനസ്സില്ലാത്തതോ ആയ രാജ്യമായാണ് പലരും ഇപ്പോൾ കാനഡയെ കാണുന്നത്.
ഉയരുന്ന ആഭ്യന്തര വികാരവും അന്താരാഷ്ട്ര സമ്മർദ്ദവും മൂലം ഇന്ത്യൻ സർക്കാരിന് ശക്തമായി പ്രതികരിക്കേണ്ട സ്ഥിതി വന്നിട്ടുണ്ടെന്നും പന്ത് പറഞ്ഞു. ഇന്ത്യയിൽ ശക്തമായ എതിർപ്പ് ഉയർത്തുന്ന വിഘടനപ്രസ്ഥാനമായ ഖാലിസ്ഥാൻ പ്രശ്നം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന്റെ കേന്ദ്രബിന്ദുവായി മാറി.
ഈ സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യാനുള്ള ട്രൂഡോയുടെ കഴിവില്ലായ്മ ഇന്ത്യയുടെ തന്ത്രപ്രധാനമായ സർക്കിളുകളിൽ നിരാശയും സൃഷ്ടിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രൂഡോ താൽക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തീവ്രവാദികളുമായി ഒത്തുചേരുന്നുവെന്ന് മുൻ അംബാസഡർ അനിൽ ത്രിഗുണായത്ത്, ആരോപിച്ചു.
ട്രൂഡോയുടെ പരസ്യ നിലപാട് ഇന്ത്യൻ നയതന്ത്രജ്ഞരുടെ സുരക്ഷയെ നേരിട്ട് ബാധിച്ചു. അതോടെ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു.
കനേഡിയൻ പ്രധാനമന്ത്രിയുടെ നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-കാനഡ ബന്ധം പഴയ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുക എന്നത് വെല്ലുവിളിയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.