ഓട്ടവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കെതിരെ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്ക് നിജ്ജാർ കൊലപാതകവുമായി ബന്ധമുള്ളതിന് തെളിവുകളുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഈ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും എന്നാൽ, ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിച്ചു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതു കൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. നിലവിലെ സംഭവവികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുമെന്നും കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്നും ട്രൂഡോ പറഞ്ഞു.
ഇന്ത്യയ്ക്കും മോഡിയ്ക്കുമെതിരെ എൻ.ഡി.പി നേതാവ് ജഗ്മീത് സിങ്
ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോഡിയ്ക്കുമെതിരായ പ്രസ്താവനയുമായി എൻഡിപി ലീഡർ ജഗ്മീത് സിങും രംഗത്ത്. ആർസിഎംപി കമ്മീഷണർ ഇന്ന് പുറത്തുവിട്ട വിവരങ്ങളിൽ ന്യൂ ഡെമോക്രാറ്റുകൾ അങ്ങേയറ്റം ആശങ്കാകുലരാണെന്നും, കാനഡക്കാർ, പ്രത്യേകിച്ച് കാനഡയിലെ സിഖ് സമൂഹം ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഭീഷണി, ഉപദ്രവം, കൊള്ളയടിക്കൽ, അക്രമം, തിരഞ്ഞെടുപ്പ് ഇടപെടലുകൾ എന്നിവയാൽ വലയുകയാണെന്നും ജഗ്മീത് പറഞ്ഞു.
കനേഡിയൻ മണ്ണിൽ കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ നരേന്ദ്ര മോദി സർക്കാരിന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ കാനഡയുടെ കൈവശം ഉണ്ടെന്ന് ജഗ്മീത് വ്യക്തമാക്കി. യു.എസ് ഇതിനകം തന്നെ നിരവധി വ്യക്തികൾക്കെതിരെ അനുബന്ധ കുറ്റകൃത്യങ്ങൾക്ക് കുറ്റം ചുമത്തി
കൊള്ളയടിക്കൽ, അക്രമം, തിരഞ്ഞെടുപ്പ് ഇടപെടലുകൾ എന്നിവയിൽ നിന്ന് എല്ലാ കനേഡിയൻമാരും നമ്മുടെ രാജ്യത്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കുക എന്നതാണ് ന്യൂ ഡെമോക്രാറ്റുകളുടെ പ്രധാന മുൻഗണന. എല്ലാ കനേഡിയൻ പൗരന്മാരെയും നമ്മുടെ രാജ്യത്തെയും സംരക്ഷിക്കുന്നതിനുള്ള താൽപ്പര്യാർത്ഥം, എല്ലാ നേതാക്കളോടും അവരുടെ സുരക്ഷാ അനുമതി നേടാനും മോദി സർക്കാരിനെ ഉത്തരവാദിയാക്കാനും മറ്റ് വഴി നോക്കാനും അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2023 സെപ്റ്റംബർ മുതൽ, കുറഞ്ഞത് 13 പേർക്കെതിരെ ഗുരുതരമായ ഭീഷണികളെക്കുറിച്ച് RCMP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനത്തെ എൻഡിപി പിന്തുണയ്ക്കുന്നു. ഇന്ത്യയ്‌ക്കെതിരെ നയതന്ത്ര ഉപരോധങ്ങൾ ഏർപ്പെടുത്താനും കാനഡയിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് ശൃംഖലയെ (RSS) നിരോധിക്കാനും കാനഡ സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.