Image

പുനരപി (ഇ മലയാളി കഥാമത്സരം 2024: സാബു ഹരിഹരൻ)

Published on 15 October, 2024
പുനരപി (ഇ മലയാളി കഥാമത്സരം 2024: സാബു ഹരിഹരൻ)

‘നിങ്ങളിങ്ങോട്ട് വന്നിതിനെയൊന്ന് ഓട്ടിച്ചു വിടാവോ?’
ഭാര്യ ഷീലയുടെ ഉറക്കെയുള്ള, അസഹ്യത നിറഞ്ഞ വിളി കേട്ടാണ്‌ രമേശൻ പത്രവായന പാതിവഴിക്കുപേക്ഷിച്ച് അടുക്കളപ്പുറത്തേക്ക് വന്നത്. രാവിലെയുള്ള അടുക്കളപ്പണിക്കിടയിൽ ഇതു പോലെ ഇടയ്ക്കിടെ ഷീലയുടെ വിളി വരും, മിക്കവാറും ചെറിയൊരു കൈസഹായത്തിന്‌. അടുക്കളയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ രമേശന്‌ മനസ്സിലായി, ഇന്നത്തെ വില്ലൻ കഥാപാത്രം പാറ്റയല്ല, വണ്ടല്ല, ഈച്ചയാണ്‌. വേനൽക്കാലമാണ്‌. ഈച്ചയെ ഓടിക്കാൻ രമേശൻ വിദഗ്ദ്ധനാണ്‌.

കണ്ടപാടെ ഷീല പറഞ്ഞു,
‘ദാ ഏട്ടാ ഈ നശിച്ച ഈച്ച കൊറേ നേരമായി ഇവിടെ കെടന്ന് ബഹളമുണ്ടാക്കുന്നു. എന്തേലും ചെയ്യ്’
ശരിയാണ്‌. ബഹളം തന്നെ. പറക്കുന്ന ശബ്ദം കേൾക്കാം. അലോസരപ്പെടുത്തുന്ന, ആരേയും പ്രകോപിപ്പിക്കും വിധത്തിലുള്ള ഒരുതരം മൂളിച്ച. തീർത്തും അസഹ്യം. കുറച്ച് വലിപ്പമുണ്ട് ഈച്ചയ്ക്ക്. സാധാരണ കാണുന്ന തരത്തിലുള്ള ചെറിയ ഈച്ചയല്ല. വലിപ്പമുള്ള ഇനം. അയാൾ മുൻവശത്തെ മുറിയിലേക്ക് തിരികെ നടന്നു. ചെന്ന് ഒരു പഴയ ലക്കം മാസികയെടുത്തു. ചുരുട്ടിയെടുത്ത ശേഷം അതിനെ മേശപ്പുറത്ത് വെച്ച് ഒരുഭാഗം പരത്തിയെടുത്തു. ഇപ്പോൾ അതൊരു ഒന്നാന്തരം ബാറ്റ് ആയി മാറിക്കഴിഞ്ഞു! അതിന്റെ മറുഭാഗം പിടി ആയി ഉപയോഗിക്കാം. താൻ നിർമ്മിച്ചെടുത്ത ‘ആയുധവുമായി’ അയാൾ അടുക്കളയിലേക്ക് നടന്നു.

‘എവിടെ?’ അടുക്കളയിൽ ‘ആയുധവുമായി’ കയറിയയുടൻ അയാൾ കണ്ണു കൊണ്ട് മുറി മുഴുക്കെയും തിരഞ്ഞു. കാണാനാവുന്നില്ല. എവിടെ അവൻ? പാത്രങ്ങളുടെ പുറത്ത്, തവികളുടെ കൈയ്യിൽ, ഗ്യാസ്സ് സിലിണ്ടറിന്റെ പള്ളയിൽ, പാത്രം തുടയ്ക്കുന്ന തുണിയിൽ, ടാപ്പിന്റെ കഴുത്തിൽ...എവിടെ? ഒരിടത്തും കാണാനാകുന്നില്ല. എന്താ, മത്സരിക്കാനാണോ ഭാവം?! അയാൾ തിരച്ചിൽ ഊർജ്ജിതമാക്കി. പറന്നു പൊങ്ങുന്ന ഈച്ചയെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആ സമയമത്രയും. മുകളിൽ തൂങ്ങി കിടന്ന ബൾബ്ബിന്റെ കറുത്ത വയറിലിരുന്ന്‌ ഈച്ച അയാളെ നിരീക്ഷിക്കുകയായിരുന്നു. അയാൾ ഒരോ കോണിലും ചെന്ന് നോക്കുമ്പോൾ, ഒരോ വസ്തുവും എടുത്തുയർത്തുമ്പോൾ ഈച്ച അതൊക്കെയും ആസ്വദിച്ച് ഇരുന്നു. അല്പനേരം കഴിഞ്ഞ്, അതുയർന്ന് പറന്നതും ചിറകടിയൊച്ച രമേശൻ പിടിച്ചെടുത്തു. തല തിരിക്കുമ്പോഴേക്കും ഈച്ച അയാളുടെ മൂക്കിൽ ഉരസി ഉരസിയില്ല എന്ന മട്ടിൽ പറന്നുപോയി. 
ഓ! തന്നെ വെല്ലുവിളിച്ചു കൊണ്ടുള്ള പറക്കലാണ്‌! 
‘നീ പുറത്തേക്കൊന്ന് ഇറങ്ങി നിന്നെ..’ 
കേട്ട പാടെ ഷീല പുറത്തേക്ക് പോയി. അകത്തെ യുദ്ധം കാണാൻ വയ്യ.

അയാൾ ചെന്ന് അടുക്കളയുടെ വാതിലടച്ചു. ജന്നലുകൾ ശ്രദ്ധിച്ചു. എല്ലാം അടച്ചിട്ടുണ്ട്. ഇപ്പോൾ ‘കളിക്കാനുള്ള’ ഗ്രൗണ്ട് തയ്യാർ. ഇനി കാണാം കളി! ഈച്ച നിർത്താതെ പറന്നു കൊണ്ടിരുന്നു. അയാൾ ഈച്ചയിൽ നിന്നും കണ്ണെടുക്കാതെ തല തിരിച്ചു കൊണ്ടിരിക്കുന്നതും, കൈയ്യുർത്തി അടിക്കാൻ ഓങ്ങുന്നതും ഈച്ച നന്നായി ആസ്വദിച്ചു. കുറച്ച് കഴിഞ്ഞ് ഇയാൾ നിരാശനാകും. ഈച്ച അത് ഉറപ്പിച്ചു. എന്നാൽ ഒരോ തവണ വീശി കഴിഞ്ഞിട്ട് അയാൾ കണ്ണെടുക്കാതെ തന്നെ തന്നെ നോക്കി നിൽക്കുന്നത് ഈച്ച ശ്രദ്ധിച്ചു. തന്നെ അയാളുടെ കണ്ണിൽ കോർത്ത് വെച്ചത് പോലെ! രണ്ടു മൂന്ന് വട്ടം പരാജയപ്പെട്ടപ്പോൾ അയാൾ ‘ബാറ്റ്’ വീശുന്നത് നിർത്തി, തല ചെരിച്ച് തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അപ്പോഴാണ്‌ ഈച്ചയ്ക്ക് കാര്യം പിടികിട്ടിയത് - ഈ മനുഷ്യൻ തന്റെ പറക്കലിന്റെ ക്രമം പഠിക്കുകയാണ്‌! തന്റെ സഞ്ചാരപഥത്തിന്റെ സ്വഭാവം പഠിക്കുകയാണ്‌! ശത്രു നിസ്സാരക്കാരനല്ല! ഈച്ച അയാളിൽ നിന്നും ഒരല്പം അകന്നു പറന്നു. ചെന്ന് കറിപ്പാത്രത്തിന്റെ അടപ്പിൽ ചെന്നിരുന്നു. എതിരാളി ആയുധവും ഉയർത്തിപ്പിടിച്ച് തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്‌. ഇനി ചെറിയൊരു വെല്ലുവിളിയാവാം. ഈച്ച അയാളുടെ ഇടതു ചെവിക്കരികിലൂടെ അതിവേഗത്തിൽ പറന്നു. പറന്ന്‌ പോയ പോക്കിൽ അയാളുടെ ചെവിയുടെ വക്കിൽ തന്റെ തിളങ്ങുന്ന ചിറകുകൾ കൊണ്ട് ഉരസാൻ മറന്നില്ല. തന്റെ ചിറകടി ഇയാൾ കേൾക്കണം. എന്നാൽ ഈച്ച പ്രതീക്ഷിക്കാത്തതൊന്ന് അപ്പോൾ, അവിടെ സംഭവിച്ചു. തന്റെ ഇടത് ചെവിക്കരികിലൂടെ പാഞ്ഞു പോയ ഈച്ചയെ രമേശൻ വലത്തോട്ട് തല വെട്ടിച്ച്, വലം കൈ കൊണ്ട് ശക്തിയായി വീശി. ആ ഒരു നീക്കം ഈച്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വലിയ മതിലിൽ ചെന്ന് ഇടിച്ചത് പോലെ ഈച്ചയ്ക്ക് അനുഭവപ്പെട്ടു. അടിയേറ്റ ഈച്ച വട്ടം കറങ്ങി വീണത് അടുക്കള മേശപ്പുറത്താണ്‌. എന്താണിപ്പോൾ നടന്നത്?! ഈച്ച തല കുടഞ്ഞു. പിടഞ്ഞെഴുന്നേൽക്കാനൊരു ശ്രമം നടത്തി. ഇല്ല, സാധിക്കുന്നില്ല. തല ചുറ്റുന്നു. കാഴ്ച്ച ഉറയ്ക്കുന്നില്ല. ചിറകുകൾ വീശാനൊരു ശ്രമം നടത്തി. അതും സാധിക്കുന്നില്ല. അപ്പോഴേക്കും ആ വലിയ മുഖം അടുത്തേക്ക് വന്നു. ആ മനുഷ്യൻ - തന്റെ ശത്രു തന്നിലേക്ക് മുഖമടുപ്പിച്ച് സൂക്ഷിച്ച് നോക്കുകയാണ്‌. അയാളുടെ മുഖത്തെ വിജയഭാവം അവ്യക്തമായി കണ്ടു. വക്രിച്ച ചുണ്ടുകൾക്കിടയിൽ പുച്ഛഭാവം നിറഞ്ഞിരിക്കുന്നു. രമേശൻ ഈച്ചയെ വിരലുകൾ കൊണ്ട് നുള്ളിയെടുത്ത് അയാളുടെ ഉള്ളം കൈയ്യിൽ വെച്ചു. ‘എന്നെ തോൽപ്പിച്ച് രക്ഷപെടാമെന്ന് വിചാരിച്ചോ? നിന്നെ കിട്ടിയടാ!’ അയാൾ ഒരുതരം ഉന്മാദഭാവത്തോടെ പറഞ്ഞു. നിസ്സാരതയോടെ അയാൾ കൈ ചെരിച്ച് അതിനെ മേശപ്പുറത്തേക്കിട്ടു. ഈച്ചയ്ക്ക് തല കറങ്ങുന്നതായി തോന്നി. ആദ്യാനുഭവം. ഒരുപക്ഷെ അവസാനത്തേതും. കാഴ്ച്ച മങ്ങിത്തുടങ്ങും മുമ്പ് അത് കണ്ടു, തന്റെ നേർക്ക് അയാൾ കൈയോങ്ങുന്നത്. അടുത്ത നിമിഷം അയാളുടെ ബാറ്റ് അതിന്റെ പുറത്ത് വന്ന് പതിച്ചു. ‘ഠപ്പ്!’ സർവ്വതും ഇരുട്ട്.

അയാൾ കൈയ്യിലിരുന്ന ‘ആയുധം’ അടുക്കളയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. ചെന്ന്‌ അടുക്കള വാതിൽ തുറന്നിട്ടു. രമേശൻ വിജയശ്രീലാളിതനായി പുറത്തേക്ക് വരുന്നതും കാത്ത് ഷീല പുറത്ത് നിൽപ്പുണ്ടായിരുന്നു. 
‘ഉം? എന്താ ഒരു സന്തോഷം?’
അവൾ അയാളോട് ചോദിച്ചു.
‘ഏയ്!...’
എന്നോടാ കളി...അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട് നടന്നു. കിടപ്പുമുറിയിൽ വന്ന ശേഷം അയാൾ ഇടത് കൈ വിടർത്തി. ഉള്ളിൽ ആ ഈച്ച ഉണ്ടായിരുന്നു. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഇല്ല, ഒരനക്കവുമില്ല. ചില വിരുതന്മാരുണ്ട്. ചത്തത് പോലെ കിടക്കും. അതും കരുതി പോയാൽ കുറച്ച് കഴിഞ്ഞാൽ വീണ്ടും പറന്നു പൊങ്ങുന്നത് കാണാം! മുറിയുടെ മൂലയിലേക്ക് അയാളതിനെ ഊതി. ഉരുണ്ട് മറിഞ്ഞ് ഈച്ച മുറിയുടെ കോണിൽ ചെന്നു വീണു. കൈ തട്ടിക്കുടഞ്ഞ ശേഷം അയാൾ ചുവരിലെ കൊളുത്തിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്തിട്ടു. തേങ്ങ വലിക്കാൻ ഷിബു വരാന്ന് പറഞ്ഞിട്ട് ദിവസം രണ്ട്. ഇന്ന് ഒരു തീരുമാനമാക്കണം. വലിക്കാതിരുന്നാൽ ഓല വീണ്‌ ഓട് പൊട്ടും...പിന്നെ അതിന്റെ പിന്നാലെ പോണം...വയ്യ... അയാൾ തിരക്ക് പിടിച്ച് പുറത്തേക്ക് പോയി.

തിരിച്ചു വന്നത് ഉച്ച കഴിഞ്ഞാണ്‌. ഉദ്യമം പരാജയപ്പെട്ടിരിക്കുന്നു. ഷിബു വീണ്ടും കാണാതായിരിക്കുന്നു. ആർക്കുമറിയില്ല എവിടെ പോയെന്ന്‌. എന്തു കൊണ്ടാണ്‌ പണിയുണ്ടെന്ന് പറഞ്ഞിട്ടും ഇവരൊക്കെ അപ്രത്യക്ഷരാവുന്നത്?! ‘കണ്ടാൽ വേഗം വന്ന്‌ കാണാൻ പറയണം. ഒരത്യാവശ്യമുണ്ട്’ എന്ന് അറിയിച്ചിട്ടാണ്‌ രമേശൻ തിരികെ വരുന്നത്. ആവശ്യം ഇപ്പോൾ അത്യാവശ്യമായിരിക്കുന്നു. ഇനി താമസിച്ചാൽ അത് അത്യാഹിതമാവും! അതോർത്ത് ചിരിച്ചു കൊണ്ടാണയാൾ തിരികെ വീട്ടിൽ വന്ന് കയറിയത്. ക്ഷീണം...കടുത്ത ക്ഷീണം. കൈക്കും തോളിനും വേദന...ഒന്ന് കുളിക്കണം, ഊണ്‌ കഴിക്കണം, ഉറങ്ങണം. ഹാ! ജീവിതം എത്ര സുന്ദരമാണ്‌!

നല്ല ഊണായിരുന്നു. അയലക്കറി, മുരിങ്ങാതോരൻ, ചൂട് ചോറും പപ്പടവും. പൂർണ്ണതൃപ്തി. രമേശൻ ചെന്ന്‌ കട്ടിലിൽ മലർന്നു കിടന്നു. ഒരു ഒന്നരമണിക്കൂർ ഉറക്കം. ഉറക്കത്തിൽ രമേശൻ തീർത്തും വിചിത്രമായൊരു സ്വപ്നം കണ്ടു. സ്വന്തം വീട് തന്നെ. കിടപ്പു മുറി. താൻ കിടന്നുറങ്ങുന്നു. തുറന്നു കിടന്ന ജനലിലൂടെ ഒരു കറുത്ത പാമ്പ് ഇഴഞ്ഞു വരുന്നു. അത് പതിയെ കട്ടിലിന്റെ കാലിൽ കൂടി മെത്തയിലേക്ക്. അതിഴഞ്ഞ് ഇടത് കൈയ്യിലൂടെ തോളിലെത്തി. സ്വപ്നത്തിലും താൻ ചിന്തിക്കുന്നു. എന്തു ചെയ്യണം? തട്ടി മാറ്റണോ? അതോ അനങ്ങാതെ കിടക്കണോ? അനക്കമില്ലാതെ കിടന്നാൽ അത് തന്നെ വിട്ട് ഇഴഞ്ഞ് പുറത്തേക്ക് പോവില്ലെ? ഇനി താൻ കൈയ്യുയർത്തി അതിനെ പിടിക്കാനോ തട്ടിമാറ്റാനോ ശ്രമിച്ചാൽ...? ചിലപ്പോൾ അത് കടിക്കാൻ ശ്രമിച്ചാലോ? എങ്കിൽ ആ കടി തന്റെ കൈയ്യിലോ നെഞ്ചിലോ ആവും. വിഷം അതിവേഗത്തിൽ തലയിലേക്ക് കയറും. ഹൃദയത്തിലേക്ക്... ഇതാ പാമ്പ് തോളിൽ നിന്നും താഴേക്കിഴയുന്നു. ഇടത് കൈയ്യിലൂടെ... രമേശന്‌ കൈയ്യിൽ ശക്തിയായ വേദന അനുഭവപ്പെട്ടു. എന്നാൽ അനങ്ങാനാവുന്നില്ല. വലത് കൈയ്യുയർത്തി ഇടത് കൈ ഒരു തിരുമണമെന്നുണ്ട്. അപ്പോഴേക്കും പാമ്പ് കൈയ്യിൽ നിന്നും നെഞ്ചിലേക്ക് കയറി തുടങ്ങി. ശക്തിയായ നെഞ്ച് വേദന അനുഭവപ്പെടുന്നു. ഇപ്പോൾ നേർക്ക് നേർ കാണാം. പാമ്പ് പത്തിവിടർത്തി തന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുകയാണ്‌. അനങ്ങരുതെന്ന് കരുതിയിട്ടും സാധിച്ചില്ല. തീവ്രവേദന കാരണം പുളഞ്ഞ് പോയതാണ്‌. അത് പാമ്പിനെ പ്രകോപിപ്പിച്ചെന്ന് തോന്നുന്നു. അത് നെഞ്ചിലേക്ക് പത്തി താഴ്ത്തി ആഞ്ഞ് കടിച്ചു. അതിശക്തമായ വേദന. രമേശൻ അലറാൻ ശ്രമിച്ചു. സാധിച്ചില്ല. കണ്ണുകളടഞ്ഞ് പോകും പോലെ...സകലതും അവ്യക്തമാകുന്നു. അപ്പോഴയാളത് കണ്ടു, നെഞ്ചിലിരിക്കുന്നത് പാമ്പല്ല, ഒരു വലിയ ഈച്ചയാണ്‌!

രമേശൻ ഞെട്ടിയെഴുന്നേറ്റു. എന്തൊരു നശിച്ച സ്വപ്നം. താനൊരുപാട് നേരമുറങ്ങി പോയത് പോലെ തോന്നുന്നു. കണ്ണ്‌ തുറന്ന് നോക്കി. ചുറ്റിലും അധികം വെളിച്ചമില്ല. ഏതോ ഒരു വലിയ കെട്ടിടത്തിന്റെ കോണിൽ കൂനിപ്പിടിച്ച് ഇരിക്കുന്നത് പോലെ അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു നിലവിളി ശബ്ദം കേട്ടു. ഷീലയുടെ ശബ്ദമല്ലെ? അവൾക്കെന്തു പറ്റി. അയാൾ എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. അല്ല ഓടാനല്ല തോന്നുന്നത്, പറക്കാനാണ്‌! അപ്പോഴാണ്‌ അയാൾ തന്റെ കൈകൾ ശ്രദ്ധിച്ചത്. നീണ്ട രോമങ്ങൾ...എവിടെ വിരലുകൾ? തനിക്ക് തന്റെ ചുറ്റിലുമുള്ളതെല്ലാം കാണാം! കാഴ്ച്ചയുടെ അതിരുകൾ മാറിയിരിക്കുന്നു. എന്തൊരു ശബ്ദമാണ്‌ ചുറ്റിലും... ഷീല...അവൾ മുറിക്ക് പുറത്തേക്ക് ഓടിപോകുന്നത് കേട്ടു.
‘എടാ...ആരേലും വിളിക്കടാ...’
എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദം. ഇവൾക്കെന്ത് പറ്റി? ഇങ്ങനെ നിലവിളിച്ച് കൊണ്ടോടാൻ? ശ്ശെ! താനിപ്പോഴും സ്വപ്നത്തിലാണ്‌! അയാൾ തല കുടഞ്ഞു. കണ്ണുകൾ ഇറുക്കിയടച്ച്, പലവട്ടം ചിമ്മിത്തുറന്നു. വീണ്ടും കാലടി ശബ്ദങ്ങൾ. മുറിയിൽ വെളിച്ചം നിറഞ്ഞു. അപ്പോഴാണ്‌ അയാൾ തന്നെ തന്നെ വ്യക്തമായി കണ്ടത്. താൻ തണുത്ത സിമന്റ് തറയിൽ ഇരിക്കുകയാണ്‌. തനിക്ക് കാലുകൾ രണ്ടല്ല! ആറെണ്ണമാണ്‌! തന്റെ ശരീരം മുഴുക്കെയും എഴുന്നു നിൽക്കുന്ന രോമങ്ങൾ! ഇതെന്ത് ക്രൂരമായ തമാശയാണ്‌?! തന്റെ മുതുകിൽ...തിളങ്ങുന്ന രണ്ട് ചിറകുകൾ...താൻ...താനൊരു ഈച്ചയായി മാറിയിരിക്കുന്നു! പക്ഷെ അതെങ്ങനെ?...എപ്പോൾ? അയാൾ ശ്രമിച്ചു നോക്കി. തനിക്ക് ചിറകുകൾ ചലിപ്പിക്കാനാവും. രണ്ട് മൂന്ന് വട്ടം വീശി നോക്കി. എത്ര സ്വാഭാവികമായ ചലനങ്ങൾ! അയാൾ പതിയെ പറന്നുയർന്നു.

അയാൾ ഉയർന്നുയർന്ന് കട്ടിലിന്‌ മുകളിലെത്തി. ഷീല, മകൻ ധനുഷ്, കൂടാതെ അടുത്ത വീട്ടിലെ മഹേഷേട്ടൻ...പിന്നെ വേറേ ആരൊക്കെയോ...എന്താണിവിടെ സംഭവിച്ചിരിക്കുന്നത്? കട്ടിൽ കിടക്കുന്നയാളെ അപ്പോഴാണ്‌ കണ്ടത്. അത് താനല്ലെ?! കൈകൾ ഇരുവശത്തേക്കും വിടർത്തിയിട്ടിരിക്കുന്നു. ഇതെങ്ങനെ സംഭവിക്കും? എങ്ങനെ താൻ ഒരേസമയം രണ്ടിടത്ത്? താൻ മറ്റാരുടേയോ സ്വപനത്തിന്റെ ഭാഗമാണെന്ന അയുക്തി നിറഞ്ഞ ചിന്ത ഒരു നിമിഷം അയാൾക്കുണ്ടായി. എങ്ങനെയാണിതിൽ നിന്ന് പുറത്ത് കടക്കുക? കട്ടിലിൽ കിടക്കുന്ന തന്നെ ഷീല പിടിച്ച് കുലുക്കുകയും നെഞ്ചിൽ അമർത്തുകയുമൊക്കെ ചെയ്യുന്നു. ധനുഷ് മരവിച്ച പോലെ നിൽക്കുന്നു. ഷീലയുടെ ഇത്രയും ഉച്ചത്തിലുള്ള നിലവിളി ഇതിനു മുൻപ് താൻ കേട്ടിട്ടില്ല. ചങ്ക് പൊട്ടുന്നത് പോലെയുള്ള കരച്ചിൽ കലർന്ന നിലവിളി... അയാൾ ഉയർന്ന് പറന്നു. അപ്പോൾ മുറി മുഴുക്കെയും കാണാം എന്ന നിലയിലായി. കട്ടിലിൽ കിടക്കുന്ന താൻ അനങ്ങുന്നില്ല. ഇല്ല, ഇത് സ്വപ്നമല്ല, താനിപ്പോൾ...ഇവിടെയാണ്‌...മറ്റൊരു ശരീരത്തിനുള്ളിൽ...ഒരു ഈച്ചയുടെ...അല്ല, വെറുമൊരു ഈച്ചയുടെ ശരീരത്തിനുള്ളിൽ! നടുക്കുന്ന ആ സത്യം ബോധ്യമായപ്പോൾ അയാൾ തിരിഞ്ഞ് പറന്നു, മുറിക്ക് പുറത്തേക്ക്...ഇല്ല, തനിക്ക് ഇതൊന്നും കാണാനുള്ള കരുത്തില്ല. എവിടെയോ എന്തോ തെറ്റ് സംഭവിച്ചിരിക്കുന്നു. ആരുടെയോ പിഴവിന്‌ താൻ ശിക്ഷ അനുഭവിക്കുകയാണ്‌. അപ്പോൾ അയാൾ ഒന്നു മനസ്സിലാക്കി. തനിക്ക് ഒരായിരം ഗന്ധങ്ങൾ അറിയാനാകുന്നു. അടുക്കളയിൽ നിന്നും കറികളുടെ, അകത്തെ മുറിയിൽ കൊളുത്തിൽ തൂങ്ങി കിടക്കുന്ന മുഷിഞ്ഞ തുണികളുടെ, മുറിയുടെ മൂലയിൽ അടുക്കി വെച്ചിരിക്കുന്ന പഴയ പത്രങ്ങളുടെ...അങ്ങനെ പലതും...പലതും. അയാൾ മുൻവശത്തെ മുറിയിലേക്ക് പറന്നു. ഗേറ്റും കടന്ന് ആരൊക്കെയോ ഓടി വരുന്നു. അയാൾ മുറിയുടെ സീലിംഗിൽ ഒരു കോണിൽ പോയി ഇരുന്നു.

രാത്രി വരെ അയാൾ അവിടെ തന്നെ ഇരുന്ന്‌ സകലതും കണ്ടു. പലവട്ടം കണ്ണുകളിറുക്കിയടച്ച് ഇരുന്നു നോക്കി. തുറക്കുമ്പോൾ വീണ്ടും പഴയ രമേശനായി മാറിയാലോ? ഇല്ല, അങ്ങനെ ഒന്നും സംഭവിച്ചില്ല. രമേശൻ കട്ടിൽ നിന്നും മാറ്റപ്പെട്ടു. മുൻവശത്തെ മുറിയുടെ നടുവിലേക്ക് നീക്കം ചെയ്യപ്പെട്ടു. മൂക്കിന്റെ ഇരുദ്വാരങ്ങളും പഞ്ഞിക്കഷ്ണം കൊണ്ട് മൂടപ്പെട്ടു. കാലുകളുടെ തള്ളവിരലുകൾ കൂട്ടിക്കെട്ടപ്പെട്ടു. താടിയിൽ ഒരു കെട്ടു വന്നു. വെള്ള വസ്ത്രം കൊണ്ട് മൂടപ്പെട്ടു. ഇതു മുഴുക്കെയും സത്യമാണ്‌. പരമാർത്ഥം. താനൊരു ഈച്ചയായി മാറപ്പെട്ടിരിക്കുന്നു. താൻ ഏറ്റവും വെറുത്തിരുന്ന, ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്ന, നിർദ്ദയം ജീവനെടുത്തിരുന്ന, നിസ്സാരമായ, അവലക്ഷണം നിറഞ്ഞ ശരീരമുള്ള ഒരു ഈച്ച. അയാൾക്ക് ഒരേ സമയം കരച്ചിലും, തന്റെ വിധിയേക്കുറിച്ചോർത്ത് അപമാനവും തോന്നി. ആകെയൊരാശ്വസം തന്നെ ആരും ഈ രൂപത്തിൽ തിരിച്ചറിയില്ല എന്നത് മാത്രം. അറിഞ്ഞിരുന്നെങ്കിൽ തലതല്ലി ചിരിച്ച് പരിഹസിക്കുമായിരുന്നു.

രാത്രിയായി. പലരും വന്നു. ദൂരെ നിന്ന് പോലും. പിണങ്ങിയിരുന്ന ബന്ധുക്കളും, അകന്ന സുഹൃത്തുക്കളും. എല്ലാവരേയും ഒറ്റ ദിവസം കൊണ്ട് കാണാനായി. പക്ഷെ അവരോട് ഒരു വാക്ക് പോലും പറയാനാവില്ല. ഷീലയെ സമാധാനിപ്പിക്കണമെന്നുണ്ട്. പക്ഷെ എന്ത് പറഞ്ഞാണ്‌? എങ്ങനെയാണ്‌? ഒരു ദിവസം കൊണ്ട് തന്നെ താനീ ജന്മം വെറുത്ത് കഴിഞ്ഞിരിക്കുന്നു. എങ്ങനേയും ഈ ശരീരം ഉപേക്ഷിക്കണം. ഉപേക്ഷിച്ചിട്ട്?...അറിയില്ല...എന്താവും? താൻ ഇത്രനാളും അടിച്ച് കൊന്ന അസംഖ്യം ഈച്ചകളെ കുറിച്ച് അയാളോർത്തു. അപ്പോൾ...ആ ഈച്ചകളൊക്കെയും...ആരൊക്കെയോ ആയിരുന്നു? ഒരുപക്ഷെ മുൻപെ കടന്നു പോയ...തന്നെയൊന്ന് കാണാൻ വന്ന ആരെങ്കിലുമായിരിക്കുമോ? അവരെയൊക്കെ...പക്ഷെ താൻ അവരെയൊന്നും തിരിച്ചറിയാത്തത് കൊണ്ടല്ലെ?... ഈ വക വിചിത്ര ചിന്തകൾ തനിക്കുണ്ടാവാതിരിക്കാൻ എന്താണ്‌ വഴി? ഒന്നും ചിന്തിക്കാതിരിക്കാൻ കഴിയണം. അതാണിപ്പോഴത്തെ ആഗ്രഹം. നേർത്തൊരു ഗന്ധം അപ്പോൾ അനുഭവപ്പെട്ടു. ചീഞ്ഞളിഞ്ഞ, അഴുകിയ എന്തോ ഒന്നിന്റെ ഗന്ധം... അത് ചിലപ്പോൾ... തന്റെ ശരീരത്തിൽ നിന്ന് തന്നെ ആവണം. അതെ. പുതപ്പിട്ട് മൂടിയ തന്റെ തന്നെ ശരീരത്തിൽ നിന്നാണത്...എന്തസഹ്യമാണത്... ചിലപ്പോൾ...ചിലപ്പോൾ ഇതാവണം ആ ഗന്ധം...മരണത്തിന്റെ ഗന്ധം.

ഷീല, പുതച്ചിട്ടിരിക്കുന്ന തന്റെ നിശ്ചലശരീരത്തിനരികിൽ തന്നെ ഇരിക്കുന്നു. എന്തിനാണവൾ അവിടെ തന്നെ ഇരിക്കുന്നത്? താനിപ്പോൾ അവിടെയില്ല. അത് അഴുകി തുടങ്ങിയ ഒരു മാംസകഷ്ണം മാത്രമാണ്‌. വെറും ഒരു കൂട്‌. ഒരൊഴിഞ്ഞ കൂട്. ജീവന്റെ കണിക പോലും അതിനുള്ളിലില്ല. പുതച്ച് കിടത്തിയിരുന്ന ശരീരത്തിന്റെ അരികിലേക്കയാൾ പറന്നു ചെന്നു. അതിന്റെ നെറ്റിയിൽ ചെന്നിരുന്നു. തണുപ്പ്. എന്തൊരു വൈചിത്ര്യം! തനിക്ക് തന്നെ ഇപ്പോഴാണ്‌ ശരിക്ക് കാണാനായത്. ഒരിക്കലും ഒരാൾക്ക് കാണാൻ സാധിക്കാത്തതൊക്കെയും തനിക്കിപ്പോൾ കാണാം. പെട്ടെന്ന് ഒരു തണുത്ത് കാറ്റ് വീശി വരുന്നതായി അനുഭവപ്പെട്ടു. കാറ്റിന്റെ അലകളുടെ ശബ്ദം. ഒരു കൈ തന്റെ നേർക്ക് വരുന്നു. ആ കൈ അയാൾക്ക് തിരിച്ചറിയാനായി. മകന്റേതാണ്‌. അയാൾ പെട്ടെന്ന് പറന്നു പൊങ്ങി. വായുവിലൂടെ കൈ തന്നെയും കടന്ന് പോകുന്നത് അയാൾ കണ്ടു. അയാൾ വീണ്ടും പറന്ന് പൊങ്ങി സീലിംഗിൽ മുൻപ് ഇരുന്ന കോണിൽ പോയി ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ധനുഷ് എഴുന്നേക്കുന്നത് കണ്ടു. അവൻ അടുക്കളയിലേക്കാണ്‌ പോയത്.
അയാൾ അവൻ പോകുന്നതും നോക്കി ഇരുന്നു.
പാവം...അവനിപ്പോൾ ഒറ്റയ്ക്കായി പോയിരിക്കുന്നു...
അയാൾ അവന്റെ പിന്നാലെ ചെന്നു. ധനുഷ് ചെന്ന് ഒരു സ്റ്റീൽ പാത്രത്തിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വെള്ളം പകരുന്നത് കണ്ടു. അത് കണ്ടപ്പോൾ അയാൾക്ക് ദാഹം വന്നു. അവൻ വെള്ളം പകർന്നപ്പോൾ ഒന്നു രണ്ട് തുള്ളികൾ മേശപ്പുറത്ത് വീണത് ശ്രദ്ധിച്ചിരുന്നു. അയാൾ മേശയിലേക്ക് പറന്നിറങ്ങി. ഈ രണ്ട് തുള്ളികൾ ധാരാളം. ആ പാത്രത്തിൽ വീണാൽ താൻ ചിലപ്പോൾ മുങ്ങി മരിച്ചെന്ന് വരും... അയാൾ പതിയെ മുൻകാലുകൾ നീട്ടി തുള്ളികളിലൊന്നിൽ തൊട്ടു. പറ്റിപ്പിടിച്ച വെള്ളം വായ്ക്കരികിലേക്ക് കൊണ്ടു വന്നു. അപ്പോൾ വീണ്ടും അനുഭവപ്പെട്ടു, കാറ്റിന്റെ ഇരമ്പം.. വായിൽ വെള്ളം നിക്ഷേപിച്ച ശേഷം അയാൾ പറന്നുയർന്നു. അപ്പോഴയാൾ കണ്ടു, ധനുഷ് കൈ വീശിയതാണ്‌. അയാൾ പറന്ന് അവന്റെ മുഖത്തിന്‌ നേർക്ക് ചെന്നു.
‘ടാ...ഇത് അച്ഛനാടാ...ഇങ്ങോട്ട് നോക്ക്’
അയാൾ പറയാൻ ശ്രമിച്ചു. ഇല്ല തന്റെ ശബ്ദം ഒരിക്കലും അവന്റെ ചെവിയിൽ എത്തില്ല.
ധനുഷ് കൈ വീശി അയാളെ തട്ടിമാറ്റാൻ ശ്രമിച്ചു. ഒന്നു വെട്ടിച്ചൊഴിഞ്ഞിട്ട് അയാൾ വീണ്ടും അവന്റെ മുന്നിൽ വന്നു.
‘നീ ഇങ്ങോട്ടൊന്ന് സൂക്ഷിച്ച് നോക്ക്... ഒന്ന് നോക്കടാ...നിന്റെ അച്ഛനാ ഇത്...’
എന്താണ്‌ താനീ പറയുന്നത്?...താനിപ്പോൾ ആരാണെന്ന് മറന്നു പോകുന്നു! എങ്ങനെയാണിവൻ തന്നെ തിരിച്ചറിയുന്നത്!
ഇത്തവണം ധനുഷ് അല്പം കൂടി അക്ഷമനായി. ഇരുകൈകളും വീശി അവൻ ഈച്ചയെ ഓട്ടിച്ച് വിടാൻ ശ്രമിച്ചു. അയാൾ അവന്റെ ചുറ്റിലുമായി പറന്ന് കൊണ്ടിരുന്നു. തന്റെ ചിറകടി ശബ്ദം അവന്‌ അലോസരമായോ? ധനുഷ് ചുറ്റിലും കണ്ണുകൾ കൊണ്ട് പരതുന്നത് കണ്ടു.
പറക്കുന്നതിനിടയിൽ അയാൾ കണ്ടു, അവൻ ചുവരിനോട് ചുരുണ്ട് കിടക്കുന്ന ഒരു വസ്തു കൈയ്യിലെടുക്കുന്നത്. അത് എന്താണെന്ന് തിരിച്ചറിയാൻ ഒരു പ്രയാസവുമുണ്ടായില്ല. താൻ രാവിലെ ചുരുട്ടിയെടുത്ത ‘ആയുധമാണ്‌’ -  തന്റെ ബാറ്റ്! അവനതിന്റെ ഒരു വശം ചുരുട്ടി കൈയ്യിൽ മുറുക്കെ പിടിക്കുന്നത് കണ്ടു.
‘ഇല്ല മോനെ...നിന്നോടൊരു മത്സരത്തിനില്ല..’
ഒന്ന് രണ്ട് വട്ടം അവനത് അയാളുടെ നേർക്ക് വീശി. അയാൾ അപ്പോഴൊക്കെയും നിഷ്പ്രയാസം ഒഴിഞ്ഞ് മാറി. 
‘നിനക്കെന്നെ ഒന്നും ചെയ്യാനാവില്ല മോനെ...ഇല്ല, നിനക്കതിനുള്ള കഴിവില്ല...’
ധനുഷ് കൂടുതൽ ആക്രമണോത്സുകത കാട്ടിക്കൊണ്ട് കൈയ്യിലിരുന്ന ബാറ്റ് അയാളുടെ നേർക്ക് തുടർച്ചയായി വീശിക്കൊണ്ടിരുന്നു.
അയാൾ വെട്ടിയൊഴിഞ്ഞ് ജനലിന്റെ കറുത്ത കമ്പികളിലൊന്നിൽ ചെന്നിരുന്നു. 
‘എവിടെ പോയി...?
അയാൾ തന്റെ മകനെ തന്നെ സൂക്ഷിച്ചു നോക്കി കുറച്ച് നേരമിരുന്നു.
മകനെ തന്നെ നോക്കി ഇരിക്കെ അയാൾക്ക് തോന്നി. എന്തിനാണ്‌...എന്തിനാണ്‌ താനിങ്ങനെ?...വെറുതെ...
ഇതാണവസരം. ഇതാണാ നിമിഷം...തന്റെ മകന്റെ കൈ കൊണ്ട്...മലവെള്ളം പോലെ പാഞ്ഞു വന്ന തുടർച്ചിന്തകളെ അയാൾ തടഞ്ഞു. 
ഇല്ല, ഇനി ഒന്നും ആലോചിക്കാനില്ല.
അയാൾ പറന്നു പൊങ്ങി. ചുറ്റിലും തിരിഞ്ഞ്‌ നോക്കിക്കൊണ്ടിരുന്ന അവന്റെ അടുത്തേക്ക് അവൻ കാണത്തക്കവണ്ണം അയാൾ പറന്നു ചെന്നു. എന്നിട്ട് അടുക്കളയുടെ മേശപ്പുറത്ത് ചെന്നിരുന്നു. മനസ്സ് ശൂന്യമായതായി അയാൾക്കനുഭവപ്പെട്ടു. തികഞ്ഞ ശൂന്യത. തികഞ്ഞ സമാധാനം. വല്ലാത്തൊരു പൂർണ്ണത. അതേ. ഇതാണ്‌ തനിക്ക് വേണ്ടത്. ഇത് തന്നെയാണ്‌. തരിമ്പും സംശയമില്ല.
തന്റെ അരികിലേക്ക് ശബ്ദം ഉണ്ടാക്കാതെ വരുന്ന തന്റെ മകനെ അയാൾ കണ്ടു.
‘നീ വരുന്നത് എനിക്ക് കാണാം മോനെ...നിനക്കായി ഞാൻ കാത്തിരിക്കുകയാണ്‌...’
നീ ജയിച്ചോളൂ...ഈ ചെറിയ ജയം നിനക്കൊരാശ്വാസമായിക്കോട്ടെ...
അയാൾ കണ്ണ്‌ തുറന്ന് തന്റെ മകനെ തൃപ്തിയോടെ നോക്കി ഇരുന്നു. 
‘ഇനി എന്നാണ്‌ നിന്നെ? അറിയില്ല...സാരമില്ല...ഇതാവണം എന്റെ വിധി...ഇത്ര സമയമേ എനിക്ക് വിധിച്ചിട്ടുണ്ടാവൂ..‘
അയാൾ തല കുനിച്ചു.
’ക്ഷമിക്ക് മോനെ...നിനക്ക് വേണ്ടി അധികമൊന്നും ഈ അച്ഛന്‌ ചെയ്യാനായില്ല...നീ ഈ അച്ഛനെ മറക്കരുത് കേട്ടോ..‘
ശേഷം അയാൾ കണ്ണുകളിറുക്കിയടച്ചു.
ഇരുട്ട് നിറയും മുൻപ് അയാൾ കേട്ടു, അവസാനമായി, തന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന കാറ്റിന്റെ അലകളുടെ ഇരമ്പൽ...
’ഠപ്പ്!‘
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക