Image

കവിയും ഗാനരചയിതാവുമായ ശ്രീ.കെ.ജയകുമാറിനെ സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദി ആദരിച്ചു

സര്‍ഗവേദി ടീം Published on 15 October, 2024
കവിയും ഗാനരചയിതാവുമായ ശ്രീ.കെ.ജയകുമാറിനെ സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദി ആദരിച്ചു

സാന്‍ഫ്രാന്‍സിസ്‌കൊ ബേ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ കലാ സാംസ്‌കാരിക സംഘടനയായ സര്‍ഗ്ഗവേദി, എഴു്ത്തുകാരനും കവിയും ഗാനരചയിതാവും ചിത്രകാരനും ഐഎഎസ് ഓഫീസറും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന കെ.ജയകുമാറിന്റെ സാഹിത്യ ജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. 2024 ഒക്ടോബര്‍ 11 വൈകുന്നേരം ബേ ഏരിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിലക്കോണ്‍ ആന്ധ്രയിലാണ് 'സംഗീത നൃത്ത സായാഹ്നം' എന്ന് പേരിട്ട ആഘോഷപരിപാടികള്‍ അരങ്ങേറിയത്.

ബേ ഏരിയയിലെ ഇരുനൂറിലധികം സഹൃദയര്‍ പങ്കെടുത്ത ഈ പരിപാടി, ഷീബ അമീര്‍(സോലസ് ഫൗണ്ടര്‍), മറ്റ് മലയാളി സംഘടന പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

സര്‍ഗ്ഗവേദി പ്രസിഡന്റ് ജോണ്‍ കൊടിയന്‍ കെ.ജയകുമാറിനും അവിടെ എത്തിയവര്‍ക്കും സ്വാഗതം ആശംസിച്ചു. അമേരിക്കയില്‍ എത്തുന്ന മലയാളി സാഹിത്യകാരന്മാരേയും കലാകാരന്മാരേയും ആദരിക്കുക, ഇവിടെയുള്ള മലയാളി സമൂഹത്തിന് അവരെ ശ്രവിക്കുവാനും അവരുമായി പരിചയപ്പെടുവാനും ആശയവിനിമയത്തിനും വേദിയൊരുക്കുക എന്നിവ സര്‍ഗ്ഗവേദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും മലയാളസിനിമയ്ക്കും മലയാളകവിതക്കും വിവര്‍ത്തനസാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ കെ.ജയകുമാറിന്റെ എഴുത്തിലെ അഞ്ച് ദശാബ്ദങ്ങളെ ആദരിക്കുവാന്‍ അവസരം ലഭിച്ചത് ഇവിടെയുള്ള മലയാളികളുടെ ഭാഗ്യമാണെന്നും അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.


തുടര്‍ന്ന്, അന്‍പത് വര്‍ഷങ്ങള്‍ തികച്ച കെ. ജയകുമാറിന്റെ സാഹിത്യരംഗത്തെ ജീവിതത്തെ ആദരിച്ചുകൊണ്ട് സര്‍ഗ്ഗവേദി അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസിഡന്റ് ജോണ്‍ കൊടിയന്‍, സെക്രട്ടറി ടോം ആന്റണി, ട്രഷറര്‍ വിനോദ് മേനോന്‍, എക്‌സിക്യൂട്ടീവ് അംഗം രാജി മേനോന്‍, സര്‍ഗവേദി അംഗങ്ങളായ ശ്യാംചന്ദ്, ദാമു കേശവത്, ശ്രീവത്സന്‍ എന്നിവര്‍ ചേര്‍ന്നാണ് കെ.ജയകുമാറിന് അവാര്‍ഡ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ നാള്‍ ഇതുവരെയുള്ള ഔദ്യോഗിക സാഹിത്യ വഴികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോയും പ്രദര്‍ശിപ്പിച്ചു.


തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ എങ്ങിനെയാണ് സാഹിത്യരചനക്ക് സമയം കണ്ടെത്തിയതെന്ന് വിവരിച്ചുകൊണ്ടായിരുന്നു ജയകുമാര്‍ അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്. കവിയായും ഗാനരചയിതാവായും എഴുത്തുകാരനായും ചിത്രകാരനായും ഉള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ രസകരമായ രീതിയില്‍ അവിടെക്കൂടിയ മലയാളികളോട് പങ്കുവച്ചു. അദ്ദേഹത്തിന്റെ കവിതകളുടേയും അതിപ്രശസ്തമായ സിനിമാഗാനങ്ങളുടേയും പിറവികള്‍ക്ക് പുറകിലുള്ള കഥകള്‍ കെ.ജയകുമാര്‍ എന്ന പ്രതിഭയോട് കൂടുതല്‍ ആദരവ് തോന്നുന്നതായിരുന്നു.

സര്‍ഗ്ഗവേദി അംഗമായ ശ്രീ.ദീപേഷ് ഗോവിന്ദന്‍ എം.സി.ആയി പരിപാടികള്‍ നിയന്ത്രിച്ച ചടങ്ങില്‍ ജയകുമാറിന്റെ പ്രശസ്തമായ ഗാനങ്ങള്‍ ഐപിഎസി(Indian Performing Arts Collective) ലെ പ്രഗല്‍ഭരായ ഗായകര്‍ അതീവഹൃദ്യമായി അവതരിപ്പിച്ചു. ജയകുമാറിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങളുടെ നൃത്ത ചുവടുകളുമായി സുനിതാ ജയകുമാറും(മന്ദാരം സ്‌ക്കൂള്‍ ഓഫ് ഡാന്‍സ്, മൗണ്ടൈന്‍ ഹൗസ്) സേതുലക്ഷ്മി പ്രദീപും(ബോളി എക്‌സ്) നേതൃത്വം നല്‍കിയ ടീം അവതരിപ്പിച്ച ഡാന്‍സുകള്‍ കാണികളുടെ മനം കവര്‍ന്നു. നാരായണസ്വാമി സാക്‌സോഫോണില്‍ അവതരിപ്പിച്ച 'കളരി വിളക്ക് തെളിഞ്ഞതാണോ' എന്ന ഗാനം ശ്രോതാക്കളെ ആ മനോഹര ചിത്രത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സോലസ് ഫൗണ്ടര്‍ ഷീബ അമീറിനെ സര്‍ഗ്ഗവേദി പൊന്നാട അണിയിച്ച് ആദരിച്ചു. ബേ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ മങ്ക, ബേ മലയാളി, പുണ്യം, മോഹം, ലയണ്‍സ് ക്ലബ്, ഐപിഎ.സി. എന്നീ സംഘടനകള്‍ കെ.ജയകുമാറിനെ ആദരിച്ച ചടങ്ങും നടന്നു.

സര്‍ഗ്ഗവേദി സെക്രട്ടറി ടോം ആന്റണി ശ്രീ.കെ.ജയകുമാറിനും യോഗത്തില്‍ പങ്കെടുത്തവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുവാനും കുശലം പറയുവാനും ഒരുമിച്ച് ഫോട്ടോയെടുക്കുവാനുമുള്ള തിരക്ക്, കെ.ജയകുമാര്‍ എന്ന പ്രതിഭയോട് ജനങ്ങള്‍ക്കുള്ള ആദരം വിളിച്ചോതുന്നതായിരുന്നു. ബേ ഏരിയയിലെ മലയാളി സമൂഹത്തിന് കെ.ജയകുമാര്‍ എന്ന ബഹുമുഖപ്രതിഭയെ അടുത്ത് പരിചയപ്പെടുവാനും മനസ്സ് തുറന്ന് സംസാരിക്കുവാനും അവസരമൊരുക്കിയതില്‍ സാന്‍ഫ്രാന്‍സിസ്‌കൊ സര്‍ഗ്ഗവേദിക്ക് അഭിമാനിക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക