അമേരിക്കയിൽ കാലാകാലങ്ങൾ ആയിട്ടുള്ള പ്രകൃതി ദുരന്തമാണ് hurricane അഥവാ മാരക കൊടുംകാറ്റ്.
.
നോർത്ത് കരോലീന, ടെക്സസ്, ന്യൂ ഓർലിയൻസ് തുടങ്ങി ഒട്ടനവധി സംസ്‌ഥാനങ്ങളിൽ വലിയ നാശം വിതച്ച ഈ പ്രതിഭാസം കഴിഞ്ഞ കുറെ കാലങ്ങൾ ആയി ഫ്ലോറിഡാ സംസ്‌ഥാനത്തു ആണ് മാരക പ്രഹരം ഏൽപ്പിക്കുന്നത്.
.
അമേരിക്കൻസിന്റെ പേരുകളിൽ അറിയപ്പെടുന്ന ഈ കൊടുംകാറ്റ് 2005ൽ റീത്തയും 2017ൽ ഇർമയും കടന്നു ചെറിയൊരു ആശ്വാസത്തിൽ ഫ്ലോറിഡാ നിവാസികൾ ഇരിക്കുമ്പോൾ ആണ് രണ്ടു വർഷം മുൻപ് ഫോർട്ട് മയെഴ്സിന് നിലം പരിശാക്കി മറ്റൊരു കൊടുംകാറ്റ് വന്നത്.
.
ഈ വർഷം ജൂണിൽ ഡബ്ബി എന്ന പേരിലും സെപ്റ്റംബറിൽ ഹെലനും വന്നു പോയ ആശ്വാസത്തിൽ ഇരിക്കുമ്പോൾ ആണ് ഒരാഴ്ച മുൻപ് കാറ്റഗറി അഞ്ചിൽ തുടങ്ങിയ വലിയ പ്രഹരശേഷിയോടെ മിൽട്ടൺ ഫ്ലോറിഡായുടെ മധ്യ ഭാഗത്തു ഭൂമിയിൽ പതിച്ചത്.
.
സെൻട്രൽ ഫ്ലോറിഡായിൽ കനത്ത നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കി മിൽട്ടൺ കടന്നു പോയപ്പോൾ കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നുള്ള മുൻകൂർ ആയുള്ള അറിയിപ്പിന് തുടർന്ന് കുറെ അധികം ജനങ്ങൾ ചെയ്തത് അന്യ സംസ്‌ഥാനങ്ങളിലേയ്ക്കു പാലായനം ചെയ്യുക എന്ന ഏറ്റവും സുരക്ഷിത മാർഗം ആയിരുന്നു.
.
വീടുകളുടെ ജനാലകളും ഗ്ലാസ് ഡോറുകളും പ്ലൈവുഡ് കൊണ്ടോ ഗട്ടർ കൊണ്ടോ മറച്ച ശേഷം വീട്ടിൽ പകുതി സുരക്ഷയോടെ കഴിഞ്ഞു കൂടിയവരും കുറവല്ല. ഒരു വലിയ വിഭാഗം ആൾകാർ ചെയ്യുന്നത് കൊടുംകാറ്റിന് പ്രതിരാധിക്കാൻ ഉള്ള ഷെൽട്ടർ ആയി ബിൽഡ് ചെയ്തിരിക്കുന്ന കെട്ടിടങ്ങളിൽ അഭയം പ്രാപിക്കുക എന്നുള്ളതാണ്.
.
ഇങ്ങനെ ഒരു കൊടുംകാറ്റ് ഉണ്ടാകുമ്പോൾ ഇത് ആഘോഷിക്കുന്ന ഒരു വിഭാഗം ജനങ്ങളും അമേരിക്കയിൽ ഉണ്ട്. മലയാളികൾ ഇത് ആഘോഷിക്കുന്നത് മൂന്നും നാലും ഫാമിലി ഒരു വീട്ടിൽ ഒന്നിച്ചു കൂടി അവർക്കാവശ്യമായ ഭക്ഷണം പാകം ചെയ്തു ബാർബിക്യു, ബർഗർ, ഹോട്ഡോഗ് തുടങ്ങി നമ്മുടെ നാടൻ കപ്പയും മീൻ കറിയും വരെ ഉണ്ടാകും.
.
ചീട്ടുകളി, കാരംസ്കളി, ചെസ്സ് തുടങ്ങി കാറ്റിന്റെ തീവ്രതയ്ക്കു അനുസരിച്ചു ടേബിൾ ടെന്നിസ്സും കസേരകളി വരെ ഉണ്ടാകും.
.
മാരക കൊടുംകാറ്റു മിൽട്ടൺ വിതച്ച വലിയ നഷ്ടങ്ങൾ പോലെ ഇനിയും മറ്റൊരു പ്രകൃതി ദുരന്തം ഈ സുന്ദര ഭൂമിയിൽ ഉണ്ടാകാതിരിക്കട്ടെ.