Image

ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി എം ആര്‍ അജിത്കുമാറിന്റെ സന്ദർശനം വ്യക്തിപരമായ നേട്ടങ്ങൾക്ക് ; അൻവറിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് മുഖ്യമന്ത്രി

Published on 15 October, 2024
ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി എം ആര്‍ അജിത്കുമാറിന്റെ സന്ദർശനം വ്യക്തിപരമായ നേട്ടങ്ങൾക്ക് ; അൻവറിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് മുഖ്യമന്ത്രി

എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കാകാമെന്നാണ് സര്‍ക്കാരിന്റെ അന്വേഷണ റിപോര്‍ട്ട്. രാഷ്ട്രപതിയുടെ പോലീസ് മെഡലിനുവേണ്ടി കൂടിക്കാഴ്ച നടത്തിയെന്നാണ് സംശയമെന്നും എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു വച്ച അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

എഡിജിപി ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണ്. സന്ദര്‍ശനലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. എഡിജിപി ഷാജന്‍ സ്‌കറിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഡിജിപി തള്ളി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

ഉപോല്‍ബലകമായ തെളിവുകളില്ലാതെയാണ് അന്‍വര്‍ പല ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

എഡിജിപിയുടെ ഓഫിസില്‍ ഫോണ്‍ ചോര്‍ത്തല്‍ സംവിധാനങ്ങളില്ല. പി വി അന്‍വര്‍ ആരോപിച്ചത് പോലെ നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപോര്‍ട്ടില്‍ പറയുന്നു.

മാമി തിരോധാന കേസിലെ ഇടപെടലില്‍ എം ആര്‍ അജിത് കുമാറിനെതിരെ റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെ പ്രത്യേക സംഘത്തിന്റെ തലവനായി നിയമിച്ചു. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഓഫിസര്‍മാരെയും കമ്മീഷണറെയും ഒഴിവാക്കി കൊണ്ടായിരുന്നു ഇത്. എഡിജിപിയുടെ ഈ നടപടി അനുചിതം. ഇത് അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയിടുകയും ചെയ്തുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപോര്‍ട്ടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക