Image

വിളിക്കാതെ വന്ന് വനിതാ നേതാവ് കുറ്റപ്പെടുത്തി; അപമാനിതനായി കണ്ണൂർ എഡിഎം ജീവനൊടുക്കി

Published on 15 October, 2024
വിളിക്കാതെ വന്ന് വനിതാ നേതാവ് കുറ്റപ്പെടുത്തി; അപമാനിതനായി കണ്ണൂർ എഡിഎം ജീവനൊടുക്കി

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ കണ്ണൂർ ജില്ലാ കളക്ടറോട് സർക്കാർ റിപ്പോർട്ട് തേടി.

യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ താമസിക്കുന്ന പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുഇടത്തില്‍ അപമാനിച്ചതില്‍ മനംനൊന്താണ് എഡിഎം ജീവനൊടുക്കിയതെന്നാണ് ആക്ഷേപം.

കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഃഖകരവുമാണ്. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തില്‍ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.

യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എന്നാല്‍, അവിടേക്ക് നാടകീയമായി കടന്നുവന്ന് അവര്‍ ജില്ലാ കലക്ടറുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു.   ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ ദിവ്യ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്ബ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.    പി.പി.ദിവ്യ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് നവീന്‍ ബാബുവിന്റെ മരണം.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു ദിവ്യ പ്രസംഗം തുടങ്ങിയത്. ജില്ല കലക്ടർ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്ബോള്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിട്ടു.

പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീൻ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെ നാളായി മോഹിച്ച് കിട്ടിയ സ്ഥലം മാറ്റം ; നവീന്റെ വരവും കാത്തിരുന്ന വീട്ടുകാർക്ക് ലഭിച്ചത് മരണവാർത്ത  

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയെന്ന വാര്‍ത്തയറിഞ്ഞ് നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിരമിക്കാന്‍ വെറും ഏഴുമാസം മാത്രം ബാക്കി നില്‍ക്കേ, ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ച് വാങ്ങിയ സ്ഥലംമാറ്റത്തിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണം. സര്‍വീസിന്റെ അവസാന നാളുകള്‍ കുടുംബത്തിനൊപ്പം കഴിയാന്‍ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയെന്ന വാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം ലഭിച്ചതിനുശേഷം അദ്ദേഹം ഇന്ന് പത്തനംതിട്ടയില്‍ എത്തേണ്ടതായിരുന്നു. ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങുന്ന നവീന്‍ ബാബുവിനെയും കാത്ത് ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അദ്ദേഹം വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ വാര്‍ത്തയറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ കണ്ണൂരില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുന്നില്‍ നവീന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ ജില്ലാ കലക്ടറുടെ ഗണ്‍മാനാണ് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ചനിലയില്‍ ആദ്യം കണ്ടത്.

നവീന്‍ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് കുടുംബം പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ലെന്നും കുടുംബം വ്യക്തമാക്കി. നവീന്‍ ബാബുവിന്റേത് സിപിഎം കുടുംബമാണ്. നവീന്‍ ബാബുവിന്റെ അമ്മ സിപിഎം സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്ന് ഭാര്യാപിതാവ് പറഞ്ഞു. ഇടതുസംഘടനാംഗമായ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുന്‍ ഭാരവാഹിയും കോന്നി ഡപ്യൂട്ടി തഹസില്‍ദാര്‍ കൂടിയാണ്. നവീനും മഞ്ജുഷയ്ക്കും രണ്ട് പെണ്‍മക്കളാണ്. ഇരുവരും വിദ്യാര്‍ഥികളാണ്. നവീന്‍ ബാബുവിന്റേത് ഒരു മോശം കരിയറായിരുന്നില്ലെന്നും നാട്ടില്‍ അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പ്രതിഷേധം ; കണ്ണൂരിൽ നാളെ ഹർത്താൽ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അതേസമയം, എഡിഎം നവീന്‍ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിമര്‍ശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. എന്നാല്‍ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അതേപടി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു എന്നതല്ലാതെ കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. ദിവ്യക്കെതിരായി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോടും ജയരാജന്‍ പ്രതികരിച്ചില്ല.

'ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ അങ്ങനെ പറഞ്ഞത് അഴിമതിക്കെതിരായി സദുദ്ദേശ്യത്തോടെയാണ്. ജനപ്രതിനിധിയാകുമ്പോള്‍ സ്വന്തം അനുഭവത്തിലുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ ജനങ്ങള്‍ പറയും. അങ്ങനെ പറഞ്ഞുകേട്ട ജനകീയ സങ്കടങ്ങളാണെങ്കില്‍ പോലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച എല്ലാ പരാതികളും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ്.' ജയരാജന്‍ പറഞ്ഞു.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പമ്പ്  ഉടമ; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്ത്

കണ്ണൂർ: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു പെട്രോള്‍ പമ്ബിന് എൻഒസി നല്‍കുന്നതിനായി പമ്ബുടമയില്‍നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ച്‌ പമ്ബ് ഉടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തുവന്നു. കണ്ണൂർ നിടുവാലൂരില്‍ ടി വി പ്രശാന്തൻ എന്നയാളില്‍നിന്ന് പമ്ബ് ഔട്ട്‌ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതി.

പമ്ബിന്റെ അനുമതിക്കായി കണ്ണൂർ എഡിഎം നവീൻ ബാബുവിന് അപേക്ഷ സമർപ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയില്‍ പറയുന്നു. തുടർന്ന് ഒക്ടോബർ 6ന് നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ ഈ ജന്മത്തില്‍ അനുമതി നല്‍കില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും ജോലികളിലും തടസ്സം സൃഷ്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് 98,500 രൂപ നവീന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ എത്തിച്ചു നല്‍കി. പിന്നീട് ഒക്ടോബർ എട്ടിന് പെട്രോള്‍ പമ്ബിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തൻ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക