Image

അനീതിക്കും അഴിമിതിക്കുമെതിരേ; വേട്ടയാന്‍-റിവ്യൂ

Published on 15 October, 2024
 അനീതിക്കും അഴിമിതിക്കുമെതിരേ; വേട്ടയാന്‍-റിവ്യൂ

ആരാധകരെ തൃപ്തിപ്പെടുത്താന്‍ പാകത്തിലാണ് എല്ലാ കാലവും സൂപ്പര്‍ സ്റ്റാര്‍ രജീകാന്തിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുക. ഇത്തവണയും അതിന് മാറ്റമൊന്നും വന്നിട്ടില്ല. കബാലിയും ജയിലറും പോലെ സമൂഹത്തിലെ അനീതിക്കും കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരേ പോരാടുന്ന കരുത്തുറ്റ നായക വേഷം തന്നെയാണ് രജനീകാന്തിന് ഈ ചിത്രത്തിലും. ഒപ്പം അമിതാഭ് ബച്ചന്‍, റാണാ ദഗുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ പടം വേറെ ലെവലായി മാറുന്നു.

തമിഴ്‌നാട് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ് എസ്.പിയായ അതിയന്‍. കന്യാകുമാരി ജില്ലയിലെ എസ്.പിയാണ് അദ്ദേഹം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ ശരണ്യ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസ് നടത്താന്‍ വേണ്ടി നല്‍കിയ ലാപ്‌ടോപ്പുകള്‍ നിലവാരമില്ലാത്തതാണെന്ന് മനസ്സിലാക്കി അതിന്റെ പിന്നിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനും വേണ്ടി എസ്.പിയുടെ സഹായം തേടുന്നു. പിന്നീട് ചെന്നൈയിലേക്ക് സ്ഥലമാറ്റം കിട്ടി ശരണ്യ അവിടേക്ക് പോവുകയാണ്. എന്നാല്‍ ഒരു ദുരൂഹ സാഹചര്യത്തില്‍ശരണ്യ സ്‌കൂളില്‍ വച്ചു തന്നെ കൊല്ലപ്പെടുന്നു.

സത്യസന്ധയും സാമൂഹിക പ്രതിബദ്ധതയുമുള്ള ശരണ്യ എന്ന അധ്യാപികയുടെ കൊലപാതകത്തിനു പിന്നിലെ ചുരുളഴിക്കാനും കുറ്റവാളിയെ കണ്ടെത്താനും വേണ്ടി എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ അതിയന്‍ രംഗത്തിറങ്ങുന്നു. യഥാര്‍ഥത്തില്‍ ശരണ്യയുടെ കൊലപാതകിയെ എന്‍കൗണ്ടര്‍ വഴി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അതിയനെ ചെന്നൈയിലേക്ക് വിളിപ്പിക്കുകയാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് 48 മണിക്കൂറിനുളളില്‍ ലക്ഷ്യം നേടിയ അതിയന്റെ മുന്നിലേക്ക് കൊല്ലപ്പെട്ടത് യഥാര്‍ത്ഥ കൊലപാതകി തന്നെയോ എന്ന വലിയ ചോദ്യം അത് സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ക്കൊപ്പം മുന്നിലേയ്ക്ക് വയ്ക്കുകയാണ് നിയമവിദഗ്ധനായ അമിതാഭ് ബച്ചന്‍. കൊല്ലപ്പെട്ടത് ഗുണ എന്ന ചെറുപ്പക്കാരന്‍ ഒരു സാധു കുടുംബത്തിന്റെ പ്രതീക്ഷയായ പഠനത്തില്‍ സമര്‍ത്ഥനായിരുന്ന പാവം ചെറുപ്പക്കാരന്‍. മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും ഗുണയുടെ പശ്ചാത്തലവും മറ്റും അറിഞ്ഞതോടെ തനിക്ക് തെറ്റുപറ്റിയതായി അതിയന്‍ തിരിച്ചറിയുന്നു. ഇതോടെ യഥാര്‍ത്ഥ കുറ്റവാളിയെ തേടി വീണ്ടും ഇറങ്ങുകയാണ് അയാളും സംഘവും. ഇതിനിടയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും തിരിച്ചടികളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം സമൂഹത്തിലെ അഴിമതിയും അതിന് ചുക്കാന്‍ പിടിക്കുന്നവരെയും അതിന് പിന്തുണ നല്‍കുന്ന ക്രിമിനല്‍ ലോകത്തെ കുറിച്ചുമെല്ലാം വളരെ നല്ല വിശദീകരണം നല്‍കുന്നുണ്ട്. വളരെ മികച്ചരീതിയിലാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയും പ്രേക്ഷകര്‍ക്ക് ആവേശം നല്‍കാന്‍ പ്രാപ്തമാണ്. എന്നാല്‍ കബാലി, ജയിലര്‍ എന്നീ ചിത്രങ്ങളിലെ രജനീകാന്തിന്റെ വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചു പോകരുത് എന്നു മാത്രം. രജനീകാന്ത് സിനിമകളില്‍ സംഘട്ടന രംഗങ്ങള്‍ക്ക് എന്തുമാത്രം ആരാധാകരുണ്ടെന്നത് പ്രത്യേകം പറയേണ്ടതില്ല. അമാനുഷികമായ പ്രകടനമെന്ന് അറിയാമെങ്കില്‍ പോലും കോരിത്തരിപ്പോടെ ആവേശപൂര്‍വ്വം കൈയ്യടിച്ചു പോകുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അതില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ വേട്ടയനില്‍ രജനീതാന്ത് മിതത്വമുള്ള ആക്ഷന്‍ രംഗങ്ങളാണ് നടത്തിയിട്ടുള്ളത് എന്നും കാണാം. ഇരുപത്തഞ്ച് പേരെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തുന്ന പതിവു രീതിക്ക് മാറ്റമൊന്നുമില്ലെങ്കിലും അതിന്റെ പ്രയോഗത്തിലും അടവിലും കുറച്ചു കൂടി സ്വാഭാവികത കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു

എല്ലാ എന്‍കൗണ്ടറിലും കൊല്ലപ്പെടുന്നത് സാധാരണക്കാരനും ദരിദ്രനുമാണെന്നും ഇത്തരം ഏറ്റുമുട്ടലുകളില്‍ സമ്പത്തുള്ളവനോ രാഷ്ട്രീയക്കാരോ കൊല്ലപ്പെടുന്നില്ലെന്നുമുള്ള അമിതാഭിന്റെ കാഴ്ചപ്പാടിനോട് അതിയനും യോജിക്കേണ്ടി വരികയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സംവിധായകന്‍ ജ്ഞാനവേലിന്റെ തന്നെ കാഴ്ചപ്പാടാണെന്നു കാണാം. സവര്‍ണ്ണര്‍ നല്ലവരെന്നും ദളിതര്‍ മോശക്കാരും മോഷണവും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നുമുള്ള കാഴ്ചപ്പാട് സമൂഹത്തിന്റെയുളളില്‍ എങ്ങനെ വേരുറപ്പിച്ചു എന്ന് ചോദിക്കുകയാണ് സംവിധായകന്‍. ഈ ചിത്രത്തില്‍ ചെയ്യാത്ത കുറ്റത്തിന് കൊല്ലപ്പെടുന്ന ഗുണ എന്ന ചെറുപ്പക്കാരനും ദളിതനും കറുത്തവനും അതുകൊണ്ടു തന്നെ ഒരു കുറ്റകൃത്യം നടന്നാല്‍ കുറ്റവാളിയെന്ന രീതിയില്‍ ആദ്യം വിരല്‍ ചൂണ്ടപ്പെടുക കറുത്തവനായ അവന്റെ നേര്‍ക്കാണെന്നും ചിത്രം വ്യക്തമാക്കുന്നു.

അമിതാഭിന്റെ കഥാപാത്രം ഏറ്റവും നിര്‍ണ്ണായകമായ കണ്ടെത്തലിലൂടെ അതിയന്റെ വഴിതിരിച്ചു വിടുന്നുണ്ട്. കമ്മീഷന്‍ ചെയര്‍മാനും നിയമവിദഗ്ധനുമെന്ന കഥാപാത്രം മികച്ച കൈയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. കോടതിയില്‍ ഇരുവരും തമ്മില്‍ കാണുന്ന അവസരങ്ങളിലെല്ലാം വെല്ലുവിളികള്‍ ഉള്ളിലടക്കിയ മുഖഭാവത്തോടെ ഇരുവരും പരസ്പരം നോക്കുന്ന സീനുകള്‍ മികച്ചതാണ്. മഞ്ജു വാര്യര്‍ക്ക് ഒരു പാട് സ്‌പേസ് ചിത്രത്തില്‍ ഇല്ലെങ്കിലും തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും 'മനസിലായോ' എന്ന ഗാനത്തിന്റെ നൃത്തച്ചുവടുകള്‍ കൊണ്ടും ആരാധകരെ സൃഷ്ടിക്കാനായിട്ടുണ്ട്. കൈയ്യടി നേടുന്ന മറ്റൊരു കതാപാത്രം ഫഹദ് ഫാസില്‍ അവതരിപ്പിച്ച പാട്രിക് എന്ന കഥാപാത്രമാണ്. കോമഡി രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ രീതിയില്‍ രജനീകാന്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. റാണാ ദഗുപതിയുടെ കോര്‍പ്പറേറ്റ് വില്ലനും സാബു മോന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. അനിരുദ്ധിന്റെ പാട്ടും ബിജുഎമ്മും ത്രില്ലിങ്ങ് എക്‌സ്പീരിയന്‍സായി.

'വഴക്ക് ' എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്ഡ് നേടിയ തന്‍മയ സോള്‍, ദുഷാര വിജയന്‍, രമ്യ സുരേഷ്, അഭിരാമി, അലന്‍സിയര്‍ എന്നീ മലയാളി താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ജയിലറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണ് വേട്ടയന്‍. സംശയമില്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക