Image

പി.പി ദിവ്യ: നാവില്‍ വിഷം തേച്ച് കൊലവിളിക്കുന്ന കണ്ണൂരിലെ ജനപ്രതിനിധി (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 16 October, 2024
പി.പി ദിവ്യ: നാവില്‍ വിഷം തേച്ച് കൊലവിളിക്കുന്ന കണ്ണൂരിലെ ജനപ്രതിനിധി (എ.എസ് ശ്രീകുമാര്‍)

മനുഷ്യശരീരത്തിലെ ഏറ്റവും കുഴപ്പം പിടിച്ച അവയവം ഏതാണെന്ന് ചോദിച്ചാല്‍ നമ്മുടെ സ്വന്തം 'നാക്ക് 'എന്ന് നിസ്സംശയം ഉത്തരം പറയാം. 'എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലെ'ന്നാണല്ലോ ചൊല്ല്. നാവിന് ഒരു മനുഷ്യനെ കൊല്ലാന്‍ ശക്തിയുണ്ടെങ്കില്‍ ആ നാവിന്റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന ഉടമയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്ന സി.പി.എമ്മുകാരി. കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ദിവ്യയുടെ മലീമസമായ കുത്തുവാക്കുകള്‍ കേട്ട് കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണിപ്പോള്‍.

പത്തനതിട്ട സ്വദേശിയായ നവീന്‍ ബാബുവിന് സര്‍വീസിന്റെ ശിഷ്ടകാലം ജോലിചെയ്യാന്‍ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ യാത്ര അയപ്പ് യോഗത്തിലാണ് അനവസരത്തിലുള്ള തന്റെ  ദുഷിച്ച വാക്കുകള്‍ ദിവ്യ യാതൊരു സങ്കോചവുമില്ലാതെ പ്രയോഗിച്ചത്. ഈ ചടങ്ങിലേക്ക് ക്ഷണം ഇല്ലാതിരുന്നിട്ടും വല്ലാത്ത ഹിഡന്‍ അജണ്ടയോടെ ഇവര്‍ വലിഞ്ഞുകയറി എത്തുകയായിരുന്നു. ദിവ്യയ്ക്ക് വ്യക്തമായ ചില പ്ലാനുകള്‍ ഉണ്ടായിരുന്നു.

ഓഫീസില്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥന് യാത്ര അയപ്പ് നല്‍കുന്നത് ആ വ്യക്തിയോടുള്ള സ്നേഹബഹുമാനങ്ങളുടെ സൂചകമായിട്ടാണ്. ചടങ്ങില്‍ സംബന്ധിക്കുന്ന വ്യക്തികളുടെ സംസാരം സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയ്ക്കോ ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേര്‍ന്നുകൊണ്ടുള്ളതാവണം. നാട്ടുനടപ്പുള്ള ഈ സാമാന്യ മര്യാദ ലംഘിച്ചുകൊണ്ടാണ് ദിവ്യ എന്ന പ്രാകൃത സത്വം ഉചിതമല്ലാത്ത കാര്യങ്ങള്‍ ഉളുപ്പില്ലാതെ പുലമ്പിയത്. അവരുടെ മുനവച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു...

''ഒരു വ്യക്തിയും പാല്‍പ്പുഞ്ചിരി കൊണ്ടോ ജീവിതത്തിലെ ലാളിത്യം കൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കണ്ട. ഞാനതുകൊണ്ട് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കണ്ണൂരില്‍ അദ്ദേഹം നടത്തിയതു പോലെ ആയിരിക്കരുത് പോകുന്നിടത്ത് നടത്തേണ്ടത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. ഉപഹാരം നല്‍കുന്ന ചടങ്ങില്‍ ഞാനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനു പ്രത്യേക കാരണം കൂടിയുണ്ട്. ആ കാരണം രണ്ടു ദിവസങ്ങള്‍ കൊണ്ട് നിങ്ങള്‍ അറിയും...'' ഇങ്ങനെ പറഞ്ഞ് അവര്‍ ധാര്‍ഷ്ഠ്യത്തോടെ മൂടും കുലുക്കി വേദി വിടുകയായിരുന്നു.

ആ യാത്ര അയപ്പ് യോഗത്തിന് ഒരിക്കലും യോജിക്കാത്ത ജീര്‍ണത മുറ്റിയ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന നവീന്‍ ബാബു ഉരുകുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ വ്യക്തമാക്കി. എ.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്ന ധ്വനിയാണ് ആ നിലവാരമില്ലാത്ത അഭിപ്രായ പ്രകടനത്തില്‍ നിറഞ്ഞു നിന്നത്. വളരെ സന്തോഷത്തോടെ പര്യവസാനിക്കേണ്ടിയിരുന്ന ആ ചടങ്ങ് അങ്ങനെ ശോകമൂകമായി. അതിന് കാരണം ദിവ്യയുടെ പിതൃശൂന്യമായ പെരുമാറ്റമാണ്.

എന്നാല്‍ മറുപടി പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശത്തെ പറ്റി നവീന്‍ ഒരക്ഷരം പോലും പ്രതികരിച്ചില്ല. അത് നവീന്റെ മാന്യത. ''കുറച്ചു മാസങ്ങള്‍ മാത്രമാണ് ഞാന്‍ കണ്ണൂരില്‍ ഉണ്ടായിരുന്നത്. എങ്കിലും ജീവനക്കാര്‍ നന്നായി സഹകരിച്ചു. നാട്ടില്‍ ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചു. നിങ്ങളുടെ നല്ല വാക്കിനും സഹായത്തിനും എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി...'' വെറും അഞ്ചു മിനിറ്റില്‍ ഒതുങ്ങിയ പ്രസംഗത്തില്‍ ജില്ലാ കളക്ടറെയും സാക്ഷിയാക്കി നവീന്‍ പറഞ്ഞു.

യോഗം അവസാനിച്ച ശേഷം തീര്‍പ്പാക്കേണ്ട അവസാന ഫയലുകളില്‍ ഒപ്പു വച്ച് നവീന്‍ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് പോയി. യാത്ര അയപ്പ് യോഗത്തില്‍ കളക്ടര്‍ സമ്മാനിച്ച ഉപഹാരം വാങ്ങിയതല്ലാതെ അത് നോക്കാനോ എടുക്കാനോ അദ്ദേഹം മുതിര്‍ന്നില്ല. നാട്ടിലേക്ക് പോകുമ്പോള്‍ ആ സമ്മാനം കൂടി കൊണ്ടുപോകണമെന്ന് ജീവനക്കാര്‍ സ്നേഹപൂര്‍വം അഭ്യര്‍ത്ഥിച്ചെങ്കിലും നവീന്‍ അതിന് കൂട്ടാക്കിയില്ല.

അവസാനമായി സര്‍വീസ് ബുക്കില്‍ ഒപ്പു വച്ച ശേഷം തകര്‍ന്ന മനസോടെ കളക്ട്രേറ്റിന്റെ പടിയിറങ്ങിയ നവീന്‍ ആറു മണി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ഷംസുദ്ദീനെ വിളിച്ച് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. രാത്രി ഏഴു മണിയോടെ കണ്ണൂരിലെത്തുന്ന മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലേയ്ക്ക് പോകാനായിരുന്നു നവീന്‍ തന്നെ വിളിച്ചതെന്ന് ഷംസുദ്ദീന്‍ പറയുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഒന്നും മിണ്ടാതെ വിഷാദ ഭാവത്തിലിരിക്കുകയായിരുന്നു നവീന്‍ എന്ന് ഷംസുദ്ദീന്‍ വ്യക്തമാക്കി. കാര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടുമുമ്പ് മുനീശ്വരന്‍ കോവിലിന് മുന്നില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്തിനെ കാണണമെന്നു പറഞ്ഞ് നവീന്‍ അവിടെ ഇറങ്ങി. ഡ്രൈവര്‍ ഷംസുദ്ദീന്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഒക്ടോബര്‍ 15-ാം തീയതി ചൊവ്വാഴ്ച വെളുപ്പാന്‍കാലം. കണ്ണൂരില്‍ നിന്നു വരുന്ന നവീനെ സ്വീകരിക്കാന്‍ കോന്നി തഹസില്‍ദാരായ ഭാര്യ കെ മഞ്ജുഷയും മക്കളായ നിരുപമയും നിരഞ്ജനയും മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടില്‍ നിന്ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് എത്തിയിരുന്നു. യാത്രക്കാര്‍ ഇറങ്ങി ട്രെയിന്‍ പോയിട്ടും നവീനെ കാണാതിരുന്നതിനാല്‍ നവീന്റെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു. തുടര്‍ന്ന് മഞ്ജുഷ ഡ്രൈവര്‍ ഷംസുദ്ദീനെ വിളിച്ചു. നവീന്‍ സാറിനെ റെയില്‍വേ സ്റ്റേഷനു സമീപം ഇറക്കിയെന്നും ഇപ്പോഴെവിയാണെന്ന് അറിയില്ലെന്നും ഡ്രൈവര്‍ മറുപടി പറഞ്ഞു.

ഇതോടെ ധര്‍മസങ്കടത്തിലായ മഞ്ജുഷയും മക്കളും വീട്ടിലേക്ക് മടങ്ങി. മഞ്ജുഷയുടെ അമ്മാവനും പ്രാദേശിക സി.പി.എം നേതാവുമായ ബാലകൃഷ്ണന്‍ നായരെ മഞ്ജുഷ വിവരം അറിയിച്ചു. ഇതോടെ അദ്ദേഹം കണ്ണൂരിലെ ഓഫീസുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ ഷംസുദീന്‍ രാവിലെ 7 മണിയോടെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴിസിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ നവീനെ കണ്ടത്. ഈ വിവരം മ്ജുഷയുടെ അമ്മവനെ അറിയിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള മുനീശ്വരന്‍ കോവിലിന്റെ മുന്നില്‍ ഒരു സുഹൃത്തിനെ കാണണമെന്ന് പറഞ്ഞിറങ്ങിയ നവീന്‍ ഒരു ഓട്ടോറിക്ഷയില്‍ ക്വോര്‍ട്ടേഴ്സിലേക്ക് തിരികെ പോകുകയാണുണ്ടായത്.

ഇതിനിടെ നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ ഒരു ലക്ഷം രൂപ ചോദിച്ചുവെന്നും 98.500 രൂപ നല്‍കിയെന്നും നിടുവാലൂരിലെ ടി.വി പ്രശാന്തന്‍ എന്ന വ്യക്തി പറയുന്നുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ നവീന്‍ ബാബു കൈക്കൂലി വാങ്ങുന്ന ആളല്ലെന്നും യാതൊരു തലത്തിലുള്ള അഴിമതി നടത്തുന്ന വ്യക്തിയല്ലെന്നും നാട്ടുകാരും സുഹൃത്തുക്കളും ഒരേ ശബ്ദത്തില്‍ പറയുന്നു.

അതേസമയം, നവീന്‍ കൈക്കൂലി ചോദിച്ചു എന്ന് അറിയാമായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്ക് അക്കാര്യം വിജിലന്‍സിനെ ചട്ടപ്രകാരം അറിയിക്കാമായിരുന്നു. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന വിവരം ലഭിച്ചിട്ടും അത് വിജിലന്‍സിനെ അടക്കം അറിയിക്കാത്തത് ദിവ്യയുടെ കുറ്റകരമായ വീഴ്ച തന്നെയാണ്. നവീന്റെ മരണത്തിന് മറ്റൊരു കാരണവും ഇല്ലെന്നിരിക്കെ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡെപ്യൂട്ടി കളക്ടറും (ജനറല്‍) അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ നവീന്‍ ബാബുവിനെ കുറിച്ച് യാതൊരു പരാതികളുമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി. നവീന്‍ ആത്ഹത്യ ചെയ്ത പശ്ചാത്തലത്തില്‍ പി.പി ദിവ്യയ്ക്കെതിരെ അതിശക്തമായ പ്രതിഷേധ ശബ്ദങ്ങളാണ് കേരളത്തിലെമ്പാടും ആഞ്ഞടിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. അനുമതി അപേക്ഷ നല്‍കിയ പെട്രോള്‍ പമ്പില്‍ പി.പി ദിവ്യയുടെ ഭര്‍ത്താവിന് പങ്കാളിത്തമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരനാണെന്നും സി.പി.എമ്മിലെ ചില നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സി.പി.എമ്മിനുള്ളിലും ദിവ്യയ്ക്കെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്.

ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അല്ലാത്ത പക്ഷം അത് നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പു ഫലങ്ങളെ ബാധിച്ചേക്കുമെന്നുള്ള ഭയവും എല്‍.ഡി.എഫില്‍ ഉണ്ടാക്കിയിട്ടുണ്ട്. ദിവ്യയ്ക്കും അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നു ആവശ്യപ്പെട്ടു മരണപ്പെട്ട നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നവീന്‍ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസിലാണ് സഹോദരന്‍ പ്രവീണ്‍ ബാബു പരാതി നല്‍കിയത്.

ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതു സമൂഹത്തിലെ ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വത കാണിക്കണമെന്ന് ദിവ്യയെ മുച്ചൂടും തള്ളിക്കൊണ്ട് റവന്യൂ മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി.എമ്മിന്റെ മരണം കൊലപാതകത്തിന് തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.

നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍ എം ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഏതോ മാനസിക വിഷമത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലയാലപ്പുഴ താഴംപത്തിശ്ശേരിയില്‍ കാരുവള്ളി കുടുംബത്തില്‍ പരേതരായ അധ്യാപക ദമ്പതികള്‍, കിട്ടന്‍ നായരുടെയും രത്നമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് നവീന്‍. സി.പി.എം കുടുംബമാണ് നവീന്റേത്. നവീന്റെ അമ്മ രത്നമ്മ 1980-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ചിട്ടയുള്ള വ്യക്തിയായിരുന്നു നവീന്‍. ക്ലാര്‍ക്കായി റവന്യു വകുപ്പില്‍ പ്രവേശിച്ച നവീന്‍, വില്ലേജ് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, റാന്നി തഹസില്‍ദാര്‍, കളക്ട്രേറ്റ് സൂപ്രണ്ട് എന്നീ പദവികളില്‍ കൂടുതല്‍ കാലവും പത്തനംതിട്ട ജില്ലയില്‍ തന്നെയാണ് ജോലി ചെയ്തത്.

ഡെപ്യൂട്ടി കളക്ടറായി കാസര്‍ഗോട്ട് പ്രവര്‍ത്തിച്ച ശേഷമാണ് നവീന്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി കണ്ണൂരില്‍ എ.ഡി.എം ആയി ജോയിന്‍ ചെയ്തത്. ഒക്ടോബര്‍ 15-ാം തീയതി ചൊവ്വാഴ്ച അദ്ദേഹം പത്തനംതിട്ട എ.ഡി.എം ആയി ചുമതലയേല്‍ക്കാനിരിക്കെയാണ് ദിവ്യ എന്ന ജനപ്രതിനിധിയുടെ വാക്കിന്റെ കൊടുംവിഷം അദ്ദേഹത്തെ ജീവിതത്തില്‍ നിന്ന് യാത്രയാക്കിയത്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏഴുമാസം ബാക്കിയുണ്ടായിരിക്കെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമൊപ്പം ജീവിക്കാനുള്ള കൊതിയോടെയാണ് അദ്ദേഹം പത്തനെതിട്ടയിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുത്തത്. കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയിലൂടെ കേരള സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ ദിവ്യയുടെ രാജിക്കു വേണ്ടി സമ്മര്‍ദ്ദമേറുകയാണ്.

ഇതൊരു പാഠമാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട സാമാന്യ മര്യാദയുടെ സംഘനമാണ് ദിവ്യ എന്ന മനഃസാക്ഷിയില്ലാത്ത വ്യക്തി നടത്തിയിരിക്കുന്നത്. അവരുടെ സംസാരം തകര്‍ത്തത് ഒരു വ്യക്തിയെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെയാണ്. ഭാര്യയ്ക്ക് ഇഷ്ട ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. മക്കള്‍ക്ക് പ്രിയ പിതാവിനെയും. ബന്ധുമിത്രാദികല്‍ക്ക് ഒരു സ്നേഹ സാന്നിധ്യത്തെയും. പൊതുജനത്തിന് തങ്ങളുടെ നാട്ടുകാരനായ ഒരു ഉദ്യോഗസ്ഥനെയും. അതിന് ഒരേയൊരു കാരണക്കാരിയേയുള്ളു-ദിവ്യയെന്ന നപുംസകം.

ജനപ്രതിനിധിയെന്ന് മേനി നടിച്ച് അഹങ്കരിച്ച് സര്‍ക്കാര്‍ ചെലവില്‍ മുന്തിയ എ.സി കാറിലും ബംഗ്ലാവിലും ജീവിച്ച് തിന്നുമുടിച്ച് സുഖിച്ച് പാര്‍ട്ടിക്കാരിയെന്ന അഹന്തയില്‍  വിലസുന്ന ഇത്തരം കാട്ടാളമനസ്സിന്റെ ഉടമകളെ തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ സി.പി.എം അകറ്റി നിര്‍ത്തണം. കുലംകുത്തികളെന്ന് മുദ്ര കുത്തി ഈ വികല ജന്‍മങ്ങളെ എന്നെന്നേയ്ക്കുമായി  പടിയടച്ച് പിണ്ഡം വച്ചില്ലെങ്കില്‍ നാളെ അതൊരു വലിയ ജനകീയ വിപ്ലവ മുന്നേറ്റത്തിന് വഴിമരുന്നിടും. ജാഗ്രതൈ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക