വാഷിംഗ്ടൺ: വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി അഭിപ്രായ സർവേകൾ മുറക്ക് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ന്യൂയോർക് ടൈംസ് /സിയീന പോളിൽ ഹാരിസിന് 3% ലീഡ് ഉണ്ട്. ഹാരിസിന് 49 ഉം ട്രംപിന് 46 ഉം ശതമാനങ്ങളെന്നു പോളുകൾ റിപ്പോർട്ടു ചെയ്തു.
മറ്റു മൂന്നു സർവേകളിൽ ഇരുവരും ഏതാണ്ട് തുല്യരാണ്. പ്രസിഡണ്ട് ബൈഡൻ ജനപ്രിയതയിൽ ട്രംപിന് പിന്നിലാണ് നിന്നിരുന്നത്. ജൂലൈ 21നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ഹാരിസ് ഈ കുറവ് പരിഹരിച്ചു മുന്നേറി. ഓഗസ്റ്റ് അവസാനം ഹാരിസിന് ട്രംപിന് മേൽ 3.7% കൂടുതൽ ജനപ്രിയത ഉണ്ടായിരുന്നു. എന്നാൽ ഇത് പതുക്കെ പതുക്കെ കുറഞ്ഞു. ഇപ്പോൾ രണ്ടു പേരും തുല്യരാണ്. അങ്ങനെയാണ് ഫൈവ് തേർട്ടി എയ്റ്റിന്റെ വെയ്റ്റഡ് പോളിംഗ് ആവറേജ് പറയുന്നത്.
ഫൈവ് തേർട്ടി എയ്റ്റിന്റെ പ്രവചനത്തിൽ ഹാരിസിന് നൂറിൽ 54ഉം ട്രംപിന് നൂറിൽ 46ഉം ആണ് വിജയ സാദ്ധ്യതകൾ. പൊളിറ്റിക്കൽ അനാലിസ്റ്റും സ്റ്റാറ്റിസ്റ്റീഷ്യനുമായ നാറ്റ് സിൽവർ ഇത് 50.1 ഉം 49.7 ഉം ആയി വിലയിരുത്തുന്നു. ഏറെ നാൾ 50/50 നടുത്തു നിൽക്കുന്ന രാഷ്ട്രീയ പ്രവചനങ്ങൾ ഇത് വരെ താൻ കണ്ടിട്ടില്ലെന്നും സിൽവർ കൂട്ടിച്ചേർത്തു.
റിയൽ ക്ലിയർ പൊളിറ്റിക്സിന്റെ ലേറ്റസ്റ്റ് പോളിംഗ് ആവറേജിൽ 1.7 തവണ ഹാരിസ് ട്രംപിനെ അപേക്ഷിച്ചു മുന്നിൽ നിന്നു എന്ന് വെളിപ്പെടുത്തി.
സംസ്ഥാനതലത്തിൽ ഹാരിസ് മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, നെവാഡ എന്നീ സംസ്ഥാനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ട്രംപ് മുന്നിൽ നിൽക്കുന്നത് അരിസോണ, നോർത്ത് കാരോലിന, ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ്. എന്നാൽ സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഏഴു സംസഥാനങ്ങളിലെ നില മാറി മറിയാം എന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാരണം അവിടെയെല്ലാം സ്ഥാനാർത്ഥികൾ തമ്മിലുള്ള അന്തരം ഒരു അക്കം മാത്രമാണ്.
എൻ ബി സി സെപ്റ്റംബറിൽ നടത്തിയ സർവേ അനുസരിച്ചു ഹാരിസിന് ട്രംപിന്റെ മേൽ ഉണ്ടായിരുന്ന ലീഡ് പതുക്കെ കുറഞ്ഞു വരികയാണെന്ന് കണ്ടെത്തി. ഹാരിസിന്റെ ലീഡ് ബൈഡനുണ്ടായിരുന്ന ലീഡിനേക്കാൾ കൂടുതലാണ്, എന്നാൽ മുൻ ഡെമോക്രറ്റിക് സ്ഥാനാർത്ഥികളെക്കാൾ കുറവാണെന്നും കണ്ടെത്തി.
സ്ഥാനാർത്ഥികൾ തമ്മിൽ നടത്തിയ ഡിബേറ്റിനു മുൻപ് ഹാരിസിന്റെ മുന്നേറ്റം ഏതാണ്ട് സമനിലയിൽ തുടരുകയായിരുന്നു. ഡിബേറ്റ് വലിയ മാറ്റം ഒന്നും സൃഷ്ടിച്ചില്ല എന്ന് നിരീക്ഷകർ കണ്ടെത്തി. തന്റെ പാർട്ടിയിലെ പലരുടെയും പ്രതിഷേധ മുറവിളി കാരണം ബൈഡൻ ജൂലൈ 21 നാണു മത്സരത്തിൽ നിന്ന് പിന്മാറിയത്. ഉടനെ തന്നെ ബൈഡൻ ഹാരിസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹാരിസും ബൈഡനും തമ്മിലുള്ള ഡിബേറ്റിനു ശേഷം ഡെമോക്രറ്റുകളുടെ ആവേശം ഏതാണ്ട് ഇരട്ടിയായി 85% ആയി. എന്നാൽ റിപ്പബ്ലിക്കനുകളുടെ ആവേശം 71% ആയി തുടർന്നു. ഇത് മൺമൗത് യൂണിവേഴ്സിറ്റി നടത്തിയ സർവേ ഫലമാണ്.
മറ്റെല്ലാ പോളുകളെയും പോലെ ഫോർബ്സ്/ഹാരിസ് എക്സ് പോളും ഡിബേറ്റിനു ശേഷം ഹാരിസിന്റെ പിന്തുണയിൽ വലിയ മാറ്റം വന്നിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്തു. ഹാരിസിന്റെയും ട്രമ്പിന്റെയും നയങ്ങൾ എത്ര വ്യത്യസ്തമാണെന്ന് സൂക്ഷ്മ പരിശോധന നടത്തിയ മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ദുരന്തങ്ങൾക്ക് നൽകിയ ഫെഡറൽ സഹായം എത്തിയത് അനർഹരിലേക്കാണ് എന്ന് ട്രംപും അർഹരായവരിലേക്കാണ് എന്ന് ഹാരിസും പറയുന്നു. അമേരിക്കയുടെ സാമ്പത്തികാവസ്ഥ മോശമാണെന്നു ട്രംപ് അനുകൂലികൾ പറയുമ്പോൾ സാമ്പത്തികാവസ്ഥ നന്നായിരിക്കുകയാണെന്നു ഹാരിസിനെ പിന്താങ്ങുന്നവർ പറയുന്നു. കുടിയേറ്റ പ്രശ്നം അതീവ ഗുരുതരമാണെന്ന് ട്രംപ് വോട്ടർമാർ വിശ്വസിക്കുന്നു. പ്രശ്നം വല്ലാതെ മെച്ചപ്പെട്ടിട്ടുണ്ടെന്നു ഹാരിസിന് വോട്ട് ചെയ്യുമെന്ന് പറയുന്നവർ തറപ്പിച്ചു പറയുന്നു.
ലിംഗ സമത്വ ഇളവുകൾ വളരെ കൂടുതൽ നൽകിക്കഴിഞ്ഞു എന്നാണ് ട്രംപ് പക്ഷം. ഇളവുകൾ ഇനിയും പോരാ എന്ന് ഹാരിസ് അനുകൂലികൾ വീറോടെ വാദിക്കുന്നു. രണ്ടു കൂട്ടരും ഒരു കാര്യത്തിൽ ഏക സ്വരക്കാരാണ് -സമൂഹ മാധ്യമങ്ങൾ നിയന്ത്രിക്കപ്പെടണം.
ഈ മാസം ട്രംപ് ഹാരിസിന് ഒപ്പം എത്താനുള്ള ശ്രമത്തിൽ വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത് എന്ന് അഭിപ്രായ സർവേയിൽ പങ്കെടുത്തവർ ഭൂരിപക്ഷവും പറഞ്ഞു.