Image

'ആരോടും മുഖം കറുപ്പിക്കാത്ത നവീനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്, നവീന്‍ ഒരു പാവത്താനായിരുന്നു '; പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി ദിവ്യ എസ് അയ്യര്‍

Published on 17 October, 2024
'ആരോടും മുഖം കറുപ്പിക്കാത്ത നവീനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്, നവീന്‍ ഒരു പാവത്താനായിരുന്നു '; പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി  ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍.

വിതുമ്ബിക്കരഞ്ഞുകൊണ്ടാണ് മുന്‍ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചത്. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീന്‍, കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്ബനി ഡയറക്ടറായ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

''ഞങ്ങള്‍ ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ കഴിഞ്ഞിട്ടുള്ളവരാണ്. റാന്നി തഹസില്‍ദാരായിരുന്ന സമയത്ത്. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും പ്രളയം വന്നപ്പോഴും മഴ വന്നപ്പോഴും എല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിച്ചത്. റാന്നിയില്‍ ഒരുപാട് പ്രശ്‌നബാധിത മേഖലകളുണ്ടായിരുന്നു. രാവും പകലും ഒരുമിച്ചിരുന്ന് ജോലി ചെയ്തവരാണ്. ഞങ്ങള്‍ക്കൊപ്പം നിര്‍ലോഭം പ്രവര്‍ത്തിച്ചിരുന്ന ആളാണ് നവീന്‍, നവീനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും'' ദിവ്യ എസ് പറഞ്ഞു.

''നവീന്‍ ഒരു പാവത്താനായിരുന്നു. ഞങ്ങളറിഞ്ഞ മനുഷ്യനെക്കുറിച്ച്‌ ഞങ്ങള്‍ക്കറിയാം. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. പ്രളയത്തിന്റെ സമയത്തായാലും പാലം വെള്ളത്തിനടിയിലാകുമ്ബോഴും ഏത് പാതിരാത്രിയിലും നാട്ടുകാര്‍ക്ക് ഭക്ഷണം എത്തിക്കുന്നത് തുടങ്ങി ആളുകള്‍ക്ക് സേവനം എത്തിക്കുന്നത് വരെ ഞങ്ങളോടൊപ്പം വളരെ നിര്‍ലോപമായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്''

''ആരെയും കുത്തിനോവിക്കാനറിയാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. എപ്പോഴും മുഖത്തൊരു ചിരിയുണ്ടാകും. അവസാനമായിട്ട് ഞാന്‍ നവീനെ കാണുന്നതും ഇവിടെ വെച്ചാണ്. പ്രമോഷന്‍ കിട്ടി, കാസര്‍കോടേക്ക് പോകുവാണ് എന്ന് പറയാന്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. എന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ട് പോയതാ. പിന്നെ കണ്ടിട്ടില്ല. ഇവിടെ വെച്ച്‌ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഓര്‍ത്തില്ല. വിതുമ്ബിയും കണ്ണുതുടച്ചും സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ടുമായിരുന്നു ദിവ്യ എസ് അയ്യരുടെ പ്രതികരണം. മന്ത്രി വീണ ജോര്‍ജും കണ്ണില്‍ ഈറനണിഞ്ഞുകൊണ്ടാണ് നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചത്

എഡിഎം നവീൻ ബാബുവിന്റെ  മരണം: പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പ്രതി ചേർക്കാൻ പൊലീസ്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്താനാകുമെന്ന നിയമ ഉപദേശം പൊലീസിന് ലഭിച്ചു.

അന്വേഷണസംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.

എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ നിലവില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. കേസില്‍ പോലീസ് ആരെയും പ്രതി ചേർത്തിരുന്നില്ല.

'ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി, എഡിഎമ്മിനെതിരെ  ദിവ്യയെ അയച്ചത്  ശശി'; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍
എഡിഎമ്മിൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ.

പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നാണ് അൻവറിന്റെ ആരോപണം. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ കേരളം ഞെട്ടുന്ന സത്യങ്ങളാണ് ഉള്ളതെന്ന് പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ അൻവർ പറഞ്ഞു.

പി ശശിക്ക് ബിനാമികളുടെ പേരില്‍ സംസ്ഥാനത്ത് നിരവധി പെട്രോള്‍ പാമ്ബുകള്‍ ഉണ്ടെന്നും പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നും അൻവർ പറഞ്ഞു. പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു മരിച്ച നവീൻ ബാബു. ദിവ്യയുടെ ഭർത്താവ് ശശിക്ക് വേണ്ടി നിരവധി പെട്രോള്‍ പമ്ബുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നില്‍ പി ശശിയാണെന്നും അൻവർ കുറ്റപ്പെടുത്തി. കണ്ണൂരില്‍ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങള്‍ക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരല്‍ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അൻവർ ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കേള്‍ക്കാൻ കേരളത്തിലെ ജനങ്ങള്‍ക് ആഗ്രഹം ഉണ്ട്.

പാലക്കാട്‌ ഡിഎംകെ മത്സരിച്ചാല്‍ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും എല്‍ഡിഎഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. എവിടുന്നോ വന്ന കോണ്‍ഗ്രസുകാരൻ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച്‌ പറഞ്ഞത്. ഇപ്പോള്‍ അതുപോലെ കോണ്‍ഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാൻ നോക്കുന്നുവെന്നും അൻവർ പരിഹസിച്ചു.

പാലക്കാട് മത്സരത്തില്‍ നിന്ന് അൻവർ പിന്മാറണം എന്ന് ആർക്കും പറയാനാവില്ല. മിൻഹാജ് പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്. മിൻഹാജ് പാലക്കാട് നിന്നുള്ള മികച്ച സ്ഥാനാർത്ഥിയാണ് സാധാരണ കോണ്‍ഗ്രസ്- സിപിഎം പ്രവർത്തകർ മിൻഹാജിനൊപ്പം നില്‍ക്കും. വിശാല ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി വന്നാല്‍ താൻ പിന്തുണയ്‌ക്കുമെന്നും അൻവർ വ്യക്തമാക്കി.

'നവീൻ ബാബു ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയം; മികച്ച ഒരു യാത്രയയപ്പ് അദ്ദേഹം അര്‍ഹിച്ചിരുന്നു': പി.ബി നൂഹ്

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു വിശ്വസ്തനായ ഉദ്യോഗസ്ഥനെന്ന് പി.ബി നൂഹ് ഐഎഎസ്. പി.ബി നൂഹ് പത്തനംതിട്ട കളക്ടർ ആയിരുന്ന മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു നവീൻ ബാബു.

നവീൻ ബാബുവിനെ അഴിമതിക്കാരനാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് നൂഹിന്റെ ശക്തമായ പ്രതികരണം.

ഒരു പരാതിയും കേള്‍പ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച്‌ ഏല്‍പ്പിക്കാൻ കഴിയുമായിരുന്ന ഒരാളായിരുന്നു നവീൻ ബാബുവെന്ന് പി.ബി നൂഹ് ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തില്‍ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവില്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. 30ലേറെ വർഷക്കാലത്തെ ഗവണ്‍മെന്റിലെ പ്രവർത്തനത്തിനുശേഷം റിട്ടയർമെൻറ് ലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്ബ് അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്. ഏറെ ജോലി ഭാരമുള്ള റവന്യൂ വകുപ്പില്‍ നിന്നും യാത്രപറഞ്ഞു പോകുമ്ബോള്‍ കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നുവെന്നും പിബി നൂഹ് ഫേയ്സ്ബുക്കില്‍ കുറിച്ചു.

പി. ബി നൂഹിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതല്‍ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018 ലെ വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവിലെ കോവിഡ് 19 മഹാമാരിയും.

ഈ മൂന്നു പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാൻ സാധിച്ചത് അതിസമർത്ഥരായ, പരിചയസമ്ബന്നരായ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു. അതില്‍ എടുത്തു പറയേണ്ട പേരാണ് സൗമ്യനായ, ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിന്റേത്.

പതിനെട്ടിലെ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ വളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോള്‍ അവരുടെ ഏകോപനം ഏല്‍പ്പിക്കാൻ നവീൻ ബാബുവിനെക്കാള്‍ മികച്ച ഒരു ഓഫീസർ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവർത്തിച്ചിരുന്ന ഫ്ലഡ് റിലീഫ് മെറ്റീരിയല്‍ കളക്ഷൻ സെൻററില്‍ വെളുപ്പിന് മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് എനിക്ക് പരിചയം. എല്ലാവരോടും ചിരിച്ചു കൊണ്ട്മാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീൻ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞത് പ്രമാടത്തെ കളക്ഷൻ സെൻറ്ററിന്റെ പ്രവർത്തനത്തെ തല്ലൊന്നുമല്ല സഹായിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവർത്തികള്‍ വിശ്വസിച്ചേല്‍പ്പിക്കാൻ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. 2019 ലെ കോവിഡ് കാലത്ത് തിരുവല്ലയില്‍ പ്രവർത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈൻ സെൻറർ പരാതികള്‍ ഏതുമില്ലാതെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതില്‍ നവീൻ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു.

സഹപ്രവർത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വർഷക്കാലം ഒരു പരാതിയും കേള്‍പ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച്‌ ഏല്‍പ്പിക്കാൻ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നതാണ് നവീൻ ബാബുവിനെ കുറിച്ച്‌ എന്റെ ഓർമ്മ. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തില്‍ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവില്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. 30ലേറെ വർഷക്കാലത്തെ ഗവണ്‍മെന്റിലെ പ്രവർത്തനത്തിനുശേഷം റിട്ടയർമെൻറ് ലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്ബ് അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്.

ഗവണ്‍മെൻറ് വകുപ്പുകളില്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തില്‍ ജോലിചെയ്യാൻ സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പില്‍ 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്ബോള്‍ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു.

പ്രിയപ്പെട്ട നവീൻ,

ദീർഘമായ നിങ്ങളുടെ സർവീസ് കാലയളവില്‍ നിങ്ങള്‍ സഹായിച്ച, നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ - സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങള്‍ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതില്‍ ഞാനുമുണ്ടാകും.

നവീൻ ബാബുവിനെതിരെ ഉണ്ടായ അഴിമതി ആരോപണം കെട്ടുകഥയോ ; പമ്പ് ഉടമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍. പമ്പ് ഉടമ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ നവീന്‍ ബാബുവിനെതിരെയുള്ള പരാതി നല്‍കിയിരുന്നുവെന്ന വാദം കെട്ടിച്ചമച്ചതെന്ന സംശയം വർധിക്കുകയാണ്.

ഒക്ടോബര്‍ 10ന് നല്‍കിയെന്ന തരത്തിലുള്ള പരാതിയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. എന്നാൽ ഈ പരാതി ഇതുവരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നേരിട്ടോ ഇമെയിൽ വഴിയോ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പരാതി ലഭിച്ചാൽ ഉടൻ ലഭിക്കുന്ന റസീറ്റ് ഹാജരാക്കാൻ ഇതുവരെ പമ്പ് ഉടമയ്ക്ക് കഴിഞ്ഞിട്ടുമില്ല.

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പിപി ദിവ്യയുടെ മൊഴിയെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക