Image

പാലക്കാട്ടെ കോണ്‍ഗ്രസ് വിമത നീക്കം 'പകര്‍ച്ചപ്പനി'യായി ചേലക്കരയിലേയ്ക്കും(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 17 October, 2024
 പാലക്കാട്ടെ കോണ്‍ഗ്രസ് വിമത നീക്കം 'പകര്‍ച്ചപ്പനി'യായി ചേലക്കരയിലേയ്ക്കും(എ.എസ് ശ്രീകുമാര്‍)

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലുണ്ടായ വിമത നീക്കം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. ഇടതുപാളയം വിട്ട പി.വി അന്‍വര്‍ പാലക്കാട് വിമതനീക്കം നടത്തുന്ന ഡോ. പി സരിനെയും ചേലക്കരയില്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയ എന്‍.കെ സുധീറിനെയും വലവീശിപ്പിടിക്കാനിറങ്ങിയിട്ടുണ്ട്.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ നീക്കത്തിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഡോ. പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനാണ് സരിനെ പുറത്താക്കിയതായി അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കെ.പി.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുറത്താക്കപ്പെട്ടതോട ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സരിന്‍. സ്ഥാര്‍ത്ഥിത്വം വിഷയമല്ലെന്നും സി.പി.എം മത്സരിക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും സരിന്‍ പറഞ്ഞു. വെറുതെയിരിക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേര്‍ന്നുനില്‍ക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്. കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിന്‍ വ്യക്തമാക്കി.

അതേസമയം, ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് പോയതോടെ ഒഴിവു വന്ന പാലക്കാട് സീറ്റ് നിലനിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിനു മുന്നിലുള്ള വെല്ലുവിളി. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിന്‍ രോഷത്തോടെ പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സി.പി.എം.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എ ഗ്രൂപ്പില്‍ ശക്തമായ അതൃപ്തി ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. സരിനും മാങ്കൂട്ടത്തിലും ഒരേ ഗ്രൂപ്പുകാരാണ്. പക്ഷേ, ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ, ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രചാരണം തുടങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പദ്ധതിയിട്ടിരുന്നു. തിരുവനന്തപുരത്ത് വച്ച് ചാണ്ടി ഉമ്മനെ കണ്ട് രാഹുല്‍ തന്റെ ആവശ്യം അറിയിച്ചിരുന്നു. കല്ലറ സന്ദര്‍ശിക്കുമ്പോള്‍ ചാണ്ടി ഉമ്മനും കൂടെ വേണമെന്നത് രാഹുലിന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.

എന്നാല്‍ രാഹുലിനോടുള്ള അനിഷ്ടം വ്യക്തമാക്കുന്ന തരത്തിലാണ് ചാണ്ടി ഉമ്മന്‍ പെരുമാറിയത്. ചാണ്ടി ഉമ്മന്‍ സ്ഥലത്ത് നിന്നും മാറി നിന്ന് അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഏകസ്വരത്തിലാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് പറയുന്നതെങ്കിലും പാര്‍ട്ടിയിലെ ഭിന്നത പുറത്തുകാട്ടുന്നതായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. സരിന്റെ പ്രതിഷേധം ഒരു വലിയ വിഭാഗം പാര്‍ട്ടി നേതാക്കളുടെ കൂടി നിലപാടാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, ഷാഫി പറമ്പില്‍ എം.പിയും രാഹുലിനെ പിന്തുണയ്ക്കുമ്പോള്‍, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് പാലക്കാട്ടുകാരന്‍ തന്നെയായ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലായിരുന്നു താത്പര്യം. മണ്ഡലത്തിന് പുറത്തു നിന്നു വരുന്ന രാഹുലിനെ വേണ്ടെന്ന നിലപാടായിരുന്നു പ്രസിഡന്റിന്. പുറത്ത് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന നേതാക്കളില്‍ പലരും പാര്‍ട്ടിക്കുള്ളില്‍ സുധാകരനോട് യോജിക്കുന്നവരാണ്.

നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി പുനപരിശോധിക്കണമെന്നുമാണ് സരിന്‍ ആവശ്യപ്പെട്ടത്. പാലക്കാട്ട് കോണ്‍ഗ്രസ് പരിഗണിച്ച പേരുകാരില്‍ സരിനും ഉണ്ടായിരുന്നു. ഐ.എ.എസ് ഉപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് ഒറ്റപ്പാലം സ്വദേശിയായ സരിന്‍. 2007-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടി. പിറ്റെ വര്‍ഷം ഐ.എ.എസും ലഭിച്ചു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. വോട്ടെണ്ണല്‍ തുടങ്ങി അവസാന മണിക്കൂറുകള്‍ വരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരനാണ് ലീഡ് ചെയ്തതിരുന്നത്. ഒരുഘട്ടത്തില്‍ ബി.ജെ.പി പാലക്കാട് പിടിച്ചു എന്നു തോന്നിച്ചിടത്ത് നിന്നാണ് 3859 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിച്ചത്. 2006-ല്‍ കോണ്‍ഗ്രസിലെ എ.വി ഗോപിനാഥനെതിരെ വിജയിച്ച സി.പി.എം സ്ഥാനാര്‍ഥി കെ.കെ ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു ഷാഫിയുടെ കന്നി വിജയം. 1967, 1970, 1996 തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെനിന്ന് വിജയിക്കാനായത്.

കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുള്ള പാലക്കാട് മണ്ഡലത്തില്‍ ബി.ജെപി കഴിഞ്ഞ തവണ സി.പി.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2016-ലും ബി.ജെ.പി ശേഭാ സുരേന്ദ്രനിലൂടെ രണ്ടാം സ്ഥാനത്തെത്തി. അന്ന് ഷാഫി പറമ്പിലിന് 17,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ശോഭ സുരേന്ദ്രന്‍ നാല്‍പതിനായിരത്തോളം വോട്ടുകള്‍ നേടി. എന്നാല്‍ 2021-ല്‍ ഷാഫിക്ക് മൂവായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിലെ പൊട്ടിത്തെറിയും സി.പി.എമ്മിനെ പിടിച്ചുലയ്ക്കുന്ന സമീപകാല വിഷയങ്ങളും കൂടിച്ചേരുമ്പോള്‍ പാലക്കാട്ട് താമരവിരിയുമെന്ന് ഉറപ്പിക്കുന്നവരുണ്ട്. പ്രത്യേകിച്ച് തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സുരേഷ് ഗോപി വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍. ഈയൊരു സാഹചര്യത്തില്‍ ഇടത്-വലത് മുന്നണികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.

ഇതിനിടെ ചേലക്കരയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് വിമതനീക്കം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് എന്‍.കെ സുധീര്‍ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റി. 2009-ല്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു എന്‍.കെ സുധീര്‍. കെ.പി.സി.സി മുന്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. നേരത്തെ മണ്ഡലത്തില്‍ പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ സൂധീറിന്റെ പേരും ഉണ്ടായിരുന്നു. തഴയപ്പെട്ടതോടെയാണ് സുധീര്‍ എതിര്‍പ്പുമായി ആഞ്ഞടിച്ചത്.

ചേലക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ച് സുധീര്‍ പറയുന്നത്. പി.വി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുടെ പിന്തുണയോടെയാകും മത്സരിക്കുകയെന്നും വിവരമുണ്ട്. കോണ്‍ഗ്രസിന്റെ എല്ലാ പദവികളും ഒഴിയുമെന്നും പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭാ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ലോക്സഭയിലേക്കു പോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. തൃശൂര്‍ ജില്ലയില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചേലക്കര. അഞ്ച് തവണ എം.എല്‍.എയായിരുന്ന കെ രാധാകൃഷ്ണന്‍ 1996, 2001, 2006, 2011, 2021 തിരഞ്ഞെടുപ്പുകളിലാണ് ചേലക്കരയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസിലെ സി.സി ശ്രീകുമാറിനെ 39,400 വോട്ടുകള്‍ക്കാണ് കെ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക