Image

എത്ര തരും? എത്ര വേണം?- (നര്‍മ്മം: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 17 October, 2024
എത്ര തരും? എത്ര വേണം?-  (നര്‍മ്മം: രാജന്‍ കിണറ്റിങ്കര)

രാവിലെ തന്നെ ഫോണടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത് . അസമയത്ത് ഫോണുകള്‍ വരുമ്പോള്‍ എപ്പോഴും ഒരു പേടിയാണ്.  ഫോണെടുത്തതും മുഖവുര ഇല്ലാതെ അങ്ങേ തലക്കല്‍ നിന്നും 'താങ്കള്‍ മത്സരത്തിനയച്ച കവിത കിട്ടി, സന്തോഷം, ഞങ്ങള്‍ വിവരങ്ങളറിയിക്കാം '.  ഒക്കെ, നന്ദി എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വക്കുമ്പോള്‍ ഓര്‍ത്തു, ഒരു മത്സരത്തിനയച്ച സൃഷ്ടി കിട്ടി എന്ന് വിളിച്ചു പറയുന്ന സംഘാടകരോ?  മര്യാദ, അന്തസ്സ് ഇതൊന്നും നാട്ടില്‍ നിന്ന്  പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടില്ല.

പിന്നെ ഞാനാ സംഭവം മറന്നിരിക്കുമ്പോഴാണ് ഒരു ദിവസം മുകളില്‍ പറഞ്ഞ മര്യാദക്കാരന്റെ ഫോണ്‍ വീണ്ടും. സാറേ. സുഖമല്ലേ , സാറ് മുംബൈയിലാണല്ലേ തുടങ്ങി അയാളുടെ സ്‌നേഹാന്വേഷണങ്ങള്‍ . താങ്കള്‍ക്ക് പുരസ്‌കാരം തന്നാല്‍ ചടങ്ങിന് വരാന്‍ പറ്റുമോ ?

ഇതെന്ത് ചോദ്യം, എഴുത്തുകാരന്റെ സമ്മതം ചോദിചിട്ടാണോ വിജയിയെ പ്രഖ്യാപിക്കുന്നത് ?  

അതല്ല, മുംബൈയിലല്ലേ സാര്‍, അതുകൊണ്ട് ചോദിച്ചതാ.  

താങ്കള്‍ ഫലപ്രഖ്യാപനം വന്നാല്‍ അറിയിക്കൂ, വരാന്‍ പറ്റുമോ എന്ന് അപ്പോള്‍ നോക്കാം.  ഞാന്‍ പറഞ്ഞു

ശരി, അടുത്ത രണ്ടാഴ്ചക്കുള്ളില്‍ റിസല്‍ട്ട് വരും, രണ്ടായിരത്തോളം രചനകള്‍ വന്നിട്ടുണ്ട്.   അയാളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടിയില്ല കാരണം കേരളത്തിലെ ജന സംഖ്യയുടെ  പകുതിയും തൊഴിലില്ലാത്തവരാണ്, ബാക്കിയുള്ളവര്‍ കവികളാണ് എന്ന് എവിടെയാ വായിച്ചത് ഞാനോര്‍ത്തു.

ശരി താങ്കള്‍ അറിയിക്കൂ, ഞാനല്‍പ്പം തിരക്കിലാണ് എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിളി വന്നത്, രണ്ടായിരത്തില്‍ എന്റെ രചന ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ല്‍ സ്ഥാനം പിടിച്ചിരിക്കുന്നുവത്രെ.   സന്തോഷം എന്ന് പറഞ്ഞ് ഫോണ്‍ വക്കാനൊരുങ്ങുമ്പോള്‍ അയാളുടെ ചോദ്യം, അല്ലാ സാറിനൊരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് തന്നാലോ?  

അതെന്തിന്? മത്സരത്തിന്റെ നോട്ടീസില്‍ ഫസ്റ്റ് സെക്കന്റ് തേഡ് ഇത്രമാത്രമാണല്ലോ എഴുതിയിട്ടുള്ളു, ഞാന്‍ തിരിച്ചു ചോദിച്ചു.

അതല്ല, പല കാറ്റഗറിയിലും അവാര്‍ഡ് കൊടുക്കുന്നുണ്ട്,  മൂന്ന് പേര്‍ക്ക് ഭാഷക്ക് നല്‍കിയ സംഭാവനക്ക് പുരസ്‌കാരം നല്‍കുന്നുണ്ട്,  ആ കാറ്റഗറിയില്‍  2 സീറ്റ് ഫില്‍ ആയി, മൂന്നാമത്തെ വേണമെങ്കില്‍ സാറിന്റെ പേരിടാം.  എന്നെ പുരസ്‌കാരിച്ചേ അടങ്ങൂ എന്ന മട്ടിലാണ് അദ്ദേഹം.

അയ്യോ, ഞാനൊരു ചെറിയ എഴുത്തുകാരനാണ്, ഞാന്‍ മലയാള ഭാഷക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല, അക്ഷരത്തെറ്റ് വരുത്തി ഭാഷയെ ദ്രോഹിച്ചിട്ടെ ഉള്ളു .

സാറ് ഈ ഫീല്‍ഡില്‍ പുതിയ ആളാ തോന്നുന്നു, സാഹിത്യം മാത്രമല്ല സംഭാവന. അനുഭവജ്ഞാനിയായ അയാള്‍ പറഞ്ഞു.

പിന്നെന്താണ് ? ഒന്ന് വ്യക്തമാക്കാമോ?

ഉദാഹരണത്തിന്  ഞങ്ങള്‍ സെലക്റ്റ് ചെയ്ത രണ്ടു പേരില്‍ ഒരാള്‍ ചടങ്ങ് ദിവസത്തെ സ്റ്റേജ്, മൈക്ക് എന്നിവക്കും മറ്റേയാള്‍ ഭക്ഷണം,  കസേര എന്നിവക്കും സംഭാവന നല്‍കിയിട്ടുണ്ട്.   മെമന്റോ, ബൊക്കെ ഇവയേ ഇനി ബാക്കിയുള്ളു, സാറിന് താല്‍പര്യമുണ്ടെങ്കില്‍ ഭാഷക്കുള്ള സംഭാവനയിലെ മൂന്നാമത്തെ അവാര്‍ഡ് സാറിന് തരാം.

അയ്യോ. എനിക്ക് വരാന്‍ പറ്റില്ല,  എനിക്ക് ജോലി ട്രാന്‍സ്ഫറായി എന്ന് പറഞ്ഞ് ഞാനൊരു പുരസ്‌കാരത്തില്‍ നിന്ന് വലിയ പരിക്കുകള്‍ പറ്റാതെ രക്ഷപ്പെട്ടു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക