Image

നവീൻ ബാബുവിന് വിട നൽകി ജന്മനാട് ; അച്ഛന് അന്ത്യകർമ്മങ്ങൾ ചെയ്ത് മക്കൾ ; യാത്രാമൊഴി നേരാനായി വീട്ടുവളപ്പിൽ എത്തിയത് നൂറുകണക്കിനാളുകൾ

Published on 17 October, 2024
നവീൻ ബാബുവിന് വിട നൽകി ജന്മനാട് ; അച്ഛന് അന്ത്യകർമ്മങ്ങൾ ചെയ്ത് മക്കൾ ; യാത്രാമൊഴി നേരാനായി വീട്ടുവളപ്പിൽ എത്തിയത് നൂറുകണക്കിനാളുകൾ

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ മന്ത്രി രാജനും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നു. കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. പെൺമക്കളെ ഉൾപ്പെടെയുള്ളവരെ എങ്ങനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഏവരും സങ്കടത്തിലായി.

സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം രാവിലെ കലക്ടേററ്റില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മിക്കവരും വിതുമ്പി. പതിനൊന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പെണ്‍മക്കളാണ് അന്ത്യ കര്‍മം നടത്തിയത്. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍, വിവിധ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനികള്‍, വിവിധ രാഷ്ട്രീയനേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

വിരമിക്കാന്‍ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. 19ാംവയസില്‍ എല്‍ഡി ക്ലാര്‍ക്കായിട്ടാണ് നവീന്‍ ബാബു സര്‍വീസിലെത്തുന്നത്. മിതഭാഷി, എല്ലാവരോടും സൗഹൃദത്തോട് കൂടി മാത്രം ഇടപെടുന്നയാള്‍. നവീനെക്കുറിച്ച് എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. പത്തനംതിട്ട മുന്‍ കലക്ടര്‍ പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നവീനെ പ്രവര്‍ത്തനങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ അനുസ്മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക