Image

ചിത്രം - നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ പാട്ടോർമകൾ -11: അമ്പിളി കൃഷ്ണകുമാര്‍)

Published on 17 October, 2024
ചിത്രം  - നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ പാട്ടോർമകൾ -11: അമ്പിളി കൃഷ്ണകുമാര്‍)

എന്താണു പ്രണയം ? 
എന്നു ചോദിച്ചാൽ ഞാൻ പറയും സോളമനു സോഫിയയോടുണ്ടായിരുന്നതാണെന്ന് ! സോളമനും  സോഫിയയും  ടാങ്കർ ലോറിയും പിന്നെ പ്രണയവും ! നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം . ഒരു പത്മരാജൻ മാജിക്ക് ചിത്രം . 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ .'

'പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ തുടു ശോഭയെഴും നിറമുന്തിരി നിൻ മുഖ സൗരഭമോ പകരുന്നൂ ' .

മുന്തിരിപ്പഴത്തിന്റെ മധുരവും മുന്തിരി വള്ളികളുടെ ലാളിത്യവും നിറച്ച് പ്രണയം വർണ്ണച്ചിറകുകൾ വിരിച്ചാടിയ ചിത്രം .

വരികൾക്കാണോ ഭംഗി  , അതോ സംഗീതത്തിനാണോ അതിലേറെ ഭംഗി ?

പറയാനാകുന്നില്ല . ഒ.എൻ വി സാറിന്റെ മനോഹര വരികൾ . ജോൺസൺ മാസ്റ്ററുടെ ഈണം , ദാസേട്ടൻ ഈ പാട്ടിൽ കൊണ്ടു വന്ന ഒരു ഫീൽ  എങ്ങനെ വിവരിക്കും . ? 
നമ്മളെ കഥ പറഞ്ഞു വിസ്മയിപ്പിച്ച പ്രിയപ്പെട്ട ഗന്ധർവ്വന്റെ പ്രിയ ഗാനങ്ങൾ ! കാമുകിയുടെ അധരം പവിഴമാണെന്ന് ഇന്നൊരു കാമുകനും പറയുമെന്നു തോന്നുന്നില്ല !

"പുലർവേളകളിൽ വയലേലകളിൽ കണി കണ്ടുവരാം കുളിർ ചൂടി വരാം .."

ഭൂമിയിൽ നിന്നപ്രത്യക്ഷമാകുന്ന മുന്തിരിത്തോപ്പുകളും വയലേലകളും  ഗ്രാമങ്ങളും . വയലേലകൾ കണികണ്ടുണർന്ന ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം . ശ്രുതിയും താളവും രാഗവും ഭാവവും എല്ലാമുണ്ടായിട്ടും കാര്യമില്ല . മറ്റെന്തൊക്കെയോ മാജിക്കുകൾ കൂടി വേണം ഒരു പാട്ടു നന്നാവാൻ . അതു ഒരു കാലഘട്ടത്തിന്റെ അനുകരിക്കാൻ കഴിയാത്ത കൈയ്യൊപ്പു തന്നെയാണ് . ഈ പാട്ടുകേൾക്കുമ്പോൾ വർഷങ്ങൾക്കു പ്രസക്തി ഇല്ലാതാവും . ഈ വരികളിലൂടെ , സന്ദർഭങ്ങളിലൂടെ നമ്മൾ ഒഴുകിയൊഴുകി ആ പഴയ കാലഘട്ടത്തിൽ എത്തിച്ചേരും . അപ്പോൾ 2021 ഉം 2022 ഉം എല്ലാം വെറും അക്കങ്ങൾ മാത്രമാകും !

നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് ഇളമാനിണ നിൻ കുളിർ മാറിൽ സഖീ തരളാദ്രമിതാ തല ചായ്ക്കുകയായ് വരൂ സുന്ദരീ എൻ മലർ ശയ്യയിൽ ..


" നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം . അതികാലത്ത് എഴുന്നേറ്റ് , മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കാം ."

ബൈബിളിലെ ഒരു സുവിശേഷ വാക്യത്തിലൂടെ തന്റെ പ്രണയമറിയിച്ച ആദ്യത്തെ കാമുകൻ !  "അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം നൽകാം "

ഇത്രയും മനോഹരമായി ഒരു പ്രണയം പറയാതെ പറയുന്നതെങ്ങിനെയാണ് ?


അന്നുവരെ റോഡിൽക്കൂടി തീക്കണ്ണുകൾ തുറിപ്പിച്ച് , വെള്ളം ഒഴിച്ചൊഴിച്ച് കുലുങ്ങിക്കുലുങ്ങി ആളുകളെ ഭയപ്പെടുത്തി സ സഞ്ചരിച്ചിരുന്ന  'ടാങ്കർലോറി ' ഒരു പ്രണയത്തിന്റെ സാരഥിയായി മാറിയ അത്ഭുതം ! വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമയിൽ ടാങ്കർ ലോറിയും ഒരു കഥാപാത്രമാകുന്നു. പിന്നെ സ്ഫടികം മുതൽ എത്രയോ സിനിമകളിൽ ലോറി നായകന്റെ സന്തത സഹചാരിയായി ഉപനായകനോളം എത്തുന്നുണ്ടെങ്കിലും ഈ ടാങ്കർ ലോറി അതിനെല്ലാം മേലെ തന്നെ . അങ്ങനെ ടാങ്കർ ലോറിയും  സോളമനും  സോഫിയയും മുന്തിരിത്തോപ്പും എന്നും മനസ്സിൽ പവിഴമായി, പവിഴാധരമായി . പനിനീർ പൊൻ മുകുളമായ് .

__________________

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടു ശോഭയെഴും നിറമുന്തിരി നിൻ മുഖ സൗരഭമോ പകരുന്നൂ(പവിഴം)

മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ - പ്പാൽ മണികൾ കനമാർന്നതില്ലേ മദ കൂജനമാർ ന്നിണ പ്രാക്കളില്ലേ...
(മാതളങ്ങൾ)

പുലർവേളകളിൽ വയലേലകളിൽ കണി കണ്ടു വരാം കുളിർ ചൂടി വരാം(പവിഴം)
     നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ്  (2)
ഇമാനിണനിൻ കുളിർ മാറിൽ സഖീ( നിന്നനുരാഗ)
തരളാദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിൽ(പവിഴം പോൽ )
____________________

Read More: https://emalayalee.com/writer/297

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക