Image

പന്നുനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു ആരോപിക്കപ്പെട്ട ഉദ്യോഗ്‌സഥനെ നീക്കം ചെയ്തെന്നു ഇന്ത്യ അറിയിച്ചതായി യുഎസ്; നടപടിയിൽ തൃപ്തി (പിപിഎം)

Published on 17 October, 2024
പന്നുനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു ആരോപിക്കപ്പെട്ട ഉദ്യോഗ്‌സഥനെ നീക്കം ചെയ്തെന്നു ഇന്ത്യ അറിയിച്ചതായി യുഎസ്; നടപടിയിൽ തൃപ്തി (പിപിഎം)

ന്യൂ യോർക്കിൽ വച്ച് യുഎസ് പൗരനായ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ബന്ധപ്പെട്ട  ഇന്റലിജൻസ് ഉദ്യോഗസ്ഥനെ നീക്കം ചെയ്തതായി ഇന്ത്യ അറിയിച്ചെന്നു യുഎസ് വെളിപ്പെടുത്തി. ആരോപണം അന്വേഷിക്കാൻ ഇന്ത്യ നിയോഗിച്ച കമ്മിറ്റി ചൊവാഴ്ച്ച വാഷിംഗ്‌ടണിൽ എത്തി വിവരങ്ങൾ പങ്കു വച്ചിരുന്നു. ഇന്ത്യ-കാനഡ ബന്ധങ്ങൾ കൂപ്പുകുത്തുന്നതിനിടയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സംഘർഷത്തിൽ അയവ് വരുന്ന നീക്കങ്ങളായി ആ സന്ദർശനവും ചർച്ചകളും.

സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു: "ഞങ്ങൾക്ക് അന്വേഷണത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ അവർ തന്നു. അതൊരു ഫലപ്രദമായ കൂടിക്കാഴ്ച്ച ആയിരുന്നു.

"ജസ്റ്റിസ് ഡിപ്പാർട്മെന്റ് കുറ്റം ചുമത്തിയ വ്യക്തിയെ ഗവർമെന്റ് സർവീസിൽ നിന്നു നീക്കം ചെയ്തതായി അവർ ഞങ്ങളെ അറിയിച്ചു. ആ സഹകരണത്തിൽ ഞങ്ങൾ സംതൃപ്തരാണ്."

കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ പേര് പുറത്തു വിട്ടിട്ടില്ല. അയാൾ ഒരു കൊലയാളിയെ വാടകയ്‌ക്കെടുക്കാൻ ശ്രമിച്ചു എന്നാണ് കേസ്. ഏപ്രിലിൽ 'വാഷിംഗ്‌ടൻ പോസ്റ്റ്' വെളിപ്പെടുത്തിയത് അയാളുടെ പേർ വിക്രം യാദവ് എന്നാണെന്നായിരുന്നു. വിദേശത്തു ചാരവൃത്തി നടത്തുന്ന റോയുടെ ഉദ്യോഗസ്ഥൻ.

വാടക കൊലയാളിയെന്നു കരുതപ്പെടുന്ന നിഖിൽ ഗുപ്ത എന്നയാളെ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവന്നു ന്യൂ യോർക്ക് ജയിലിൽ അടച്ചിട്ടുണ്ട്.

യുഎസ് ഉദ്യോഗസ്ഥർ പറയുന്ന വിവരം ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച്ച സ്ഥിരീകരിച്ചു. കുറ്റാരോപിതൻ സർക്കാർ സർവീസിൽ ഇല്ല.

യുഎസ് നൽകിയ വിവരങ്ങൾ ഇന്ത്യ കാര്യമായി എടുത്തെന്നു മന്ത്രാലയം പറഞ്ഞു. അവ ഇന്ത്യയുടെ ദേശീയ സുരക്ഷയെയും ബാധിക്കുന്നതാണ്.

India tells US employee linked to Pannun case removed 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക