Image

പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കി

Published on 17 October, 2024
പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കി

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി.ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കി. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ. കെ.കെ. രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി തീരുമാനിച്ചത്. തളിപ്പറമ്ബില്‍ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.

സി.പി.എം ജില്ല സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമർശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ല സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്ബ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗണ്‍ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക