Image

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ സംയുക്ത ബലി അര്‍പ്പണം

ജോര്‍ജ് കറുത്തേടത്ത് Published on 18 October, 2024
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ സംയുക്ത ബലി അര്‍പ്പണം

അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, എരിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭ, അന്ത്യോഖ്യന്‍ സുറിയാനി സഭ (മലങ്കര യാക്കോബായ, ക്‌നാനായ) എന്നീ സഭകളുടെ കൂട്ടായ്മയായ Standing Conference of Oriental Orthodox Churches-ന്റെ ആഭിമുഖ്യത്തില്‍ 2024 ഒക്ടോബര്‍ 19 ശനിയാഴ്ച ന്യൂജേഴ്‌സി ഓള്‍ഡ് ടാപ്പന്‍ റോഡിലുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാനമായ മാര്‍ അഫ്രേം കത്തീഡ്രലില്‍ വച്ച് സംയുക്ത ബലിയര്‍പ്പണം നടത്തുന്നു.

ആര്‍ച്ച് ബിഷപ്പ് മോര്‍ പെട്രോസ് (എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ആര്‍ച്ച് ബിഷപ്പ് മോര്‍ വികെന്‍ (അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ്പ് മോര്‍ സിനാഡോ (എരിട്രിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ആര്‍ച്ച് ബിഷപ്പ് മോര്‍ ഡയോണിസിയോസ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ആര്‍ച്ച് ബിഷപ്പ് മോര്‍ സില്‍വാനോസ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ക്‌നാനായ), ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് എല്‍ദോ (സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മലങ്കര), ബിഷപ്പ് മോര്‍ മെസ്‌റോപ്പ് (അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ്പ് മോര്‍ ഡേവിസ് (കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ്പ് മോര്‍ ഗബ്രിയേല്‍ (കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ബിഷപ്പ് മോര്‍ മക്കാറിയോസ് (എരിട്രിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) എന്നീ പിതാക്കന്മാര്‍ ചേര്‍ന്നാണ് സംയുക്ത ബലിയര്‍പ്പണം നടത്തുന്നത്.

ഏകവും വിശുദ്ധവും, കാതോലികവുമായ വി. സഭ എന്ന സത്യവിശ്വാസ പ്രമാണത്തെ സ്വയം അനുഭവിച്ചറിയുവാന്‍, സഭാ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണിത്.

ഒരേ വിശ്വാസവും, കൂദാശ ഐക്യവും പുലര്‍ത്തുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്കിടയിലെ പരസ്പര സഹകരണവും, സഹവര്‍ത്തിത്ത്വവും വര്‍ദ്ധിപ്പിക്കുക വിശ്വാസപരവും കൂദാശപരവുമായ കാര്യങ്ങളില്‍ ഏകീകൃത സ്വഭാവം മനസിലാക്കുവാനും പഠിക്കുന്നതിനുമുള്ള കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുക എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഓരോ വര്‍ഷവും ഓരോ സഭയുടെ നേതൃത്വത്തില്‍ ഈ വാര്‍ഷിക ബലി ക്രമീകരിച്ചുവരുന്നു. ഈവര്‍ഷം യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലാണ് വി. ബലി ക്രമീകരിക്കുന്നത്.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ചേര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ അര്‍പ്പിക്കുന്ന ഈ വി. ബലി ഒരേ വിശ്വാസവും കൂദാശകളും കാത്തുസൂക്ഷിക്കുന്ന സഭകള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും ഐക്യവും ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനുള്ള ഒരു വേദിയാകുന്നുവെന്നതും ശ്രദ്ധേയമാണ്.

ഒരു ത്രോണോസില്‍ ഇത്രയും പിതാക്കന്മാര്‍ ഒത്തുചേര്‍ന്ന്, സംയുക്തമായി നടത്തുന്ന ഈ ആത്മീയ വിരുന്നില്‍ വന്നുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍, എല്ലാ വിശ്വാസികളേയും കതൃനാമത്തില്‍ ക്ഷണിക്കുന്നതായി അമേരിക്കന്‍ മലങ്കര അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അറിയിച്ചു.

അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക