Image

സിൻവറുടെ മരണം സ്ഥിരീകരിച്ചു; ഹമാസ് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം തീരുമെന്നു നെതന്യാഹു (പിപിഎം)

Published on 18 October, 2024
സിൻവറുടെ മരണം സ്ഥിരീകരിച്ചു; ഹമാസ് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം തീരുമെന്നു നെതന്യാഹു (പിപിഎം)

ഹമാസ് ഭീകര സംഘത്തിന്റെ മേധാവി യഹ്യ സിൻവറെ ഐ ഡി എഫ് വധിച്ചതായി ഇസ്രയേലി വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഇസ്രയേലിൽ കഴിഞ്ഞ വർഷം ഒക്ടോബർ 7നു ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരൻ എന്ന നിലയിൽ ഐ ഡി എഫ് ഏറ്റവും ഊർജിതമായി തേടിയിരുന്ന സിൻവർ (61) കൂടി കൊല്ലപ്പെട്ടതോടെ സംഘടനയുടെ നട്ടെല്ലൊടിഞ്ഞു എന്നാണ് നിഗമനം.

എന്നാൽ ഇസ്രയേലിന്റെ ദൗത്യം പൂർത്തിയായില്ല എന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. "ഹമാസ് ആയുധം വച്ചു കീഴടങ്ങി ബന്ദികളെ തിരിച്ചു നൽകിയാൽ യുദ്ധം നാളെ അവസാനിക്കും."

സിൻവറുടെ അവസാന നിമിഷങ്ങൾ ഒരു ഇസ്രയേലി ഡ്രോൺ പകർത്തിയത് പുറത്തു വന്നിട്ടുണ്ട്. ഡ്രോൺ അടിച്ചു തകർക്കാൻ ഒരു മരക്കഷണം കൊണ്ടു അദ്ദേഹം ശ്രമം നടത്തുന്നത് വിഡിയോയിൽ കാണാം.

റഫയിലെ ഒരു കെട്ടിടത്തിൽ ഐ ഡി എഫ് നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ സിൻവർ മുഖം തുണി കൊണ്ടു മറച്ചു ഒറ്റയ്ക്കു ഒരിടത്തു ഇരിക്കുന്നതു കാണാം.

തുടർന്നുണ്ടായ രണ്ടാമത്തെ ആക്രമണത്തിലാണ് സിൻവർ കൊല്ലപ്പെട്ടത്. തടവുകാരൻ ആയിരുന്നപ്പോൾ എടുത്ത ഡി എൻ എ ഉപയോഗിച്ചു പരിശോധന നടത്തിയാണ് ഐ ഡി എഫ് സിൻവറാണ് കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചത്.

ദീർഘകാലം ഹമാസിനെ നയിച്ച ഗാസ മുൻ പ്രധാനമന്ത്രി ഇസ്മയിൽ ഹനിയെ ടെഹ്റാനിൽ വച്ച് ജൂണിൽ വധിക്കപ്പെട്ട ശേഷമാണു സിൻവർ ആ സ്ഥാനത്തേക്കു വന്നത്. കഴിഞ്ഞ മാസം ലെബനനിൽ ഹിസ്‌ബൊള്ള തലവൻ ഹസൻ നസ്രള്ളയെ കൂടി വധിച്ചതോടെ ഇസ്രയേൽ വലിയ നേട്ടമാണ് കൊയ്തത്.

എന്നാൽ ഗാസയിൽ ഹമാസിന്റെ ബന്ദികളായി കഴിയുന്ന നൂറോളം പേരുടെ ജീവന് ഇതു കൂടുതൽ ഭീഷണിയാവുന്നു എന്ന ആശങ്കയുമുണ്ട്.

ബുധനാഴ്ച്ച ഗാസയിൽ നടന്ന പോരാട്ടത്തിൽ മൂന്നു ഹമാസ് ഭീകരരെ വധിച്ചതായി വെളിപ്പെടുത്തിയ ഐ ഡി എഫ്, സിൻവർ കൊല്ലപ്പെട്ടോ എന്നു പരിശോധിച്ചു വരികയാണെന്നു പറഞ്ഞിരുന്നു. വ്യാഴാഴ്ച്ച സിൻവറുടെ മരണം ഐ ഡി എഫ് മേധാവി ലെഫ് കേണൽ ഹെർസി ഹെലാവി സ്ഥിരീകരിച്ചു. ഒരു വർഷം നീണ്ട ധീരമായ വേട്ട ആയിരുന്നു അതെന്നു അദ്ദേഹം പറഞ്ഞു. "ഇസ്രയേലി പൗരന്മാർക്കു ഭീഷണി ഉയർത്തുന്ന ഒരൊറ്റ ആളെയും ബാക്കി വയ്ക്കാതെ ഞങ്ങൾ തീർക്കും."  

Israel confirms Yahya Sinwar is dead 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക