Image

ചൂട്ടുകറ്റ (ഭാഗം -1: ജേക്കബ് ജോൺ കുമരകം, ഡാളസ്)

Published on 18 October, 2024
ചൂട്ടുകറ്റ (ഭാഗം -1:  ജേക്കബ് ജോൺ കുമരകം, ഡാളസ്)

എന്റെ ഗ്രാമം എത്ര സുന്ദരമായിരുന്നു ! ആയിരുന്നു എന്ന് പറയുമ്പോൾ ഇപ്പോഴെന്താ കുഴപ്പം എന്ന് ചോദിക്കുമായിരിക്കും . കുഴപ്പമൊന്നുമില്ല , അവൾ മദലാലസ യാണെങ്കിലും വയലാർ പണ്ട്  "അഭിസാരികയാം സന്ധ്യേ…" എന്ന് സന്ധ്യയെ വിളിച്ചതു പോലെ ഞാൻ എന്റെ നാടിനെ  വിളിക്കുകയോ പറയുകയോ ചെയ്യില്ല .   പക്ഷെ പഴയതിനോടുള്ള എന്റെ ഇഷ്ടം വൈകാരികമാണ് . കടലിന്റെ യത്ര വലിപ്പമുള്ള ഞങ്ങളുടെ സ്വന്തം കായൽ . കായലിന്റെ കരയിലെ കൊച്ചു പള്ളി , ഈ പള്ളി , വിശ്വാസികളുടെ മാത്രമല്ല നാട്ടുകാരുടെകൂടി  സ്വന്തമാണ് . എന്റെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെയാണ് പള്ളിയിലേക്ക് ആൾക്കാർ പോകുന്നത് . വഴി ചെന്ന് നിൽക്കുന്നത് കായലിന്റെ തീരത്തും . വഴിയുടെ കൂടെ ഒരു കൂട്ടുകാരിയെ പോലെ ഒഴുകുന്ന  ഒരു തോടുണ്ട് . ഈ തോടും ചെന്ന് ചേരുന്നത് കായലിലാണ് .ഈ തോടിനെ വേണമെങ്കിൽ പുഴ എന്നോ ആറ് എന്നോ ഒക്കെ വിളിക്കാം പക്ഷെ ഞങ്ങൾക്കതു ഞങ്ങളുടെ തോടാണ് . ഞാനും ഈ തോടും തമ്മിലുള്ള ആത്മ ബന്ധം തോട് പോലെ തന്നെ ആഴമുള്ളതാണ് ! മൂന്നു പ്രാവശ്യം മരണത്തോട് മുഖാമുഖം കണ്ടിട്ടുള്ളതാണ് ഈ തോട്ടിൽ ! അന്വേഷ കുതികിയായ ബാല്യം കാൽ വഴുതി വീണത് ഒഴുക്ക് വെള്ളത്തിലേക്ക് . വള്ളത്തിൽ പോകുന്ന ആളുകൾ രക്ഷാപ്രവർത്തകർ ആയി മാറി ജീവിതം തിരിച്ചു തന്നത് കൊണ്ടാണ് ഇന്നിതെഴുതാൻ ഞാനുള്ളത് ! മൂന്നാമത് തവണ മുങ്ങി താണു പോയ എന്റെ ഒരു വിരൽ കണ്ടാണത്രെ കക്കാ വള്ളത്തിൽ നിന്നും കറിയാ ചേട്ടൻ വെള്ളത്തിലേക്ക് ചാടി എന്നെ പൊക്കി എടുത്ത് കരയിൽ എത്തിച്ചു വയറ്റത്ത് ഞെക്കി വെള്ളം മുഴുവൻ പുറത്തു ചാടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് . ഞാൻ വലുതായി "വലിയ" ആൾ ആയിട്ടും എന്നെ രക്ഷിച്ചതിന് നന്ദി സൂചകമായി കറിയാച്ചേട്ടന് അദ്ദേഹത്തിന്റെ ഇഷ്ട പാനീയ മായ ഒരു കുപ്പി കള്ളു പോലും വാങ്ങിച്ചു കൊടുക്കാൻ ഈ നന്ദിയില്ലാത്ത എനിക്ക് കഴിഞ്ഞില്ല എന്ന് അല്പം മനസാക്ഷി കുത്തോടെ ഇവിടെ പറഞ്ഞു കൊള്ളട്ടെ !
സാമാന്യം ആഴമുള്ള കായലിലെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പിൻബലത്തിൽ ഉണ്ടാവുന്ന സാമാന്യം ഭേദപ്പെട്ട ഒഴുക്കുണ്ട് തോട്ടിൽ . ഇതു പോലെ വലിയതും ചെറിയതും ആയ  അഞ്ചോ ആറോ തോടുകൾ ഞങ്ങളുടെ ഗ്രാമത്തിലൂടെ ഒഴുകി കായലിൽ ചെന്ന് ലയിക്കുന്നുണ്ട് . ചന്തത്തോട് , കരീത്തോട് , കൊഞ്ചുമടത്തോട് , പള്ളിത്തോട്‌ അങ്ങനെ അങ്ങനെ …. ഈ തോടുകളിൽ മിക്കതും ഇന്ന് മെലിഞ്ഞു മെലിഞ്ഞു കൈവെള്ളയിലെ ആയുർ രേഖ പോലെയോ , കൈത്തണ്ടയിലെ ഞരമ്പുകൾ പോലെയോ പേരിനു മാത്രം ഒരു ചെറിയ തോടായി പായലും പോളയും നിറഞ്ഞു , ഒഴുകാൻ വെള്ളത്തിന് ആകാതെ മരണം കാത്തു കിടക്കുന്ന ശരീരം പോലെയായിരുന്നു . നാടിൻറെ , റോഡിന്റെ "വികസനം " കൊണ്ട് രക്ത സാക്ഷിയാകേണ്ടി വന്ന പാവം തോടുകൾ ! മഴ വരുമ്പോഴും , വെള്ളപ്പൊക്കം വരുമ്പോഴും മാത്രം ചർച്ചയാകുന്ന തോടുകൾ !

തോടിന്റെയും വഴിയുടെയും ഇരുവശങ്ങളിലുമായി വിസ്തൃതമായ നെൽപ്പാടങ്ങൾ . ഈ നെല്പാടങ്ങളുടെ നടുവിൽ അവിടവിടെയായി ദ്വീപു പോലെയുള്ള കൊച്ചു തുരുത്തുകൾ . ഈ തുരുത്തുകളിൽ ഒന്നോ അതിലേറെയോ ചെറു കൂരകൾ കാണും .  നെൽ പാടങ്ങളിൽ ജോലി ചെയ്യുന്ന കർഷക തൊഴിലാളി കുടുംബങ്ങൾ ആയിരിക്കും ഈ കൂരകളിൽ താമസിക്കുന്നത് . കൃഷി ഇല്ലാത്ത സമയങ്ങളിൽ ഇവർ കായലിൽ മീൻ പിടിക്കാനോ , മണ്ണ് , കക്ക ഒക്കെ വരാനോ പോകും . ചെറുവള്ളങ്ങളിലോ പാടവരമ്പിലൂടെ നടന്നോ വേണം ഇവർക്ക് അവരുടെ കൂരയിൽ എത്താൻ . പാടത്തു കൃഷി കഴിഞ്ഞു വെള്ളം കയറി കിടക്കുന്ന സമയത്തു , രാത്രി നേരത്തു ആകാശത്തിലെ നക്ഷത്രങ്ങളത്രയും വെള്ളത്തിൽ വീണു കിടക്കുന്നതു പോലെ !.  ഇളകുന്ന വെള്ളത്തിൽ കാണുന്ന നക്ഷത്രങ്ങൾക്ക് എന്ത് ഭംഗിയാണ് ! ചിലപ്പോൾ ആകാശത്തിൽ ഉള്ളതിലും കൂടുതൽ നക്ഷത്രങ്ങൾ വെള്ളത്തിൽ പ്രതിഫലിക്കുന്നുണ്ടാവും .അത് നക്ഷത്രങ്ങളെ കൂടാതെ ചൂട്ടു കറ്റകളുടെ പ്രകാശ പ്രതിഫലനം കൊണ്ടായിരിക്കും . കർഷകർ അന്തിക്ക് അവരുടെ കൂരകളിലേക്ക് മടങ്ങുമ്പോൾ ഒരു ചൂട്ടുകറ്റ കൂടി കാണും കൈയിൽ അവർക്കു കൂട്ടിനായി !
ഇന്നത്തെ തലമുറയ്ക്ക് ഈ ചൂട്ടു കറ്റ എന്താണെന്നു അറിയുമോ എന്തോ ?ഉണങ്ങിയ തെങ്ങോലക്കാലുകൾ കൂട്ടി  കറ്റ പോലെ ഒരു കെട്ടാക്കി , തീ കൊളുത്തി പന്തമായി ഇരുട്ടിൽ വഴി കാട്ടാൻ ഉപയോഗിക്കും . ആളിക്കത്തി പ്രകാശിക്കാൻ വായുവിൽ ഉയർത്തി ആഞ്ഞു വീശിയാൽ മതി കൂടുതൽ പ്രകാശമയമാകാൻ !  ഉപയോഗം കഴിഞ്ഞാൽ നിലത്തു കുത്തി കെടുത്തി വെക്കാം . കുറച്ചു കഴിഞ്ഞു ഒന്നുയർത്തി വീശിയാൽ വീണ്ടും പ്രകാശം റെഡി ! 
നമ്മുടെ ഗതകാല ഓർമകളും ഇങ്ങനെ തന്നെയല്ലേ , മനഃപൂർവം കുത്തി കെടുത്തി , കുഞ്ഞു പുക മാത്രം വമിച്ചു കിടക്കുമ്പോഴും ഒന്നാഞ്ഞു വീശുമ്പോൾ വീണ്ടും വീണ്ടും ജ്വലിക്കുന്ന ഓര്മകളാകുന്ന ചൂട്ടു കറ്റകൾ !
ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ വഴിയോട് ചേർന്ന് കെട്ടിടത്തിൽ  കുറെ പീടികകൾ ഉണ്ട് . ഒരു ചായക്കട , ഒരു പല ചരക്കുകട , ഒരു ജൗളി കട . ഒരു മുറി ഒഴിഞ്ഞു കിടപ്പുണ്ട് . ചായക്കട നടത്തുന്നത് പുരുഷു . പലചരക്കു കട അപ്പച്ചൻ ചേട്ടന്റേതാണ് . കുഞ്ഞേട്ടന്റെ ജൗളി കട . ഒഴിഞ്ഞു കിടക്കുന്ന മുറിയിൽ അപ്പച്ചൻ ചേട്ടന്റെ കടയിലെ ബീഡി തെറുപ്പുകാർ മിക്കവാറും കാണും . കുഞ്ഞേട്ടന്റെ ജൗളിക്കടയുടെ തിണ്ണയിൽ ഒരു തയ്യൽ മെഷീൻ . അതിന്റെ പിറകിൽ ചവിട്ടുന്ന തയ്യൽ മെഷീന്റെ കറങ്ങുന്ന ചക്രത്തിന്റെ താളത്തിൽ തലയാട്ടി എല്ലാം ശരിവെക്കുന്ന ഞങ്ങളുടെയെല്ലാം വസ്ത്രാലങ്കാരത്തിന്റെ ചുമതല വഹിക്കുന്ന കൊച്ചു എന്ന കൊച്ചേട്ടൻ . ബീഡി തെറുപ്പുകാർ മിക്കവാറും നടേശനും ദിവാകരനും ആയിരിക്കും . പിന്നെ ബീഡി കെട്ടുന്ന പിള്ളാരും . ആനുകാലിക രാഷ്ട്രീയം , സിനിമ നിരൂപണം , പ്രാദേശിക വാർത്തകൾ എല്ലാം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയുന്ന ഒരു വേദിയാണ് ബീഡി തെറുപ്പുകാരുടേത് . എരിവും പുളിയും ഉള്ള വാർത്തകളും വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും കേൾക്കാൻ സഹൃദയരും ഇവരുടെ ചുറ്റും കൂടാറുണ്ട് .
പുരുഷുവിന്റെ ചായക്കട നാടിൻറെ ഒരു ഒത്തുകൂടലിന്റെ , സംഗമ വേദിയാണെന്നു പറയാം . ഒരിക്കലും ആ കട അടഞ്ഞു കിടക്കുന്നതു ഞാൻ കണ്ടിട്ടില്ല . എന്നുവച്ചാൽ  മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നു എന്നല്ല പുറത്തു തിണ്ണയിൽ ഒന്ന് മുതൽ എട്ടോ ഒൻപതു അക്കങ്ങൾ എഴുതിയ കുറെ പലകകൾ കണ്ടിട്ടുണ്ട് പക്ഷെ അവ ഒരിക്കലും കട അടക്കാൻ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല . രാത്രി ആളുകൾ കുറഞ്ഞു കഴിഞ്ഞാൽ കച്ചവടം നിർത്തി പുരുഷു അൽപം മോന്താൻ പാലത്തിന്റെ അക്കരെ യുള്ള വേലുവിന്റെ ഷാപ്പിലേക്ക് പോവും . ഈ ഷാപ്പും ഇവിടത്തെ അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ഒരു ഇഷ്ട സംഗമ സ്ഥാനമാണ് ! തോടിനു കുറുകെയുള്ള ഒരു ഒറ്റത്തടി പാലം കടന്നു വേണം ഷാപ്പിലേക്കു പോകാൻ . വലിയ കെ ട്ടുവള്ളങ്ങൾക്ക് നിർബാധം താഴെ കൂടി കടന്നുപോ കുവാൻ വേണ്ടി ഉയരമുള്ള തൂണുകൾ നാട്ടി അതിന്റെ മുകളിൽ ഒരു തെങ്ങിൻ തടി കുറുകെ ഇട്ടിരിക്കുന്നു . അതാണ് പാലം. കയർ കൊണ്ടുള്ള  ഒരു കൈവരി യും ഈ പാലത്തിലൂടെയുള്ള സാഹസിക യാത്രക്ക് സഹായത്തിനായുണ്ട് . ഷാപ്പിൽ കയറിയതിനു ശേഷമുള്ള പാലത്തിലൂടെ യുള്ള ഗമനാഗമങ്ങൾ     പലപ്പോഴും ഷാപ്പിലും പുറത്തും ചർച്ചയാകാറുണ്ട് . ചില ബുദ്ധിമാന്മാരും പ്ലാനിങ് വിദഗ്ധരുമായ white collar  മധുപൻമാർ പാലത്തിൽ കയറുന്നതിനു മുമ്പ് , നിലത്തു നേർ വര വരച്ചു അതിൽ പ്രാക്ടീസ് ചെയ്ത പാലം കടക്കാൻ ശ്രമിക്കുകയും മറു കര എത്തുന്നതിൽ പരാജയപ്പെട്ടു വെള്ളത്തിൽ വീഴുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . വേലു ഒരു അഭ്യാസിയെ പോലെ കൈയിൽ നിറയെ കള്ളും കറികളുമായി എല്ലാവരുടെയും സംതൃപ്‌തി ഉറപ്പിക്കാൻ ഓടി നടക്കുന്നു .  പാട്ടു പാടുന്ന കുടിയരെയും , തെറി പറഞ്ഞു വഴക്കുപിടിക്കുന്നവരെയും ഒരു പോലെ കൈകാര്യം ചെയ്യാൻ വേലുവിനുള്ള പാടവം ഒന്ന് കാണേണ്ടതാണ്. ഷാപ്പിൽ തിരക്ക് ഒന്ന് കുറയുന്ന സമയം നോക്കിയാണ് പുരുഷു മിക്കവാറും അവിടെ ചെല്ലുന്നത് . താമസിച്ചാലും ഇല്ലെങ്കിലും പുരുഷുവിന്റെ "ക്വാട്ട" വേലു മാറ്റി വച്ചിട്ടുണ്ടായിരിക്കും .
ഷാപ്പിലെ പതിവ് സന്ദർശനത്തിന് ശേഷം അപ്പച്ചൻ ചേട്ടന്റെ കടയിൽ നിന്നും ചായക്കടയിലേക്ക് പിറ്റേ ദിവസം വേണ്ട ആവശ്യ സാധങ്ങളൊക്കെ വാങ്ങി പുരുഷു സ്വന്തം വീട്ടിലേക്കു പോകും . വീട്ടിലേക്കുള്ള വഴിയിൽ പുരുഷു ചിലയിടങ്ങളിൽ കയറി ചില കണ്ടാലറിയാവുന്ന പ്രതികളുടെ, സഖിമാരുടെ സുഖാന്വേഷണം നടത്തിയിട്ടേ പോകൂ എന്ന് അസൂയക്കാര് പറയുമെങ്കിലും ഒരു കുറ്റാരോപിതൻ അല്ലാതെ ഒരിക്കലും കുറ്റക്കാരൻ ആവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു . എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ !
അപ്പച്ചൻ ചേട്ടനും പുരുഷുവും ഞങ്ങളുടെ നാടിൻറെ രണ്ടു ജീവ നാഡികൾ ആണെന്ന് തന്നെ പറയാം . രണ്ടുപേരും ഇവിടുത്തുകാരുടെ ആഹാരാദികളുടെ ശ്രോതസ് ആണ് . അപ്പച്ചൻ ചേട്ടന്റെ പറ്റു പുസ്തകത്തിൽ പേരില്ലാത്തവരായി സാധാരണക്കാരായ ആരും കാണില്ല . ഈ പുസ്തകത്തിൽ പേരുള്ള ചിലർക്കൊക്കെ അല്പം പരിഗണന കൂടുതൽ കിട്ടുന്നവരും , കടത്തിന്റെ തുകയിൽ അല്ലറ ചില്ലറ കിഴിവുകൾ ഒക്കെ അനുഭവിക്കുന്നവരും ആണ് . ഈ സ്പെഷ്യൽ കസ്റ്റമേഴ്സ് അബലകളും ബലഹീനരുമായ ചില സ്ത്രീ ജനങ്ങൾ അണെ ന്നു പ്രേത്യകം പറയേണ്ടല്ലോ . ഞങ്ങൾ ഒരിക്കൽ വല്ലാത്ത ഒരു  “പ്രത്യേക” സാഹചര്യത്തിൽ അപ്പച്ചൻ ചേട്ടനെ കാണാനിടയായ ഒരു കഥ ഉണ്ട് . 
അതൊരു എലെക്ഷൻ സീസൺ ആയിരുന്നു രാത്രിയിലും പകലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ തങ്ങളുടെ പാർട്ടിയുടെ വോട്ടുകൾ ഉറപ്പിക്കാൻ വീട് വീടാന്തരം കയറി ഇറങ്ങി നടക്കുകയാണ്. എനിക്ക് വോട്ടവകാശം ആകുന്നതിനു മുമ്പേ ഞാൻ പാർട്ടി പ്രവർത്തനം തുടങ്ങി , അല്ലെങ്കിൽ എന്നെ കൊണ്ട് തുടങ്ങിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ , അല്ലെങ്കിലും നാട്ടുകാരെ സേവിക്കാൻ എന്തിനാ പ്രായം നോക്കുന്നത് അല്ലെ ?ചുരുക്കി പറഞ്ഞാൽ വോട്ട് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പേ എലെക്ഷൻ ഏജൻറ് ആയി ഞാൻ .
ഞങ്ങളുടെ വാർഡ് കമ്മറ്റിയിൽ സജീവമായി പ്രവർത്തിക്കുന്ന നാലഞ്ച് പേരുണ്ട് . ഞങ്ങളുടെ നാരായണൻ ചേട്ടൻ , നാട്ടുകാർ ചാക്ക് നാരായണൻ എന്നാണ് വിളിക്കുന്നത് . പറയുന്നത് അല്പം എരിവും പുളിയും കൂട്ടി അല്പം പരത്തി നീട്ടി അവതരിപ്പിക്കുന്നത് കൊണ്ടായിരിക്കും അവർ അങ്ങനെ വിളിക്കുന്നത്. അന്ന് "തള്ള് " എന്ന പ്രയോഗം ഇല്ലായിരുന്നു അല്ലെങ്കിൽ ചിലപ്പോൾ തള്ള് നാരായണൻ എന്നോ മറ്റോ ആൾക്കാർ വിളിച്ചേനെ .
ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ ദിവസങ്ങളോളം പട്ടിണി കിടക്കുകയും ഞങ്ങളുടെ പള്ളി മുക്കിൽ ഇന്ദിരാജിയുടെ ചെറിയ ഒരു പ്രതിമ വച്ചപ്പോൾ എന്നും അവിടെ പുഷ്പാഞ്ജലി അർപ്പിക്കുകയും , കൈ കൂപ്പി പ്രാർഥിക്കുകയും ചെയ്യുമായിരുന്നു നമ്മുടെ നാരായൺജി . പിന്നെ ഒരു പത്രോസ് ചേട്ടൻ . കല്ല് പണിക്ക് പോയി കിട്ടുന്ന കാശ് രാഷ്ട്രീയത്തിന് വേണ്ടി ചിലവാക്കി വീട്ടിൽ പട്ടിണി കിടക്കുന്ന ഒരു രാജ്യസ്നേഹി . പത്രോസിന്റെ അനുജൻ ജോണി . ഇങ്ങനെ ഞങ്ങൾ മൂന്നുനാലു പേരാണ് എലെക്ഷൻ സ്ലിപ് കൊടുക്കാൻ വീടുകളിൽ പോവുക. എന്റെ ജോലി സ്ലിപ് എഴുതുക എന്നുള്ളതാണ്. ഞങ്ങൾ വീടുകൾ തോറും കേറിയിറങ്ങി നേരം ഒത്തിരി ഇരുട്ടി . ഞങ്ങളുടെ കൈയിൽ ഒരു പെട്രോമാക്സ് ഉണ്ട് . കുറെ വീടുകൾ കൂടി കയറാനുണ്ട് . വാലി വ്യൂ ബംഗ്ലാവ് ഒന്ന് , വാലി വ്യൂ ബംഗ്ലാവ് രണ്ട് എന്ന് രണ്ട് വീടുകൾ ആണ് വോട്ടർ പട്ടികയിൽ അടുത്തതായി കയറേണ്ട വീടുകൾ ബംഗ്ലാവ് ഒന്നിൽ മാത്യു സ്റ്റീഫൻ ഭാര്യ സെലിൻ സ്റ്റീഫൻ മക്കൾ റോഷി സ്റ്റീഫൻ സ്റ്റെഫി സ്റ്റീഫൻ അങ്ങനെ നാല് വോട്ട് ആണ് ഉള്ളത് . വലിയ പട്ടിയുള്ള വീടാണ് , ഗേറ്റിൽ വാലി വ്യു ബംഗ്ലാവ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട് . ആ നാട്ടുമ്പുറത്തെ വലിയ ജന്മിയുടെ വീടാണ് . ഗേറ്റിങ്കൽ നിന്ന് ഉറക്കെ മുതലാളിയെ വിളിച്ചു അനുവാദം വാങ്ങി അകത്തുകയറി മുറ്റത്തുതന്നെ നിന്ന് അവർക്കു നാല് സ്ലിപ് എഴുതി കൊടുത്തു . മാത്തച്ചൻ മുതലാളി കുടിക്കാൻ എന്തെങ്കിലും വേണോ എന്നൊരു ഓഫർ തന്നു . അതിന്റെ അർത്ഥം അവിടത്തെ നാല് വോട്ടുകൾ ഞങ്ങളുടെ പാർട്ടിക്കാണെന്നാണ് നാരായൺജി യുടെ നിഗമനം . അല്ലെങ്കിലും മാത്തച്ചൻ മുതലാളിക്ക് ഞങ്ങളുടെ പാർട്ടിയിലെ സമുന്നതരായ നേതാക്കന്മാരുമായി നല്ല ഊഷ്മളമായ ബന്ധമുള്ള ആളാണ് .  വെള്ളം കുടിയൊക്കെ പിന്നെയാവാം കുറെ വീടുകൾ കൂടി കയറാനുണ്ട് എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി . അടുത്തത് വാലി വ്യൂ ബംഗ്ലാവ് രണ്ട് ആണ് . അത് ബംഗ്ലാവ് ഒന്നും അല്ല . ശരിക്കും ഒരു കുടിൽ ! ആ വീട്ടുപേരിനു മുമ്പിൽ ഒരു ചോദ്യ ചിഹ്നമായി ആ "ബംഗ്ലാവ് " കുറച്ചു ദൂരെയായി ഇരുട്ടിൽ വെട്ടവും വെളിച്ചവും ഒന്നും ഇല്ലാത്ത ഒറ്റയടിപ്പാതയുടെ അങ്ങേ അറ്റത്തു കാണാം. മാത്തച്ചൻ മുതലാളിയുടെ കുടികിടപ്പുകാരൻ തോമാ യുടെ വീട് ആണ്. മാത്തച്ചൻ മുതലാളിയുടെ കൃഷിയും കാര്യങ്ങളും എല്ലാം നോക്കുന്നത് തോമയാണ് . പൊന്തൻ മാടയിലെ മാടയുടെ ഒരു വികൃത വൽക്കരിച്ച ഒരു കരിഞ്ഞ രൂപ മാണ് തോമയുടേത് . തോമയുടെ ഭാര്യ റോസമ്മയാകട്ടെ സുന്ദരിയും ഒരു പച്ച പരിഷ്കാരിയും , സരസ ഭാഷിണിയും ഒക്കെയാണ് . ഇവൾ എങ്ങനെ തോമയുടെ ഭാര്യ ആയെന്നതിന് നാട്ടിൽ പറയുന്ന കഥകൾ പലതാണ് . മുതലാളി പറഞ്ഞാൽ തോമ ഇതല്ല ഇതിന്റപ്പുറവും ചെയ്യും എന്നാണ് എല്ലാ കഥയുടെയും ചുരുക്കം പക്ഷെ ഇതൊന്നും വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ അല്ല ഞാൻ . സൗന്ദര്യം ഒരു ശാപമാകുന്ന ശാലീന സൗന്ദര്യ ധാമങ്ങൾക്കെതിരെ ഉയരുന്ന ഗോസിപ് ആയിട്ടേ ഞാൻ ഇതിനെ കാണുന്നുള്ളൂ . റോസമ്മയുടെ ഞങ്ങളുടെ നാട്ടിലെ പരശ്ശതം ആസ്വാദകരിൽ ഒരാളായി അപ്പച്ചൻ ചേട്ടൻ തീർന്നെങ്കിൽ അതിനെ പഴിക്കാൻ പറ്റുമോ ? റോസമ്മയുട നടത്തവും സംസാരവും എല്ലാം അപ്പച്ചൻ ചേട്ടനിലെ പുരുഷനെ യും പുരുഷത്വത്തെയും വെല്ലുവിളിക്കുന്നതായിരുന്നു ! പ്രെത്യേകിച്ചു കടയിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയുള്ള റോസമ്മയുടെ ഒരു സന്ദർശനവും , നാണം കൂടു കൂട്ടിയ ആ ലജ്ജ പ്പാതിയിൽ നിർത്തിയ ചിരിയും കുഴച്ചിലും എല്ലാം അപ്പച്ചൻ ചേട്ടനിൽ കുളിരുണ്ടാക്കുന്നതായിരുന്നു . പണ്ടേ ദുര്ബലനായിരുന്ന അപ്പച്ചൻ ചേട്ടന്റെ വികാര ചൂളയിൽ റോസമ്മയുടെ സാന്നിധ്യം കനലിട്ടു ഊതാൻ തുടങ്ങിയിരുന്നു

ഞങ്ങൾ നമ്മുടെ വാലി വ്യൂ ബംഗ്ലാവ് രണ്ട് സ്ഥിതി ചെയ്യൂന്ന ദിക്കിലേക്ക് , വെളിച്ചം അധികം ഇല്ലാത്ത ചിറയിലൂടെ ,ചുറ്റും മാദക ഗന്ധിയായ കൈത  പൂക്കൾ നിറഞ്ഞ ഇടുങ്ങിയ ആ വഴിയിലൂടെ ഞങ്ങൾ നീങ്ങി. ആ കൊച്ചുവീടിന്റെ ഉമ്മറത്തു ചെറിയ ഒരു ഓട്ടുവിളക്ക്  ആർക്കുവേണ്ടിയോ പ്രകാശിച്ചു കൊണ്ടിരുന്നു . ഞങ്ങൾ ഒന്ന് ചുമച്ചു ശബ്ദമുണ്ടാക്കി ഞങ്ങളുടെ വരവ് അറിയിച്ചു . കുറച്ചു സമയം അവിടെ ഞങ്ങൾ ആരെയും കാണാതെ നിൽക്കുമ്പോൾ പുറകിലത്തെ വാതിലിലൂടെ ആരോ ഇറങ്ങി ഓടുന്നു . കള്ളൻ ആണെന്ന് കരുതി ഞാൻ ഒച്ച വെക്കാൻ തുടങ്ങിയപ്പോൾ പത്രോസ് ചേട്ടൻ എന്റെ വാ പൊത്തി . “മിണ്ടാതിരിക്ക് , അത് നമ്മുടെ ഒരു വോട്ടാ ആ പോയത് ! വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ !” എനിക്കന്നേരം ഒന്നും പിടി കിട്ടിയില്ല . പയ്യനായ എന്നോട് ആരും ഒന്നും വിശദീകരിക്കാൻ നിന്നില്ല . നാളുകൾക്കു ശേഷം ജോണി രഹസ്യമായിട്ടു എന്നോട് പറഞ്ഞു അന്ന് ഇരുട്ടിൽ മറഞ്ഞത് നമ്മുടെ അപ്പച്ചൻ ചേട്ടൻ ആയിരുന്നെന്നു ! സ്പെഷ്യൽ കസ്റ്റമറുടെ വീട്ടിലെ രാത്രി   ക്ഷേമാന്വേഷണത്തിനുള്ള അപ്പച്ചൻ ചേട്ടന്റെ പ്രൈവറ്റ് സന്ദർശന വേള യായിരുന്നു അത്.
പുരുഷുവിന്റെ ചായക്കട വെളുപ്പിന് ഉണരും , കാപ്പിക്കുള്ള വെള്ളം വക്കുന്നത് സുകുമാരനോ രാജപ്പനോ മറ്റോ ആയിരിക്കും ഈ സുമാരൻ എന്ന സുകുമാരനും രാജപ്പനും ഒക്കെ വീട്ടിൽ പോകാറില്ല , അല്ലെങ്കിൽ ഇവരുടെ വീടുകളിൽ ഇവർക്ക് തല ചായ്ക്കാൻ ഇടം കാണില്ല . പുരുഷു കടയിൽ വരുന്നതിനു മുമ്പ് തന്നെ ചായക്കട പ്രവർത്തന സജ്ജമായിരിക്കും . 
കൊച്ചുവെളുപ്പാൻ കാലത്തു ഒരു കട്ടൻ കാപ്പിയിൽ ദിവസം തുടങ്ങാൻ കൊതിച്ചെത്തുന്നവർ അവിടെ കൂടും . രാവിലെ തദ്ദേശീയരുടെ ഒരു കൂട്ടായ്മ തന്നെ ഉണ്ട് അവിടെ.  തങ്കപ്പൻ , പൊന്നപ്പൻ , കൊച്ചാപ്പി,  അച്ചായി , അനിയൻ , മച്ചുനൻ എന്ന അച്യുതൻ അങ്ങനെ പോകുന്നു ആ കൂട്ടായ്മയിലെ കൂട്ടരുടെ പേരുകൾ
കൊച്ചാപ്പി കാപ്പി മൊത്തി കുടിക്കുന്ന കൂട്ടത്തിൽ തന്റെ കഥകളുടെയും അറിവിന്റെയും ശേഖരം മറ്റുള്ളവരുടെ മുമ്പിൽ തുറക്കുകയായി . കരിമീൻ പിടിത്തത്തിന്റെ വൈ വിധ്യമാർന്ന രീതികൾ .  വെള്ളത്തിൽ മുങ്ങി കക്ക വരുമ്പോൾ കൂടുതൽ സമയം വെള്ളത്തിൽ മുങ്ങി കിടക്ക്കാനുതകുന്ന നുറുങ് "ടിപ്‌സ് "കൾ . കൃഷി സംരക്ഷണം , മൃഗ സംരക്ഷണം , വള്ളം കളി  തുടങ്ങി ആകാശത്തിന് കീഴെ എന്തും കൊച്ചാപ്പിയുടെ ചർച്ച വിഷയം ആയേക്കാം കൊച്ചാപ്പി കഥകൾ പ്രകാരം കരിമീനെ പിടിക്കാൻ ഏറ്റവും ലേറ്റസ്റ്റ് ആൻഡ് സെഫെസ്റ് രീതി ഇങ്ങനെയാണ് . ആദ്യം കരയിൽ നിന്നും കരിമീൻ വെള്ളത്തിൽ എവിടെയാണെന്ന് കണ്ടു പിടിക്കണം . ഇവർ മിക്കവാറും ഏതെങ്കിലും കൈതയുടെയോ പൊന്തയുടെയോ മറവു പറ്റിയായിരിക്കും നിൽക്കുക . കരിമീനെ കണ്ടുകഴിഞ്ഞാൽ ദൃഷ്ടി മാറ്റാതെ അതിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറെ നേരം അങ്ങനെ നിൽക്കണം . കുറച്ചു നേരം സൂക്ഷിച്ചു നോക്കി കഴിയുമ്പോൾ ആ കരിമീൻ ഒന്ന് വാല് ഇളക്കും . അതിന്റെ അർഥം കരിമീൻ ചമ്മി എന്നാണ് . ചമ്മി കിട്ടിയാൽ  പിന്നെയുള്ള പണി  ഈസിയാണ്. ഒരിക്കൽ ചമ്മി കഴിഞ്ഞാൽ പിന്നെ ദൃഷ്ടി മാറ്റാതെ പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങി അതിന്റെ രണ്ടു ചെകിളക്കും താഴെ മെല്ലെ ചൊരിഞ്ഞു കൊടുക്കണം . അപ്പോൾ കരിമീൻ ഇക്കിളി പൂണ്ടു ചെകിള വിടർത്തും . അപ്പോൾ അനങ്ങാനോ പ്രതികരിക്കാനോ ശക്തിയില്ലാതെ നിൽക്കുന്ന കരിമീനെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എടുത്തു കൊണ്ട് പോരാം. ഏറ്റവും മിനിമം ആയി കൈനനച്ചു മീൻ പിടിക്കുന്ന ഈ രീതി കൊച്ചാപ്പി സ്വന്തമായി വികസിപ്പിച്ചു എടുത്തതാണ് .  ഇതു പരീക്ഷിച്ചു നോക്കേണ്ടവർക്കു നോക്കാം പക്ഷെ സ്വന്തം റിസ്കിൽ ആകണം എന്ന് മാത്രം . എനിക്കോ കൊച്ചാപ്പിക്കോ ഇതിൽ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല എന്നൊരു മുൻ‌കൂർ ജാമ്യം എടുത്തോട്ടെ
അങ്ങേരുടെ കഥകളും ടിപ്സു കളൊന്നും തന്നെ യാഥാർഥ്യവുമായി പുലബന്ധ മുണ്ടാകണമെന്നില്ല . ഈ പറഞ്ഞു പറഞ്ഞു സുപരിചിത കഥകളും ആഖ്യാനങ്ങളും കേട്ട് മടുത്തു ചായക്കടയിലെ ബെഞ്ചുകളിൽ ഇരിക്കുന്ന ഓരോരുത്തരായി കൊച്ചാപ്പിയുടെ വധത്തിൽ നിന്നും രക്ഷപെടാൻ പുറത്തു തിണ്ണയിലേക്കു ഇറങ്ങി ഇരിക്കും . അവസാനം കൊച്ചാപ്പി മാത്രം ആകുമ്പോൾ " പിന്നെ ഞാനെന്തിനാ ഇവിടെ ഒറ്റക്കിരിക്കുന്നത് " എന്ന മട്ടിൽ തിണ്ണയിലേക്കു ഇറങ്ങി മറ്റുള്ളവരുടെ നടുക്ക് ഇരുന്നിട്ട് കഥ തുടരും " അപ്പൊ ഞാൻ പറഞ്ഞു നിർത്തിയതെവിടാ ..."
കിഴക്കു വെള്ള കീറുന്നതിനു മുമ്പേ കായലിൽ മീൻ പിടിക്കാൻ പോവുന്ന വള്ളക്കാർ ആയിരിക്കും ആദ്യത്തെ കസ്റ്റമേഴ്സ് . പുട്ടും കടലയോ , ഏത്തപ്പഴം പുഴുങ്ങിയതോ , അപ്പം , മുട്ടക്കറി , ഇടിയപ്പം ഇവയിൽ ഏതെങ്കിലുമൊക്കെ യോ രാവിലെ കാണും . കൃഷിയുള്ള സമയങ്ങളിൽ പാടങ്ങളിൽ വേല ക്കു പോവുന്ന ആൾക്കാർ കാണും . കൊയ്ത്താവുമ്പോൾ കൊയ്ത്തുകാർ . നെല്ക റ്റ വയ്ക്കുന്ന കളങ്ങളിൽ കാവൽ കിടക്കുന്ന കർഷക  മൂപ്പന്മാർ . കൊയ്ത്തു കഴിയുമ്പോൾ പാടത്തു തീറ്റക്ക് താറാവിനെ കൊണ്ടുവരുന്ന താറാവ് കൃഷിക്കാർ അങ്ങനെ 365 ദിവസവും പുരുഷുവിന്റെ ചായക്കട യിൽ എന്നും ഉത്സവത്തിന്റെ തിരക്കാണ് . താറാവ് കൃഷിക്കാർ പറ്റു തീർക്കുന്നത് താറാവിന്റെ മുട്ട കൊടുത്താണ് . ആ സീസണിൽ സ്ഥിരം താറാവ് മുട്ട പുഴുങ്ങിയത് രാവിലത്തെ മെനുവിൽ കാണും  .. പുരുഷുവിന്റെ ചായക്കടയിൽ സ്ഥിരമായി അന്തിയുറങ്ങുന്ന സുകുമാരനും മോഹനനും രാജപ്പനും മച്ചുനനും ഒക്കെ ആവശ്യമെങ്കിൽ പുരുഷുവിനെ സഹായിക്കാൻ എപ്പോഴും സന്നദ്ധരായി നില്പുണ്ടാവും . ഇവരെല്ലാം കായലിൽ കരിമീൻ പിടിക്കാൻ പോകുന്ന ആളുകളാണ് . ഏതാണ്ട്  അര കിലോമീറ്ററോളം നീളം വരുന്ന, നല്ല വലിപ്പമുള്ള കയറിൽ കുരുത്തോല തിരുകി കെട്ടി രണ്ടു വശങ്ങളിലായി കഴുക്കോലിൽ കുത്തി നീന്തി രണ്ടുപേർ വലിച്ചു കൊണ്ട് പോകും ഈ കുരുത്തോല വെള്ളത്തിൽ ഉണ്ടാക്കുന്ന ചലനത്തിൽ ഭയ ചകിതരാകുന്ന കരിമീൻ കൂട്ടങ്ങൾ പ്രാണ രക്ഷാ ര്ദ്ധം ചെളിയിൽ തല പൂഴ്ത്തി നിൽക്കും . ഇങ്ങനെ ഒളിച്ചു നിൽക്കുന്ന കരിമീൻ അത് പോലും അറിയാതെ പിടിച്ചെടുത്തു കരയിൽ കൊണ്ട് പോരുന്ന ഒരു രീതിയാണ് വെള്ളവലി എന്നറിയപ്പെടുന്ന കരിമീൻ പിടുത്തം . രാജ ഭരണ കാലത്തു കരിമീനുകളുടെ വംശ നാശത്തിന് ഇടയാകും എന്ന് പറഞ്ഞു ഈ മീൻ പിടുത്തം നിരോധിച്ചിരുന്നു . കരിമീൻ പിടിക്കാൻ പല മാര്ഗങ്ങളും തേടാറുണ്ടെങ്കിലും വല ഉപയോഗിക്കുന്നതിലും ഒക്കെ വലിപ്പമുള്ള കരിമീനുകൾ ആഴമുള്ള കായൽ പരപ്പിൽ വെള്ളവലിച്ചു കിട്ടാറുണ്ട് .  ഞങ്ങളുടെ നാട്ടുകാർ ഇതിൽ എക്സ് പേർട്സ് ആണ് പത്തു വിരലുകൾക്കിടയിലും കരിമീനുമായി വെള്ളത്തിനടിയിൽ നിന്നും പൊങ്ങി വരുന്ന വിദഗ്ദർ ഉണ്ട് !. ഇങ്ങനെ പിടിക്കുന്ന കരിമീന് നല്ല ഡിമാൻഡ് ഉണ്ട് മാർക്കറ്റിൽ . ഇവർ പിടിക്കുന്ന കരിമീൻ തങ്ങൾക്കു തന്നെ ലഭിക്കാൻ മാർക്കറ്റിലെ മൊത്ത കച്ചവടക്കാർ മീൻ പിടുത്തക്കാരെ പല പ്രലോഭനങ്ങളും കൊടുത്തു വശത്താക്കാറുണ്ട് . അധ്വാന വർഗ്ഗത്തിന്റെ ബലഹീനത ശരിക്കും അറിയാവുന്ന കച്ചവട കണ്ണുള്ള , കച്ചവട തിമിരം ബാധിച്ച മൊത്ത വ്യാപാരികൾ അവർക്ക് നാടൻ കള്ളും , ഫോറിൻ കള്ളും ഒക്കെ കൊടുത്തു അവരെ വഷളാക്കാറുണ്ട് . ഇവരുടെ സൽക്കാരം കഴിഞ്ഞു കയ്യിലുള്ളതുകൂടി നാട്ടിലുള്ള എല്ലാ ഷാപ്പുകളിലും നേർച്ചയിട്ടു അവസാനം ഞങ്ങളുടെ സ്വന്തം ഇടവക ഷാപ്പായ വേലുവിന്റെ ഷാപ്പിൽ കടം പറഞ്ഞു കൂടി കുടിക്കും . വീട്ടിൽ പെണ്ണോ പിടക്കോഴിയോ ഒന്നും പേടിക്കാനോ ചോദിക്കാനോ ഇല്ലാത്ത സുമാരനും മോഹനനും ഒക്കെ മുകളിൽ ആകാശവും താഴെ ഭൂമിയും അല്ലാതെ വേറെ എന്താണ് ? ഈ മനുഷ്യ പുത്രന്മാർക്കു തല ചായ്ക്കാൻ പുരുഷുവിന്റെ ചായക്കടയിലെ ബെഞ്ച് മാത്രം! 
ഈ ജീവിതങ്ങളുടെ നേരെ , അവരുടെ പാതിയടഞ്ഞ , മദ്യത്തിന്റെ മണവും നിറവുമുള്ള കലങ്ങിയ കണ്ണുകളിലേക്കു , ഇരുട്ടു കയറിയ ജീവിതങ്ങളിലേക്കു ചൂട്ടു കറ്റ  ഒന്ന് കൂടി ആഞ്ഞു വീശിയാലോ ?

(തുടരും....)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക