Image

നവയുഗക്കാഴ്ച്ച (ദേവു ഉമ പട്ടേരി)

Published on 19 October, 2024
നവയുഗക്കാഴ്ച്ച  (ദേവു ഉമ പട്ടേരി)

അഹങ്കാരത്തിന്റെ ചുറ്റുമതിലിൽ
വിള്ളൽ വീണപ്പോഴാണ്
അയാളിലെ പ്രണയപ്പക്ഷി
ചിറകടിച്ചു പറന്നത്.
ബലിക്കല്ലിൽ തല തല്ലിക്കരഞ്ഞു
ചത്തൊടുങ്ങിയ പ്രണമെത്രയെന്നത്
അയാൾക്കോർത്തെടുക്കാനായില്ല..
ആട്ടുകല്ലിൽ ചതഞ്ഞരഞ്ഞ
കണ്ണീരിന്റെ ഉപ്പുരസം,
രുചിയോടെ ഭക്ഷിച്ച അവനറിഞ്ഞതേയില്ല.
പ്രണയമെന്നാൽ
രതിയുടെ ആത്മനിർവൃതിയെന്ന്
നിർവ്വചിക്കപ്പെട്ടവന്
മടുത്താൽ വലിച്ചെറിയുന്നൊരു
കളിപ്പാട്ടമായിരുന്നത്രെ പെണ്ണ്...
എന്നാൽ തൊട്ടാൽ
ചുട്ടു പൊള്ളുന്നൊരു
പെണ്ണൊരുത്തിയെ കണ്ടപ്പോഴാണവൻ
ലിംഗം ഛേദിച്ചാലുള്ള
ദുരവസ്ഥയെ ഓർത്തത്....
പുനർചിന്തനത്തിനു വഴിപ്പെട്ടവൻ
പാപമോചനത്തിനായലയുകയാണ്.
കുരുതിക്കളത്തിൽ മാപ്പിരക്കാൻ അവശേഷിക്കുന്നതാര്..!
ഹൃദയത്തിലിടം കൊടുക്കാൻ,
പെൺമനം കൊതിക്കുന്നവന്
ഇനി നീതിയെവിടെ.!
ആയിരം ചാട്ടവാറടിയാൽ
മനസ്സിനെ കൊന്നവൻ
സ്വയം പുലഭ്യം പുലമ്പിക്കൊണ്ട്
ഇരുളിലലിഞ്ഞലിഞ്ഞില്ലാതാവുകയാണ്.
കാഴ്ചയാണിത്...
ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല...
              
ദേവു ✍️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക