Image

തണല്‍തേടുന്ന പക്ഷി (ഇമലയാളി കഥാമത്സരം 2024: ബിനു സുതന്‍)

Published on 19 October, 2024
തണല്‍തേടുന്ന പക്ഷി (ഇമലയാളി കഥാമത്സരം 2024: ബിനു സുതന്‍)

പ്രണയം... അനുഭവിച്ചറിഞ്ഞത് നിന്നിലൂടെ ആയിരുന്നു. എഴുതപ്പെട്ടതോ വായിച്ചറിഞ്ഞതോ ഞാന്‍ മനസ്സിലാക്കിയതോ ഒന്നും ആയിരുന്നില്ല പ്രണയം. തമ്മില്‍ കാണാതെയും പ്രണയിക്കാം എന്നു നീ പറഞ്ഞപ്പോള്‍ ഇത്രമാത്രം ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞില്ല. പ്രണയത്തിന്റെ തീവ്രത നിന്നിലൂടെയാണ് ഞാനറിഞ്ഞത്. പ്രണയത്തിന്റെ അവസാനം പരസ്പരം സ്വന്തമാക്കുക എന്നതല്ല. സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥ എന്താണെന്നും പഠിപ്പിച്ചതും നീയാണ്. ഒരിക്കല്‍പ്പോലും കണ്ടുമുട്ടാതെയും അകലങ്ങളിലിരുന്നും ഇത്രമേലാഴത്തില്‍ പ്രണയിക്കാന്‍ കഴിയും. ഹൃദയത്തിന്റെ ഓരോ ഇടിപ്പുകള്‍പ്പോലും പരസ്പരം നമ്മളറിഞ്ഞു തുടങ്ങിയിരിക്കുന്നു.

കുറഞ്ഞ ദിവസത്തെ ചാറ്റിലൂടെ ഈ സ്‌നേഹം ഒരു മുന്‍ജന്മബന്ധമാണെന്നു കരുതി അവളുടെ ജീവിതകഥകളും വ്യസനങ്ങളും അയാളോടു തോരാതെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ നല്ലൊരു കേള്‍വിക്കാരനായി മാറിയത് അവളെ അവനിലേക്കു കൂടുതല്‍ അടുപ്പിക്കുകയായിരുന്നു.

''നിന്റെ ഇമയനക്കങ്ങള്‍പ്പോലും ഞാനറിയുന്നു രാധൂ... നിന്റെ വേവലാതികളും പരിഭവങ്ങളും നീയിനി എന്നോടല്ലേ പറയേണ്ടത്. ഞാന്‍ നിന്നോടൊപ്പം എപ്പോഴുമുണ്ടാകും. നിനക്കു പറയാനുള്ളതെല്ലാം; നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളും എന്തുവേണമെങ്കിലും എന്നോടു പറഞ്ഞോളൂ... ഒരിക്കലും ഞാന്‍ നിന്നെവിട്ടുപോവില്ല.''

അവന്റെ മൃദുസ്വരത്തോടെയുള്ള വോയ്‌സ് വീണ്ടുംവീണ്ടും അവള്‍ കേട്ടുകൊണ്ടിരുന്നു.

ഇതുവരെ കാണാതിരുന്ന ഒരുപാടു സ്വപ്നങ്ങള്‍ രാധിക കണ്ടുതുടങ്ങി.  ഏതോ മായലോകത്ത്  റാണിയായി വാഴുന്നത് അവള്‍ സ്വയം സ്വപ്നം കണ്ടു. ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും അവളുടെ സൗന്ദര്യത്തെ അയാള്‍ വര്‍ണിക്കാന്‍ തുടങ്ങി. അവള്‍ക്കുറക്കമില്ലാതായി.

ഈ മനസ്സെന്നു പറഞ്ഞാല്‍, നമ്മള് പിടിച്ചാല്‍ പിടികിട്ടാത്ത ഒരു പിടികിട്ടാപ്പുള്ളി തന്നെ.  സ്വന്തമാക്കാന്‍ പറ്റില്ലയെന്നറിയാമെങ്കിലും, ഏതു ദേശത്തുള്ളവരെന്നോ എത്ര അകലങ്ങളിലാണെന്നോ ഒരിക്കല്‍പ്പോലും കണ്ടുമുട്ടാന്‍ സാധ്യതയില്ലെന്നോ എത്തരക്കാരനാണെന്നുപോലുമറിയാതെ പ്രണയിക്കാന്‍ തുടങ്ങുന്നു. പ്രണയത്തിന്റെ ആനന്ദധാരയില്‍ മതിമറന്നാറാടുന്നു.

പ്രണയം പ്രപഞ്ചസത്യമാണ്. അതു ജീവനാണ്. അത് ഈശ്വരനാണ്. അതു സ്വര്‍ഗവുമാണ്. പ്രണയം ഹൃദയത്തിനുള്ളില്‍ വേരുറച്ച് ഓരോ രോമകൂപങ്ങളില്‍ലേക്കുംവരെ പ്രവഹിച്ചൊഴുകും. ഇരുഹൃദയങ്ങളും തമ്മില്‍ കെട്ടിപിണഞ്ഞുകോര്‍ത്തുകിടക്കും. പ്രണയത്തെ ഒരു ശക്തിക്കും വേര്‍പെടുത്താനാവില്ല.

''എനിക്കു നിന്നെ കാണാതിരിക്കാനാവില്ല രാധൂ... എത്ര നാളുകളായി നമ്മള്‍ ഈ ചാറ്റിലൂടെ മാത്രം അറിയുന്നു. പരസ്പരം പുണരുന്നു. എന്റെ രാധൂനെ നേരിട്ടു കാണുവാന്‍ നിന്റെ ഹൃഷിന് തിടുക്കമായി രാധൂ... ഞാന്‍ വരും നിന്നെ കാണാനായി. ഒരിക്കല്‍... നിനക്കൊരു സര്‍പ്രൈസായി.''

ഹൃഷിന്റെ ശബ്ദത്തിന്, വാക്കുകള്‍ക്ക് വല്ലാത്ത ശക്തിയാണ്. വരണ്ട ഭൂമിയില്‍ പതിക്കുന്ന  വേനല്‍മഴപോലെ...അവന്റെ മൊഴികള്‍ക്ക് മഞ്ഞുതുള്ളിയുടെ നൈര്‍മല്യവും കുളിരുമാണ്. തേനിന്റെ മാധുര്യവും.
''രാധൂ... ഈ ഭൂമിയില്‍ നീ സ്വര്‍ഗം കണ്ടിട്ടുണ്ടോ....? ഈ ഭൂമിയിലാണ് സ്വര്‍ഗമുള്ളത്. അതു നീയറിണം. നമുക്കൊരുമിച്ച് അനുഭവിക്കണം. ആസ്വദിക്കണം. സ്വര്‍ഗീയവസന്തം തീര്‍ക്കണം നമുക്കീ ഭൂമിയില്‍.''
പാതിരാമുല്ലകള്‍ പൂവിരിഞ്ഞ സുഗന്ധം പരത്തുന്ന ആ പാതിരാവില്‍ മെസേജുകള്‍ വായിച്ചുതീര്‍ത്ത് കിടക്കയിലേക്കു വീഴുമ്പോഴും രാധികയുടെ മനസ്സിനെ, ജീവനെ തണുപ്പിച്ച്, ഉയിരേകുന്നത് ഹൃഷ് ആണെന്ന ചിന്തയില്‍, ചുറ്റുപാടുകളെ മറന്ന്, തന്നെത്തന്നെ മറന്ന് ആ മൊഴിയിലെ ഉയിരും ഉശിരും അറിഞ്ഞ്, അവളുടെ ഏകാന്തതയുടെ നീലിമ നിറഞ്ഞ നിദ്രയിലേക്ക് അലിയുമ്പോള്‍ മനസ്സിലേക്ക് തന്റെ നിദ്രയ്ക്കു കൂട്ടായി അവനെയും അവള്‍ കൂട്ടാറുണ്ട്. ആ നിദ്രയില്‍നിന്നുള്ള ഉണര്‍വ് ആനന്ദത്തിന്റെ പരമകോടിയിലേക്കാണ്.

''ഹൃഷ്... നീ സംസാരിക്കാന്‍ തുടങ്ങിയ നിമിഷംമുതല്‍ ഞാന്‍ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്.''

''രാധൂ... പ്രാണന്‍ തന്ന് പ്രണയിക്കുന്ന എന്റെ പെണ്ണിന്റെ മടിത്തട്ടില്‍ തല ചേര്‍ത്തുവച്ച് ഒരു തവണയെങ്കിലും കിടക്കണം.. ആ മടിയില്‍ തലചായ്ച്ച് കിടന്ന് ചെവികള്‍ നിന്റെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച് ഹൃദയമിടിപ്പുകള്‍ എനിക്കുകേള്‍ക്കണം. പ്രണയം നിറഞ്ഞുനില്‍ക്കുന്ന നിന്റെ കണ്ണിമകളിലേക്ക് ഒരുപാടുനേരം നോക്കി കിടക്കണം. നിന്റെ വശ്യതയേറിയ ചുണ്ടികളിലെന്റെ ചൂണ്ടുവിരലിനാല്‍ തലോടണം. നിന്നെ എനിക്ക് വേണം രാധൂ... നീയെന്റേതല്ലേ. ഞാന്‍ വരും നിന്റെ അടുത്ത്.''

രാധിക ഹൃഷിന് റൂട്ട് മാപ്പ് അയച്ചു കൊടുത്തു.
*****
മുറ്റത്ത് വന്നുനിന്ന ബുള്ളറ്റിന്റെ സൗണ്ട് കേട്ടതേ... രാധിക ജനല്‍പ്പാളി തുറന്നുനോക്കി.

ഫ്രീക് സ്റ്റൈലില്‍ മുടിവെട്ടിയ യുവാവ് ബുള്ളറ്റില്‍നിന്നിറങ്ങി. അവള്‍ക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

അവളിലെ സ്ത്രീസുഗന്ധത്തെ വാനോളം പുകഴ്ത്തുമ്പോള്‍, അവളും അവന്റെ മാസ്മരികഗന്ധത്തിലേക്കു അലിഞ്ഞലിഞ്ഞു ചേരുകയായിരുന്നു.

ഹൃഷിന്റെ ബുള്ളറ്റിന്റെ പിന്‍സീറ്റില്‍ കയറി പായുമ്പോളൊക്കെ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇതിലും വലിയ മായാലോകം ലോകത്തെവിടെയും; മറ്റാരില്‍നിന്നും കിട്ടില്ലയെന്നവളറിഞ്ഞു. പ്രണയത്തിന്റെ കാന്തിക ലഹരിയോടൊപ്പം മയക്കുമരുന്നിന്റെ ഉന്മാദം അവളുടെ രക്തത്തില്‍ പടര്‍ന്നു വ്യാപിച്ചത് അവള്‍ മനസ്സിലാക്കിയില്ല. ലഹരിയുടെ മാസ്മരികമായാജാലത്തിലും പ്രണയോന്മാദിനിയായൂം ഹൃഷിന്റെ മറ്റു സുഹൃത്തുക്കളോടൊപ്പം പാടുകയും നൃത്തംവയ്ക്കുകയും ചെയ്തു.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരുകൂട്ടം യുവതീയൂവാക്കളുടെ ഇടയിലേക്കാണ് ഹൃഷ് രാധികയെ കൊണ്ടെത്തിച്ചതെന്നറിനാവാത്തവിധം രാധിക മയങ്ങിക്കഴിഞ്ഞിരുന്നു. എവിടെയാണ്; ആരോടൊപ്പമാണ് എന്ന സ്ഥലകാലബോധംതന്നെ അവള്‍ക്കു നഷ്ടപ്പെട്ടു.

പൊതുസ്ഥലമാണെന്നറിയാതെ മയക്കുമരുന്നിന്റെ വിളയാട്ടത്തിനിടെ പൊലീസിന്റെ കൈയില്‍നിന്നു വഴുതിയൊഴുകുന്ന, പിടിച്ചാല്‍ പിടികിട്ടാത്ത, ശക്തിയോടെ അവള്‍ കൈകാലുകള്‍ ഇട്ടു കുതറിച്ചു. മനുഷ്യനാണെന്ന തിരിച്ചറിവില്ലാത്ത ശക്തിയോടെ പൊലീസിനെ അവള്‍ ചവിട്ടുന്നു. മൂന്നുനാലു പൊലീസ് അതിസാര്‍ഥ്യത്തോടെ അവളുടെ കൈകാലുകള്‍ ബന്ധിക്കുന്ന കാഴ്ചകള്‍ പൊതുജനം ഒന്നാകെ സോഷ്യല്‍മീഡിയവഴി കാണാന്‍ അധികസമയം വേണ്ടിവന്നില്ല.

ഒരല്പം ലഹരിക്കുവേണ്ടി യാചിക്കുന്ന, ഇരുട്ടറയില്‍ കിടന്നലറിക്കരയുന്ന രാധിക. വര്‍ഷങ്ങളോളം ഇരുട്ടറയില്‍ കിടന്ന രാധികയുടെ ശരീരരക്തത്തില്‍ പടര്‍ന്ന ലഹരി വറ്റി.

തണല്‍തേടുന്ന ചിറകറ്റുപോയ പക്ഷിക്ക് ആരു തുണയേകും?

ശവംനാറിപുഷ്പത്തെപ്പോലെ....

സ്‌നേഹം എന്ന രണ്ടക്ഷരങ്ങളുടെ മൂല്യം നഷ്ടപ്പെട്ടവളുടെ വിലാപം...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക