അമല്‍ നീരദ് എന്ന സംവിധായകനില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തലത്തില്‍ ഒരു ചിത്രമാണ് ഇത്തവണ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. പ്രമേയത്തിന്റെ പുതുമ കൊണ്ടും മേക്കിങ്ങിന്റെ പ്രത്യേകത കൊണ്ടും കഥാപാത്രങ്ങളുടെ വേറിട്ട ഗെറ്റപ്പും പ്രകടനം കൊണ്ടും തന്റെ മുന്‍ചിത്രമായ ഭീക്ഷ്മപര്‍വത്തെക്കാള്‍ ഒരടി മുന്നില്‍ നില്‍ക്കുന്ന സിനിമയാണ് 'ബോഗെയ്ന്‍വില്ല'. റിലീസിനു മുമ്പു തന്നെ ഒരൊറ്റ ഗാനം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ ചിത്രം സമീപകാലത്ത് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന മികച്ച സിനിമകളിലൊന്നാണ്.
ചിത്രകാരിയായ റീത്തുവും ഭര്‍ത്താവ് ജോയ്‌സും ഒരു കാറപകടത്തില്‍ പെടുന്ന ദൃശ്യങ്ങളോടെയാണ് കഥ ആരംഭിക്കുന്നത്. അപകടശേഷം റിട്രോഗ്രേഡ് അംനേഷ്യ പിടിപെടുന്ന റീത്തു. ഓര്‍മ്മകള്‍ നശിച്ച് പിന്നീട് ഓരോ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ കൂട്ടി വച്ച് പരസ്പരം കൂട്ടിയിണക്കി ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ഓര്‍മ്മകള്‍ നശിച്ച റീത്തുവിന് സദാ കരുതലും സ്‌നേഹവുമായി കൂട്ടിരിക്കുകയാണ് ഭര്‍ത്താവ് ജോയ്‌സ്. ക്യാന്‍വാസില്‍ ബോഗെയ്ന്‍വില്ല പൂക്കളുടെ ചിത്രം വരച്ചു കൂട്ടുമ്പോഴും അതില്‍ എന്തോ ദുരൂഹത എവിടെയോ കെട്ടുപിണഞ്ഞു കിടക്കുന്നു.
നാളുകള്‍ അങ്ങനെ കടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി അവര്‍ക്കിടയിലേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ (ഫഹദ് ഫാസില്‍) കടന്നു വരുന്നത്. കാണാതാകുന്ന പെണ്‍കുട്ടികള്‍, മൃതദേഹങ്ങള്‍ എന്നിവയെ സംബന്ധിച്ച അന്വേഷണത്തിനാണ് അയാള്‍ എത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അയാള്‍ റത്തുവിനെയും ജോയ്‌സിന്റെയും അടുത്തെത്തുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ക്കുള്ള ഉത്തരം മുറിഞ്ഞും അടര്‍ന്നും മാഞ്ഞും പോകുന്ന ഓര്‍മ്മകള്‍ക്കിടയില്‍ നിന്നും കണ്ടെത്തി നല്‍കാന്‍ കഴിയാതെ റീത്തു വിഷമിക്കുന്നു. ഒരു ഘട്ടത്തില്‍ റീത്തു അന്വേഷണത്തെ മനപ്പൂര്‍വ്വം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് വരെ അയാള്‍ തുറന്നു പറയുന്നു. റീത്തു പറയുന്ന കാര്യങ്ങള്‍ സത്യമോ അതോ ഭാവനയില്‍ നിന്നുള്ളതോ എന്ന് അവര്‍ സംശയിക്കുന്നതു പോലെ തന്നെ പ്രേക്ഷകരിലും ഒരമ്പരപ്പും സംശയവും ബാക്കി നില്‍ക്കുകയാണ്.
പ്രേക്ഷകരുടെ പ്രതീക്ഷകളെ അല്‍പ്പം പോലും നിരാശപ്പെടുത്താതെയാണ് അമല്‍ നീരദ് ചിത്രമൊരുക്കിയിട്ടുള്ളത്. മികച്ച ഫ്രെയിമുകളും വ്യത്യസ്തതയുള്ള കഥ പറച്ചിലുമായി ത്രില്ലടിപ്പിക്കുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഇത്തവണ അമല്‍ നീരദിന്റെ സംഭാവന. ലോകോത്തര നിലവാരത്തിലുളള മേയ്ക്കിങ്ങ് കൊണ്ട് ബോഗെയ്ന്‍വില്ല എന്ന ചിത്രം സകല മലയാള ചിത്രങ്ങളെയും കടത്തി വെട്ടുകയാണ്.
പുതുതലമുറ നോവലിസ്റ്റുകളില്‍ പ്രമുഖനായ ലാജോ ജോസ് തിരക്കഥയെഴുതിയ ആദ്യ സിനിമയാണ് ബോഗെയ്ന്‍വില്ല. അദ്ദേഹത്തിന്റെ കൃതികളുടെ ആരാധകര്‍ക്ക് ഏറെ സന്തോഷിക്കാനുള്ള വക ഈ ചിത്രത്തിലുണ്ട്. ലാജോ ജോസ് എഴുതിയ ഹിറ്റ് നോവലിന്റെ പല ഭാഗങ്ങളും കൂട്ടിയിണക്കിയാണ് ബോഗെയ്ന്‍വില്ല ഒരുക്കിയിട്ടുള്ളത്. എങ്കിലും സിനിമയ്ക്കായി ഒട്ടനവധി മാറ്റങ്ങളം അമല്‍നീരദും ലാജോ ജോസും ചേര്‍ന്നു നടത്തിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ കാര്യത്തിലും അവതരുടെ അവതരണത്തിലുമെല്ലാം ഇത് കാണാം. അന്വേഷണ ഉദ്യോഗസ്ഥന്റെ പേരും പശ്ചാത്തലവും കഥയ്ക്കനുസൃതമായി മാറ്റിയിരിക്കുന്നു. ലാജോയുടെ തന്നെ മറ്റൊരു നോവലിന്റെ ഭാഗവും ഈ കഥയില്‍ വിളക്കി ചേര്‍ത്തിട്ടുണ്ട്.
പത്തു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ജ്യോതിര്‍മയിയുടെ ഗംഭീര തിരിച്ചു വരവാണ് ബോഗെയ്ന്‍വില്ലയുടെ ഏറ്റവും വലിയ സവിശേഷത. ഗെറ്റപ്പിലും പ്രകടനത്തിലുമെല്ലാം അതിന്റെ മാന്ത്രികത കാണാം. റിട്രോഗ്രേഡ് അംനേഷ്യ എന്ന മറവി രോഗം പിടിപെട്ട വ്യക്തിയുടെ അതിസങ്കീര്‍ണ്ണവും സൂക്ഷ്മതലത്തിലുമുള്ള ഭാവാവിഷ്‌ക്കാരം അങ്ങേയറ്റം നിയന്ത്രണത്തോടെ ജ്യോതിര്‍മയി ഭംഗിയാക്കി. അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി റീത്തു മാറും എന്നുറപ്പാണ്.
അതിസൂക്ഷ്മമായ രീതിയില്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അവതരിപ്പിച്ച രണ്ടു താരങ്ങള്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ്. ജോയ്‌സ് എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ അത്രയേറെ ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ലുക്കിലും ഗെറ്റപ്പിലും കൊണ്ടു വന്ന പുതുമയും ഏറെ ശ്രദ്ധേയമായി. കുറ്റാന്വേഷകനായി വന്ന ഫഹദ് പതിവു പോലെ അമ്പരപ്പിക്കുന്ന പ്രകടനം തന്നെ കാഴ്ച വയ്ക്കുന്നതില്‍ മികവു കാട്ടി. അഭിനയിക്കുന്ന ഓരോ കഥാപാത്രവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കാന്‍ ഈ നടന്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും വൈദഗ്ധ്യവും എടുത്തു പറയേണ്ടതാണ്. ശ്രിന്ദ, വീണ, ഷാജി തിലകന്‍, ജിനു ജോസ്, ഷറഫുദ്ദീന്‍, നിസ്താര്‍ സേര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ബോഗെയ്ന്‍വില്ല റിലീസാവും മുമ്പു തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായത് അതിലെ പാട്ടാണ്. കൂടാതെ പുതുമയുള്ള വ്യത്യസ്ത ഫ്രയിമുകള്‍ കൊണ്ടു സമ്പന്നമായ സീനുകളും. ഇതിന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ്.സി .ചന്ദ്രനും പ്രത്യേക കൈയ്യടി അര്‍ഹിക്കുന്നു.
ഏതായാലും പുതുമയുള്ളൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ബോഗെയ്ന്‍വില്ല എന്ന ചിത്രം പ്രേക്ഷകന് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നുറപ്പ്.