കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍, കോണ്‍ഗ്രസിലെ പൊട്ടിത്തെറികൊണ്ട് ശ്രദ്ധേയമായ നിയമസഭാ മണ്ഡലമാണ് പാലക്കാട്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ നീക്കത്തിലൂടെയാണ് മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബും പാര്‍ട്ടി വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്-ആര്‍.എസ്.എസ് ബാന്ധവം ആരോപിച്ച് ഷാനിബ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുന്നുവെന്നതാണ് കൗതുകകരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍, കഴിഞ്ഞ തവണ ഒറ്റപ്പാലത്ത് കൊണ്‍ഗ്രസ് ടിക്കറ്റില്‍ പോരാടിയ ഡോ. പി സരിന്‍ ഇവിടെ സി.പി.എം സ്വതന്ത്രനായി ജനവിധി തേടും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല സരിന്‍ മത്സരിക്കുക. പൊതുവോട്ടുകള്‍ കൂടി നേടുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ചിഹ്നം ഒഴിവാക്കുന്നത്. ബി.ജെ.പി ഏറെ പ്രതീക്ഷ വെക്കുന്ന ഈ സീറ്റില്‍ സി കൃഷ്ണകുമാറാണ് മത്സരിക്കുന്നത്.
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂര്‍ താലൂക്കിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട് മണ്ഡലം. പാലക്കാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പാലക്കാട് കേരളത്തില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്. അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ മല്‍സരമാണിവിടെ നടക്കുന്നത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇഞ്ചോടിഞ്ഞ് മല്‍സരമാണിവിടെ നടന്നത്. വോട്ടെണ്ണല്‍ തുടങ്ങി അവസാന മണിക്കൂറുകള്‍ വരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ഇ ശ്രീധരനാണ് ലീഡ് ചെയ്തതിരുന്നത്. ഒരുഘട്ടത്തില്‍ ബി.ജെ.പി പാലക്കാട്ട് അക്കൗണ്ട് തുറന്നു എന്നു തോന്നിച്ചിടത്ത് നിന്നാണ് 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിച്ചത്.
2006-ല്‍ കോണ്‍ഗ്രസിലെ എ.വി ഗോപിനാഥനെതിരെ വിജയിച്ച സി.പി.എം സ്ഥാനാര്‍ഥി കെ.കെ ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു ഷാഫിയുടെ കന്നി വിജയം. 1967, 1970, 1996 തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെനിന്ന് വിജയിക്കാനായത്. കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുള്ള പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി കഴിഞ്ഞ തവണ സി.പി.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടായ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ നേതാവ് ആനുകാലിക സംഭവവികാസങ്ങളില്‍ അതിശക്തമായ ഇടപെടലുകള്‍ നടക്കിക്കൊണ്ടാണ് തന്റെ സാന്നിധ്യം സജീവമാക്കുന്നത്. എ ഗ്രൂപ്പ് അനുഭാവിയെന്ന് അറിയപ്പെടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കെ.എസ്.യുവിന്റെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലെത്തിയത്. 2023 നവംബര്‍ 15 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തുടരുന്നു. ഇന്ത്യന്‍ ആര്‍മി ഓഫീസറായിരുന്ന എസ് രാജേന്ദ്ര കുറുപ്പിന്റേയും ബീനയുടേയും ഇളയ മകനായി 1991 നവംബര്‍ 12-ന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ജനനം. രജനി മൂത്ത സഹോദരിയാണ്.
അടൂര്‍ തപോവന്‍ സ്‌കൂള്‍, പന്തളം സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്.
കോളേജ് വിദ്യാര്‍ഥിയായിരിക്കെ 2006-ല്‍ കെ.എസ്.യു അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളില്‍ പ്രവര്‍ത്തിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന വക്താവായി ഉയര്‍ന്ന രാഹുല്‍ 2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ്തുടങ്ങിയ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം, രാഹുലിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഏതാനും ദിവസം മുമ്പുവരെ പ്രവര്‍ത്തിച്ച ഡോ. സരിന്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ മല്‍സരിക്കാനിറങ്ങുന്നത് രാഷ്ട്രീയ ചതുരംഗക്കളിയിലെ ചില അപ്രതീക്ഷിത നീക്കങ്ങളുടെ ഭാഗം തന്നെയാണ്. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുലെന്നും വളര്‍ന്നു വരുന്ന കുട്ടി സതീശനാണ് രാഹുലെന്നും പറഞ്ഞു കൊണ്ടാണ് സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചത്. തുടര്‍ന്ന് ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് വിലയിരുത്തി സരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
സിവില്‍ സര്‍വീസ് എന്ന സ്വപ്ന ലാവണം വിട്ട് രാഷ്ട്രീയം തിരഞ്ഞെടുത്ത വ്യക്തിയാണ് സരിന്‍. കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു സരിന്‍. തൃശൂര്‍ തിരുവില്വാമല പകവത്ത് കുടുംബാംഗമായ സരിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് 2007-ല്‍ എം.ബി.ബി.എസ് കരസ്ഥമാക്കിയ ശേഷം 2008-ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ആദ്യമായി എഴുതിയത്. 555-ാം റാങ്ക് നേടുകയും ചെയ്തു. ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസില്‍ ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ നാലു വര്‍ഷം കര്‍ണ്ണാടകത്തില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി പ്രവര്‍ത്തിച്ചു.
2016-ലാണ് സരിന്‍ സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്ന ഞെട്ടിക്കുന്ന തീരുമാനം എടുക്കുന്നത്. എട്ടു വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനൊടുവില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സരിന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021 ) ഒറ്റപ്പാലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. സി.പി.എമ്മിലെ പ്രേംകുമാറിനോട് 15,152 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
തുടര്‍ന്ന് എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ പത്താം റാങ്ക് നേടി സരിന്‍ എറണാകുളം സര്‍ക്കാര്‍ ലോ കോളജില്‍ 3 വര്‍ഷത്തെ പഠനത്തിനു ചേര്‍ന്നു. 2023-ല്‍ ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനില്‍ ആന്റണിക്കു പകരക്കാരനായാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ചുമതലയില്‍ ഡോ. പി സരിനെത്തിയത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.
ബി.ജെ.പിയിലെ പല പേരുകളും നേരത്തെ പാലക്കാട് ഉയര്‍ന്ന് കേട്ടിരുന്നു. ശോഭാ സുരേന്ദ്രന്റെ പേരിനായിരുന്നു ഏറ്റവും പിന്തുണ ലഭിച്ചത്. മത്സരിക്കുന്ന എല്ലായിടത്തും വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു ശോഭാ സുരേന്ദ്രന്റെ മികവായി ഉയര്‍ത്തി കാണിച്ചിരുന്നത്, സുരേഷ് ഗോപി തന്നെ ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി നേതാക്കള്‍ പരസ്യമായി തന്നെ ശോഭയെ പിന്തുണച്ചിരുന്നു. പക്ഷേ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിട്ടാണ് സി കൃഷ്ണകുമാര്‍ എത്തിയത്. ജില്ലയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന നേതാവായ സി കൃഷ്ണകുമാര്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുനിന്ന് മല്‍സരിച്ചിരുന്നു.
കഴിഞ്ഞ തവണ ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ നേരിയ വ്യത്യാസത്തിന് കൈവിട്ട് പോയ മണ്ഡലം മൂന്നര വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ജനവിധി തേടുമ്പോള്‍ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും മണ്ഡലത്തില്‍ ഉടനീളം പ്രവര്‍ത്തനം നടത്തി വന്നിട്ടുള്ള കൃഷ്ണകുമാര്‍ പല തിരഞ്ഞെടുപ്പുകളിലും കരുത്ത് കാട്ടുകയും ചെയ്തിട്ടുണ്ട്. പാലക്കാട്ടെ പ്രവര്‍ത്തി പരിചയവും മണ്ഡലത്തിലെ സ്വാധീനവും ഒക്കെ കൃഷ്ണകുമാറിന് അനുകൂലമായ കാര്യങ്ങളാണ്.