Image

വയനാട്ടിലേക്ക് ടണൽ പാതക്ക് ദീദി എതിര്; കൂടെ നിന്നവർ വാളെടുക്കുന്നു (കുര്യൻ പാമ്പാടി)

Published on 19 October, 2024
വയനാട്ടിലേക്ക് ടണൽ പാതക്ക്  ദീദി എതിര്;  കൂടെ നിന്നവർ വാളെടുക്കുന്നു (കുര്യൻ പാമ്പാടി)

photo above: കാനായി സൃഷ്ട്ടിച്ച അക്ഷരമാതാ ശിൽപ്പത്തിനരികെ മേധാ പട് കർ

മൻമോഹൻസിങ്ങിന്റെ കാലത്തായാലൂം  നരേന്ദ്രമോദിയുടെ കാലത്തായാലൂം വികസനവിഷയത്തിൽ സുപ്രീംകോടതിവരെ പോയി  പയറ്റിത്തെളിഞ്ഞിട്ടുള്ള നർമ്മദാ ബചാവോ   ആന്ദോളൻ  നേതാവ് മേധാ  പട്കർക്കു  ഇത്തവണ   കാലിടറിയോ  എന്ന് സംശയിക്കണം. ഏതുവിഷയത്തിലും അവരോടൊപ്പം നിന്നവരാണ് മലയാളികൾ.
ദശാബ്ദങ്ങളായി കോഴിക്കോട്ടെയും വയനാട്ടിലെയും ജനങ്ങൾ നോക്കിപ്പാർത്തിരിക്കുന്ന വയനാടൻ തുരങ്കപ്പാത  പശ്ചിമഘട്ടത്തെ  അപകടത്തിലാക്കുമെന്ന അവരുടെ പ്രസ്താവനക്കെതിരെ പാതയെ അനുകൂലിക്കുന്നവർ വാളും പരിചയുമായിറങ്ങി.

റവ. കെവി മാത്യുവും മിസ്സിസ് റെയ്ച്ചൽമാത്യുവുമായി സഹൃദം

തുരങ്കങ്ങൾ പ്രകൃതിയെ അപകടപ്പെടുത്തുമെന്നു പറയുന്ന ദീദി എന്തുകൊണ്ട് 80  കിമീ നീളത്തിൽ 92  തുരങ്കങ്ങളുള്ള കൊങ്കൺ റെയിൽ പാതയെ ഓർക്കുന്നില്ല എന്ന് സോഷ്യൽ മീഡിയയിൽ വിമർശകർ ചോദ്യശരം എയ്യുന്നു. വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ച ശേഷം ദീദി പുറപ്പെടുവിച്ച അഭിപ്രായമാണ് അവരെ അരിശം കൊള്ളിച്ചത്.  

ആൽപ്സ് മലകൾ തുരന്നു യൂറോപ്പിലും ആയിരക്കണക്കിന് മലകൾ തുരന്നു ജപ്പാനിലും ബസും കാറും ട്രെയിനും ഓടിക്കുന്നത് കാണുന്നില്ലേ എന്ന് അവർ ആക്രോശിക്കുന്നു. എല്ലായ് പ്പോഴും  വികസനത്തിന് എതിരായി നിൽക്കുന്ന ദീദി കാലം മാറുന്നത് കാണുന്നില്ലേ?  

വയനാട്ടിൽ നിന്നു  കോട്ടയത്തെത്തി 142 വർഷം  പഴക്കമുള്ള കോട്ടയം പബ്ലിക് ലൈബ്രറിയുടെ കെപിഎസ് മേനോൻ ഹാളിൽ ചെയ്‍ത  'ടോക് ഇന്ത്യ' പ്രഭാഷണത്തിലും മേധാ തന്റെ നിലപാടിൽ ഉറച്ചുനിന്നു.

സമരകാലത്തു സ്വാമി അഗ്നിവേശുമൊത്ത്‌

കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്തു ലൈബ്രറി അങ്കണത്തിൽ പടുത്തുയത്തിയ കൂറ്റൻ അക്ഷര മാതാ ശിൽപ്പത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമായിരുന്നു ദീദിയുടെ പടപ്പുറപ്പാട്. രാജ്യത്താദ്യമായി നൂറുശതമാനം  സാക്ഷരത നേടിയ നഗരത്തിലെ അക്ഷരമാതാവിനു മുമ്പിൽ മുമ്പിൽ അവർ കമണ്ഡലു മരത്തിന്റെ തൈ  നട്ടു.

രത്തൻ ടാറ്റായുടെ ചിത്രം സ്റ്റേജിലെ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ സദസ് ഒരു നിമിഷം എണീറ്റ് നിന്ന് അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ ശിരസു നമിച്ചു.  

 പണ്ടേ കൂട്ട്-ദീദിയും അരുന്ധതി റോയിയും നർമദാ തീരത്ത്

ടാറ്റയെ ആദ്യം ഓർമ്മിക്കാൻ കാരണം  ദീദി ടാറ്റാ സോഷ്യൽ സയൻസ് ഇന്സ്ടിട്യൂട്ടിൽ  സോഷ്യൽ  വർക്കിൽ മാസ്‌റ്റെഴ്സ് ചെയ്തതുകൊണ്ടു കൂടിയാണെന്ന്  സ്വാഗതം പറഞ്ഞ ലൈബ്രറി പ്രസിഡന്റ്  എബ്രഹാം ഇട്ടിച്ചെറിയ  പറഞ്ഞു. "അതോടൊപ്പം  പറയേണ്ട മറ്റൊരു കാര്യം മലയാളത്തിന്റെ അഭിമാനമായ മങ്കൊമ്പുകാരൻ എം.എസ്.സ്വാമിനാഥനുമായി അവർ കൊമ്പു കോർത്തു  എന്നതാണ്."

രണ്ടു പേർക്കും നൊബേൽ  സമ്മാനത്തിന് തുല്യമെന്ന്കരുതപ്പെടുന്ന ആഗോള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്-സ്വാമിനാഥന് 1987ൽ അമേരിക്കയിൽ നിന്നുള്ള വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചു-സമ്മാനത്തുക ഇന്ന്  4.2 കോടി രൂപ.  മേധ 1991ൽ സ്റ്റോക്ഹോം  പാർലമെന്റ് മന്ദിരത്തിൽ വച്ച്  റൈറ്റ്  ലൈവ്ലിഹുഡ് അവാർഡ് സ്വീകരിച്ചു. തുക ഇന്നത്തെ മൂല്യത്തിൽ 1.83  കോടി രൂപ. 1992 ൽ സർദാർ സരോവർ സമരത്തിന്റെ പേരിൽ രണ്ടുലക്ഷം ഡോളറിന്റെ ഗോൾഡ് മാൻ  എൻവെന്മെന്റൽ പ്രൈസും ദീദിക്ക് ലഭിച്ചു.  

സ്റ്റോക്ഹോമിൽ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്  സ്വീകരിച്ചപ്പോൾ

പുരസ്കാരം നേടിയ ശേഷം  കോട്ടക്കൽ ആര്യവൈദ്യശാലയിൽ പതിവു  സുഖചികിത്സക്കെ എത്തിയ ഡോ. സ്വാമിനാഥനെ  ഞാൻ പോയി കണ്ടു. നൊബേൽ  സമ്മാനമല്ലേ താങ്കൾക്ക് ലഭിക്കേണ്ടതെന്നു ചോദിച്ചപ്പോൾ, "നൊബേൽ ആർക്കു വേണം,  ലോകത്തിലെ പട്ടിണി മാറ്റാൻ നൽകിയ സംഭാവനയ്ക്കുള്ള  ഈ സമ്മാനം പോലെ വിലപ്പെട്ട മറ്റൊന്നുണ്ടോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.

നർമ്മദാ സമരം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന  2008 ൽ നർമ്മദാ നദീതീരത്തെ മണിബെലി ഗ്രാമത്തിലെത്തി ദീദിയോടൊപ്പം താമസിച്ച ആളാണ്‌ ഞാൻ. തൃശൂരിലെ കേരളീയം വാരികയുടെ എഡിറ്റർമാർ റോബിനും ശരത്തും മറ്റും കൂടെയുണ്ടായിരുന്നു.  കാൽ നൂറ്റാണ്ടായി  പരിസ്ഥിതിക്കു വേണ്ടി സമരമുഖത്തുള്ള ധീരമായ ശബ്ദമാണ് കേരളീയം. ഇന്ന് ഡിജിറ്റൽ പതിപ്പ് ശക്തമായി ഇറക്കുന്നു.  

വയനാട്ടിലെ ദുരന്ത മേഖലയിൽ സി.ആർ. നീലകണ്ഠനുമൊത്ത്

ദീദിയോടൊപ്പം  ഒരു ദിനം ബോട്ടിൽ നർമ്മദ  കുറുകെ  കടന്നു ചുറ്റിസഞ്ചരിച്ചു. നൂറുകണക്കിന് ആദിവാസികൾ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. അവരുടെ നേതാവ് ബാവാഭായി മഹാരിയയെ നന്നായി ഓർക്കുന്നു. അണക്കെട്ടുമൂലം വീടും കുടിയും കൃഷി ഭൂമിയും നഷ്ട്ടപെട്ട ഗ്രാമീണരോടൊപ്പം ദീദി ഡൽഹിയിൽ സംഘടിപ്പിച്ച പ്രകടനത്തിന് പോയ  ആളാണ്‌ ബാവാ ഭായി.

നദിയുടെ അങ്ങേക്കരയിൽ  ആദിവാസികുട്ടികൾക്കു വേണ്ടി ദീദി നടത്തുന്ന ജീവൻശാല വിദ്യാലയങ്ങളും ഞങ്ങൾ സന്ദർശിച്ചു. അവർ തേക്കില പാത്രത്തിൽ വിളമ്പിയ സദ്യയിലും ഞങ്ങൾ പങ്കെടുത്തു. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നെത്തിയ പത്രപ്രവർത്തകരുടെ  വാക്കുകൾ ആദിവാസി ഭാഷയിലേക്കു വിവർത്തനം ചെയ്യുകയുമുണ്ടായി.  

ദീദിയോടൊരു ചോദ്യം-ആർട്ടിസ്റ്  രോഹിത് എലിസബത്ത് വർഗീസ്

ലോകത്തിലെ ബാഹ്യവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു  നടത്തുന്ന സമരങ്ങൾക്ക് ഒരു ലൈവ്ലിഹുഡ് പുരസ്ക്കാരം  മാത്രം മതിയോ എന്ന് ദീദിയോടും ഞാൻ ചോദിച്ചു. പുരസ്കാരങ്ങൾ മുള്ളു നിറഞ്ഞ റോസാപുഷ് പങ്ങൾ ആണെന്നായിരുന്നു ഒറ്റയടിക്കുള്ള മറുപടി.

കേരളത്തിൽ അങ്ങോളമിങ്ങോളം വിശ്വസ്തരുടെ സുഹൃദ് വലയങ്ങൾ തീർത്തിട്ടുള്ള ആളാണ്‌ മേധ.  തൃശൂരടുത്ത് കിരാലൂരിൽ സൽസബീൽ ഗ്രീൻ സ്‌കൂളിന് പതിറ്റാണ്ടുകൾ മുമ്പ് ശിലാസ്ഥാപനം നടത്തിയത് അവരാണ്. 'സ്വർഗ്ഗത്തിലെ നീരുറവ' എന്നാണ് ആ പേരിന്റെ അർത്ഥം.

ഹുസൈനും  സുബൈദയും ചുക്കാൻ പിടിക്കുന്ന സ്‌കൂൾ  പലവിധത്തിലും വേറിട്ട വിദ്യാലയമാണ്.  മിശ്രവിവാഹിതരുടെ മക്കൾക്കാണ് അവിടെ മുൻഗണന. ഒരിക്കൽ എന്നെ അവരുടെ പുതിയ സ്‌കൂൾ വർഷത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിന് ക്ഷണിച്ചു കൊണ്ടു പോയി.  മാടമ്പ് കുഞ്ഞുകുട്ടനെയും യുസഫലി കേച്ചേരിയെയും ഞാൻ  പരിചയപ്പെട്ടത് അങ്ങിനെയാണ്.

കമണ്ഡലു തൈ  നടുന്നു, എബ്രഹാംഇട്ടിച്ചെറിയ, റവ. ഡോ  എബ്രഹാം മുളമൂട്ടിൽ

സൽ  സബീൽ കുട്ടികൾ ദീദിയോടൊപ്പം പ്ലാച്ചിമടയിൽ കൊക്കോകോള വിരുദ്ധ  സമരത്തിൽ പങ്കെടുത്തു. 2014 ൽ ദീദി മുംബൈ നോർത്തിൽ പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ അവർ പ്രചാരണത്തിനും പോയി. പാട്ടുപാടി അവർ വോട്ടുപിടിക്കാൻ പോയി.

കോട്ടയത്തെ പ്രസംഗത്തിൽ,  ടാറ്റാ  സ്‌കൂളിൽ പഠിച്ചു  എന്നതൊക്കെ ശരിയാണെങ്കിലും ടാറ്റ കമ്പനി  പ്രോജക്ടുകൾക്കായി പാവപ്പെട്ടവരുടെ പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഭൂമി നിസാരവിലയ്ക്ക്  കയ്യേറുന്നവരാണെന്ന് സിംഗരൂർ സംഭവം പറയാതെതന്നെ മേധ പറഞ്ഞു വച്ചു. കോർപറേറ്റുകളെല്ലാം അങ്ങിനെയാണ്. അവരും ഭരണകൂടവും തമ്മിൽ അവിശുധ്ധ കൂട്ടുകെട്ടാണ്.

ഭരണഘടനയും  വിവരാവകാശ നിയമവും ഉറപ്പാക്കുന്ന പൗരാവകാശങ്ങൾ ചവുട്ടി മെതിക്കപെടുന്നു. ജനാധിപത്യത്തിനു മാത്രമേ ജനങ്ങളെ രക്ഷിക്കാനാകൂ.  കുതിച്ചുയരുന്ന ടെക്‌നോളജിയുടെ ഈ കാലഘട്ടത്തിൽ അതിന്റെ ചിറകിലേറി ജനാധിപത്യത്തെ സംരക്ഷിക്കാൻ  പുതിയ തലമുറ മുന്നിട്ടിറങ്ങണമെന്നു ദീദി ആഹ്വാനം ചെയ്തു.  

മുംബെയിൽ നിന്ന് കാണാനെത്തിയ ദീദിയുടെ മുഖമുള്ള മേരിയും മോഹനും

"റിട്ടയര്മെന്റിനു ശേഷം സസ്യശ്യാമളകോമളമായ കേരളത്തിൽ  വന്നു താമസിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ കാസർഗോട്ടെ എൻഡോസൾഫാൻ പോലുള്ള മാരക വിഷം വിതറിയ അന്തരീക്ഷത്തിൽ അതെങ്ങിനെ ശരിയാവും?," മേധ ചോദിച്ചു.  

"വയനാട്ടിലെ ദുരന്തങ്ങളും 2018ൽ കേരളത്തെ ഗ്രസിച്ച പ്രളയവും കേരളീയ ജീവിതത്തെ പിടിച്ചുലച്ചതു ഓർക്കണം. കേരളത്തിൽ എവിടെ പോയാലും സ്വർണാഭരണ ശാലകളുടെ വൻ പരസ്യ ബോർഡുകൾ കാണുന്നു. കേരളീയർ ഒരു സമ്പൂർണ്ണ  ഉപഭോഗ സംസ്ഥാനമായി മാറിയിരിക്കുന്നു.

'എങ്കിലും ജനലക്ഷങ്ങൾക്കു അക്ഷരത്തിന്റെ വെളിച്ചം  നൽകുന്ന കേരളം  എന്റെ ഹൃദയത്തിൽ എന്നുമുണ്ടാവും. നൂറു വർഷം പിന്നിട്ട ഈ പബ്ലിക് ലൈബ്രറിയും അതിനു മുമ്പിലെ  അക്ഷര മാതാവും എക്കാലവും എന്നെ മാടിവിളിക്കും." അവർ പറഞ്ഞു.  

കോട്ടയത്തെ മാർത്തോമ്മാ സെമിനാരി മുൻ പ്രിൻസിപ്പൽ റവ.ഡോ. കെ.വി. മാത്യുവും റെയ്‌ച്ചൽ മാത്യുവുമായി സൗഹൃദം പങ്കിട്ട ശേഷമായിരുന്നു പ്രസംഗം.  പുത്രൻ ഡോ. ഫിലിപ്പ് മാത്യു ദീദിയുടെ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന മുതൽ തമ്മിൽ അടുത്തറിയാം. ഫിലിപ് ഇപ്പോൾ ഡെൽഹിയിൽ അദ്ധ്യാപകനാണ്‌.

എന്നും ദീദിയോടൊപ്പം-ദീദി കല്ലിട്ട തൃശൂരിലെ സൽ സബീൽ  ഗ്രീൻ സ്‌കൂൾ

ദീദിയെ കാണാനും  കേൾക്കാനുംകാലേ കൂട്ടി എത്തിയവരുടെ കൂട്ടത്തിൽ ബോംബയിൽ നിന്ന് വന്ന ഒരു ദമ്പതികളെ പ്രത്യേകം ശ്രദ്ധിച്ചു-മോഹൻ ജോര്ജും  മേരി  ജോര്ജും. "35  വർഷം  ഞങ്ങൾ കേരളത്തിന് പുറത്തായിരുന്നു. ദീർഘകാലം  മുംബൈയിലും. എന്നിട്ടും ഒരിക്കൽ പോലും അവരെ കാണാൻ കഴിഞ്ഞില്ല ഇപ്പോൾ അതു സാധിച്ചു," ദീദിയെക്കാൾ അൽപ്പം  പ്രായക്കൂടുതലും  ദീദിയുടെ മുഖവുമുള്ള മേരി പറഞ്ഞു. ദീദിക്ക് ഡിസംബർ ഒന്നിന് 70  തികയും.

റിസർവ്‌ ബാങ്കിലും സൗദിയിൽ ബ്രിട്ടീഷ്‌  ബാങ്ക് ഓഫ് ദി മിഡിൽ ഈസ്റ്റിലുമായിരുന്നു മോഹൻ. മുംബൈ ഹാഫ്‌കൈൻ ഇന്സ്ടിട്യൂട്ടിൽനിന്ന് മൈക്രോ ബയോളജിയിൽ മാസ്റ്റേഴ്സ് എടുത്ത മേരി  നായർ മെഡിക്കൽ കോളജിലും റിയാദിലെ കിംഗ് സാവൂദ് യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളജിലും പഠിപ്പിച്ചു. കോട്ടയം അയ്മനത്ത്  അരുന്ധതി  റോയിയുടെ തറവാടിനടുത്താണ്  വീട് വച്ചുതാമസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക