Image

സ്കൂൾ ഒളിംപിക്സ്: പേര് മാറ്റുക തന്നെ വേണം (സനിൽ പി.തോമസ്)

Published on 20 October, 2024
സ്കൂൾ ഒളിംപിക്സ്: പേര് മാറ്റുക തന്നെ വേണം (സനിൽ പി.തോമസ്)

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് സ്കൂൾ ഒളിംപിക്സ് എന്നു പേരിടുന്നത് നിയമ നടപടികൾക്ക് ഇടയാക്കുമെന്നു കാണിച്ച് ഞാൻ കഴിഞ്ഞയാഴ്ച എഴുതിയിരുന്നു. ചില ഓൺ ലൈനുകളും ടിവി ചാനലുകളും അത് വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഒളിംപിക്‌സ് എന്ന വാക്ക്  ഉപയോഗിക്കാമെന്നു പറഞ്ഞ് ചിലർ എന്നെ വിളിച്ചിരുന്നു.ഒളിംപിക് ചിഹ്നവും പതാകയുമൊക്കെ ഉപയോഗിച്ചാലേ പ്രശ്നമുള്ളൂവെന്ന് അവർ പറഞ്ഞു.സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആകട്ടെ സ്കൂൾ ഒളിംപിക്സ് എന്ന പേരു മാറ്റാതെ മുന്നോട്ടു പോകുകയാണ്.

ഒളിംപിക്സ് നിലവാരത്തിൽ സംസ്ഥാന സ്കൂൾ ഗെയിംസും അത്ലറ്റിക്സും സംയോജിപ്പിച്ചു നടത്തുന്നത് വലിയ കാര്യമാണെന്നു സമ്മതിച്ചു കൊണ്ടും തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ടും പറയട്ടെ. സ്കൂൾ ഒളിംപിക്സ് എന്ന പേര് ഉപയോഗിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന വാദത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു.

നേരത്തെ കേരള ഒളിംപിക് അസോസിയേഷൻ "കേരള ഒളിംപിക് ഗെയിംസ് " പ്രഖ്യാപിച്ചപ്പോൾ നോട്ടിസ് കിട്ടിയതും അവർ സ്റ്റേറ്റ് ഗെയിംസ് എന്നു പേരു മാറ്റിയതും ഓർമിപ്പിക്കട്ടെ. അതിലുപരി കഴിഞ്ഞ ഫെബ്രുവരി 29 ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സംസ്ഥാന ഒളിംപിക് അസോസിയേഷനുകൾക്കും സ്പോർട്സ് സംഘടനകൾക്കും അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒളിംപിക് എന്ന വാക്ക് അനൗദ്യോഗികമായി സംസ്ഥാന ഒളിംപിക്  അസോസിയേഷനുകൾ പോലും ഉപയോഗിക്കരുതെന്നാണ് കത്തിൽ പറയുന്നത്. ഒളിംപിക്സ് എന്ന വാക്ക് പൊതുവായുള്ളതല്ല ( not a generic term) എന്നും ഒളിംപിക് ചാർട്ടർ അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന റജിസ്റ്റേർഡ് ട്രേഡ് മാർക്ക് ആണെന്നും കത്തിൽ എടുത്തു പറയുന്നു.ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എൻ.ഒ.സികൾ ആണെന്ന് ഐ.ഒ.സി. ചൂണ്ടിക്കാട്ടിയതിൻ്റെ തുടർച്ചയായിരുന്നു ആ കത്ത്‌.

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ പ്രതിസന്ധി രൂക്ഷമായതിനാൽ ഉടനെ നോട്ടിസ് വരാൻ സാധ്യതയില്ല.പക്ഷേ, ശ്രദ്ധിച്ചാൽ ഭാവിയിലെ നടപടികൾ ഒഴിവാക്കാം.

സ്കൂൾ ഒളിംപിക്സ് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കപ്പെടാതെ പോകാനുള്ള സാധ്യത ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാന സർക്കാർ, അഥവാ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് എങ്ങനെ അംഗീകാരമില്ലാത്തതാകും എന്നു ചിലർ ചോദിച്ചു.അതിനു മറുപടി പറയട്ടെ.

സർട്ടിഫിക്കറ്റുകൾ കേരളത്തിൽ അംഗീകരിക്കപ്പെടും. പക്ഷേ, എത്ര കായിക താരങ്ങൾക്ക് കേരളത്തിൽ ജോലി കിട്ടും? ഭൂരിഭാഗം പേരും  കേന്ദ്ര സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമാകും ജോലിക്കു ശ്രമിക്കുക. ഒളിംപിക്സ് എന്നു രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ അവർ സമീപിക്കുന്നത് ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ ആയിരിക്കും. അവർ അംഗീകാരം നൽകില്ല എന്ന് ഉറപ്പിക്കാം.

അതു കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏറെ പ്രതീക്ഷയോടെ സംഘടിപ്പിക്കുന്ന സ്കൂൾ കായികമേളയുടെ പേരിൽ നിന്ന് ഒളിംപിക്സ് എന്ന വാക്ക് ഒഴിവാക്കുകയാകും നല്ലത്.കേരള ഒളിംപിക് അസോസിയേഷൻ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചാൽ നന്ന്.
പേരു മാറ്റുന്നത് അഭിമാനപ്രശ്നമായി വിദ്യാഭ്യാസ വകുപ്പ് കണക്കാക്കേണ്ടതില്ല. കുട്ടികളുടെ ഭാവിയാണു പ്രധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക