Image

വാൾഡൻ പോണ്ട് (രാജു തോമസ്)

Published on 20 October, 2024
വാൾഡൻ പോണ്ട് (രാജു തോമസ്)

വാൾഡൻ പോണ്ടിൻ കരയിൽ. 
കാട്ടിൽ സ്വയമേ കെട്ടിയ 
കുടിലിൽ പാർത്തു
താപസനായി തറോ -
മാസം വർജ്ജിച്ച്. 
നിരഞ്ജനസുഖദ- 
മനാമയമായ് ലാളിത്യം ശീലിച്ച
മഹാത്മ,നഹിംസൻ.

സരോവരതിരെ
ഋതുഭേദങ്ങളിലൂടെ 
നിരപേക്ഷിതസ്വാശ്രിതനായ്. 
രാവും പകലും 
കൂടെക്കരുതിയ ഗ്രന്ഥങ്ങൾ 
പഠിച്ചും ചിന്തിച്ചും
ഋഷി ചിന്തകളൊക്കെയുരുക്കിയുരുട്ടി
ട്ടെഴുതിയുമങ്ങനെ പോക്കി കുറെക്കാലം.

അഹമഹമികയാ വലിയ മരങ്ങൾ-- 
മേപ്പിൾ, മഹാഗണി, 
ആഷും, സീഡറു.മോക്കും,
പൈനും, എല്‌മും. ബർച്ചും ബീച്ചും-- 
നിശ്ചലമായ് നില്പ‌തു കണ്ടു;
തൂർന്നിലകളുമായ് കാറ്റിൽ 
ചാഞ്ചാടും ചില്ലകൾ കണ്ടു; 
അവയിൽ മഴയോ മഞ്ഞോ 
പൊഴികെ കേട്ടു മൃദുമന്ത്രണമേതോ.

നിലാവിൽ മാസ്മരഭംഗി 
നുകർന്നുമയങ്ങി നിസ്വൻ. 
കാറ്റുലയ്ക്കും കറുത്ത 
രാവിലെ ദീനനിനാദങ്ങൾ
നിദ്ര കെടുത്തിട്ടുണ്ട്; 
ഒരൊറ്റ വരിയെന്നാകിലു- 
മതു മറന്നുപോകരുതെന്നതി- 
നെഴുതിവച്ചിടാ- നെണിറ്റിരുന്നിട്ടുണ്ട്.

പുലരെ, സുഖനിദ്രയിൽ
ശാന്തം ശ്യാമസ്ഫ‌ടികംപോലെ 
കിടന്ന തടാകമുണർന്നു- 
ചിരിച്ചു സൂര്യനുനേരെ-- 
അതുപോലാ യുവമുനിയും 
താമസതഷ്ണാരഹിതം, 
പുരുഷാർത്ഥത്തെപ്പറ്റിപ്പോലും 
ചിന്താഭാരമൊഴിഞ്ഞ്, 
നിമിഷത്തിൽ മരുവീ സ്വാത്മൻ.

പുലരി വെളുത്തുവരുന്നതു കണ്ടു; 
ഇലമേൽ കിനിഞ്ഞ 
തുഷാരമപ്പൊതു നിപതിക്കുന്നതു കേട്ടു; 
ഉണരെ, ചുറ്റും നോക്കി 
കിളികൾ പക്ഷമിളക്കി, 
മഹാത്ഭുതസാക്ഷ്യാൽ 
"ഞാനിവിടുണ്ട്. യെന്ന
പ്രസന്നവിളംബരമോടെ, 
മരമാമരമൊക്കെപ്പൂക്കും
ചിറകടിയൊച്ചകൾ കേട്ടു.

കൊഴിഞ്ഞയിലകൾ വിരിക്കും 
ശബളക്കംബളമുള്ളിൽ 
മറ്റൊരു ജൈവസമൂഹം! 
ഇലപൊഴിയുംകാലത്തും 
പല ശാഖികൾ പച്ചച്ചേ നിന്നു, 
ജാഗരരായ ഭടന്മാരായ്. 
ഒക്കെ കണ്ടും കേട്ടും, 
വായന, മന,മെഴുത്തിലുമായി 
രണ്ടാണ്ടങ്ങനെ പോക്കി തറൊ.

Henry David Thoreau 1817-'62]
--at Walden Pond, MA 1845-'47

(കഴിഞ്ഞ ശനിയാഴ്‌ച മലയാളി അസോസിയേഷൻ ഒഫ് ഗ്രെയ്‌റ്റർ ഫിലഡൽഫിയ [MAP] 
സംഘടിപ്പിച്ച കവിതഥ-3 എന്ന സാഹിത്യോത്സവത്തിൽ അവതരിപ്പിച്ചത്.)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക