Image

എ അയ്യപ്പൻ ഓർമയായിട്ട് 14 വർഷം : ലാലു കോനാടിൽ

Published on 21 October, 2024
എ അയ്യപ്പൻ ഓർമയായിട്ട് 14 വർഷം : ലാലു കോനാടിൽ

തെരുവോരങ്ങളിലും കടലോരങ്ങളിലും
ഇരുന്നും കിടന്നും തലയില്‍ കൈവച്ചും
അയ്യപ്പന്‍ സൃഷ്‌ടിയുടെ പേറ്റ്‌ നോവ്‌ 
ശരിക്കും അനുഭവിച്ചു...
കത്തുന്ന കവിതയുടെ
ചൂടും ചൂരും ആവാഹിച്ചെടുത്ത്‌
പൊള്ളിപ്പിടയുന്ന അനുഭവങ്ങളുമായി
തെരുവോരങ്ങളിലും പീടികവരാന്തകളിലും
തന്റെ സ്വപ്നങ്ങള്‍ അഴിച്ചുവച്ച്‌ കണ്ണീരിനും
കവിതക്കും കൂട്ടിരുന്ന എ.അയ്യപ്പന്‍
വിട പറഞ്ഞിട്ട്  പതിനാല് വർഷം...
കത്തുന്ന കവിതയായിരുന്ന ആ കവി
ജനകീയനാവാനല്ല.. ജനങ്ങളുടെ
അനുഭവങ്ങളാവാനാണ്‌ ശ്രമിച്ചത്‌..
അതുകൊണ്ടുതന്നെ
സൗവര്‍ണാനുഭവങ്ങള്‍ക്ക്‌ മുമ്പില്‍ കണ്ണും
കാതും കൂര്‍പ്പിച്ചിരിക്കുന്നവര്‍ക്ക്‌ അയ്യപ്പനെ
കാണാനായില്ല, കേള്‍ക്കാനായില്ല...

ഒസ്യത്തിലില്ലാത്ത പലതും
ബാക്കി വച്ചാണ് കവി
14 കൊല്ലം മുമ്പ് വിടപറഞ്ഞത്..
വരികളിലൊക്കെയും ജീവിതമായിരുന്നു...
പ്രണയകാമനകളും.. കണ്ണീരും...
രതിയുമെല്ലാം ആസ്വാദകർക്ക് മുന്നിൽ 
തുറന്നിട്ട് രഹസ്യങ്ങളില്ലാതെ പോയവൻ..! 
ഹൃദയത്തിന്റെ സ്ഥാനത്ത്  
ഒരു പൂവ് വച്ചവൻ...
ജിജ്ഞാസയുടെ ദിവസങ്ങളില്‍ 
പ്രേമത്തിന്റെ ആത്മതത്വം 
പറഞ്ഞുതന്നവളുടെ
മേടയിൽ,അവളുടെ മടിയിൽ 
അന്തിയുറങ്ങിയവൻ...
കരളുപങ്കിടാന്‍ വയ്യാതെ 
പ്രണയലഹരിയിൽ ഉറങ്ങിയവൻ... 
ലഹരിയുടെ പക്ഷികള്‍ കൊത്തിയെടുത്ത 
ബാക്കിയായ കരളുമായി 
സസ്യശാസ്ത്രത്തിന്റെ പുസ്തകം
നോക്കി പ്രേമകാവ്യം രചിച്ചവൻ...
പ്രണയിനിയുടെ പച്ച ഞരമ്പുകൾ 
സുതാര്യതയുടെ വെട്ടത്തിൽ കണ്ടവൻ...
കാട്ടിലും,മേട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതിയവൻ...
സ്വന്തമായൊരു
മുറിയില്ലാത്തവന്‍...
ശത്രുവിനേയും സഖാവിനേയും
ദുഃഖിതനേയും പീഡിതനേയും
ഒരേ ബലിക്കല്ലിൽ നിരനിരയായി 
നിർത്തിയവൻ...
അവസാനം അമ്പ് തറയ്ക്കാതെ
പ്രാണനും കൊണ്ട് ഓടിയവൻ...
മരണത്തിനുമപ്പുറം
എ.അയ്യപ്പൻ ജീവിക്കുന്നു..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക