ആഗോളാടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങൾ അംഗീകരിക്കപ്പെട്ട യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മനുഷ്യാവകാശങ്ങളിൽ ഏറ്റവും മഹത്തരമായത് പുനരുൽപ്പാദനാവകാശമാണെന്നതിൽ തർക്കത്തിനു വകയില്ല. മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ഈ അവകാശത്തിൻറെ സ്വതന്ത്രവുമായ ആസ്വാദനത്തിൽ അധിഷ്ഠിതമാണല്ലോ! അല്ലറചില്ലറ നിയന്ത്രണങ്ങളോടെ എല്ലാജനതകളും ആ അവകാശം അനുഭവിക്കുന്നു. ആഘാഷിക്കുന്നു.1800 മുതൽ അമേരിക്കൻ ഫെഡറൽ സർക്കാരും സംസ്ഥാനസർക്കാരുകളും ഈ അവകാശം അനുവദിക്കുന്നതിനും അനുഭവേദ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിരുന്നു. ഭരണഘടനയുടെ പതിനാലാം ഭേദഗതി വാഗ്‌ദാനം ചെയ്യുന്ന തുല്യസംരക്ഷണ നിബന്ധനയുടെ അടിസ്ഥാനത്തിൽ ജസ്റ്റീസ് വില്യം .ജെ. ബ്രന്നാൽ ജൂനിയർ വിശദീകരിച്ചത് ശ്രദ്ധിക്കുക: "if the right of privacy means anything, it is the right of the individual, married or single, to be free from unwarranted governmental intrusion into matters so fundamentally affecting a person as the decision whether to bear or begat a child."1973 ജനുവരി 22-ന്, ചരിത്രം സൃഷ്ടിച്ച Roe V Wade കേസിൻ അന്തിമതീരുമാനം എടുത്തുകൊണ്ട് സുപ്രീം കോടതി വിധിച്ചതിങ്ങനെ:"that a woman's right to an abortion is protected under the US constitution's14th amendment and made it legal nationwide."
അമേരിക്കൻ ജനത കഴിഞ അഞ്ചു പതിറ്റാണ്ടുകളായി അനുഭവിച്ചിരുന്ന അവകാശവും സ്വാതന്ത്രവും ഒരു അശനിപാതത്തിലൂടെയെന്നവണ്ണം, 2022 ജൂൺ 24-ന് നഷ്ടമായി. രാജ്യത്തെ ഞെട്ടിച്ച ഒരു തീരുമാനമാണ് അന്നേദിവസം സുപ്രീം കോടതിയിൽനിന്നും നാം ശ്രവിച്ചത്. Dobbs V Jackson women's health organization കേസിൻറെ വിധിയിൽ,1973 മുതൽ അനുഭവിച്ചിരുന്ന സുപ്രധാനമായ മനുഷ്യാവകാശം വാഗ്ദാനംചെയ്തിരുന്ന Roe V Wade, സുപ്രീം കോടതി റദ്ദാക്കി! ഒരു മനുഷ്യജീവി എന്നനിലയിൽ ഒരു പൗരന് സ്വതസിദ്ധമായി കൈവരുന്ന ചില അവകാശങ്ങളുണ്ട്. അവ മനുഷ്യാവകാശങ്ങൾ എന്ന് പൊതുവെ അറിയപ്പെടുന്നു. സ്വതസിദ്ധമായ ഈ അവകാശങ്ങൾ മൗലികാവകാശങ്ങൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ജന്മനാ ലഭ്യമായ ഈ അവകാശങ്ങൾ അടർത്തിമാറ്റപെടുത്താൻ പാടില്ലാത്തവയാണ്--പാലിൻറെ നിറം വേർതിരിക്കാനാവാത്തപോലെ, പഞ്ചസാരയുടെ മധുരം മാറ്റിക്കാണിക്കാനാവാത്തപോലെ. എന്നാൽ അത്യുന്നത നീതിപീഠം, നീതിക്കുനിരക്കാത്തതു ചെയ്തു. മനുഷ്യാവകാശധ്വംസകമായ, നീതിപീഠമെന്ന മഹത്തായ വിശേഷണത്തെ അവഹേളിക്കുന്ന കോടതിവിധിക്കു കുറിഞ്ഞികുത്തിയ കുരുട്ടുബുദ്ധിയായ എട്ടുകാലിമമ്മൂഞ്ഞിനെ ജനങ്ങൾ എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു!
1973-ൽ സുപ്രസിദ്ധമായ വിധിയിലൂടെ അബോർഷൻ നിയമപരമാക്കിയ സുപ്രീംകോടതി വ്യാഖ്യാനത്തെ അട്ടിമറിച്ചശേഷം, രാജ്യത്തെ അനേകം വേദികളിൽ ഞെളിഞ്ഞുനിന്നുകൊണ്ട് അത് ഞമ്മൻറെ-ഈ എട്ടുകാലിമമ്മൂഞ്ഞിന്റെ-അവകാശമാണെന്ന് വിളിച്ചുപറയാൻ ഡൊണാൾഡ് ട്രമ്പിനു ഇളിപ്പില്ലായിരുന്നു. ഇടക്കാല ഇലക്ഷൻറെ ഫലം കണ്ടപ്പോളാണ് പിടിച്ചത് പുലിവാലിലാണല്ലോയെന്ന് മമ്മൂഞ്ഞിന് ബോധോദയമുണ്ടായത്. വരുംവരാഴ്കകളെപ്പറ്റി ചിന്തിക്കാതെ ഏതുകാര്യത്തിലും എടുത്തുചാടുന്ന സ്വഭാവത്തിന്റെ ഉടമയായി, ട്രമ്പിനോട് അടുത്തുപെരുമാറിയിട്ടുള്ള നിരവധി വ്യക്തികൾ എടുത്തുപറഞ്ഞിട്ടുള്ളത് ഇവിടെ നാം ഓർക്കണം. Roe V Wade-നെ പരമോന്നത നീതിപീഠം അസ്ഥിരപ്പെടുത്തിയപ്പോൾ, രാജ്യത്തെ അൻപതുശതമാനത്തോടടുത്ത സ്ത്രീജനങ്ങളുടെ ജന്മാവകാശമാണ് കവർച്ച ചെയ്യപ്പെട്ടത്. സുപ്രീം കോടതിയിലെ ചില ജസ്റ്റിസുമാരെ മറയാക്കി ഈ കടുംകൈ ചെയ്ത കറുത്ത കരങ്ങൾക്ക് കയ്യോടെ മറുപടികൊടുക്കാൻ തൊട്ടിലാട്ടി തഴമ്പിച്ച കരങ്ങൾക്ക് തരിക്കുന്നുണ്ടാവും!
Roe V Wade അട്ടിമറിക്കപ്പെട്ടപ്പോൾ രാജ്യത്തിൻറെ രാഷ്ട്രീയദ്രശ്യത്തിനു കാതലായ രൂപാന്തരം സംഭവിച്ചു. വരുംനാളുകളിൽ അത് വ്യക്തമായി വെളിപ്പെട്ടേക്കാം! അബോർഷൻരിപുക്കൾ ചരിത്രവിജയം ആഘോഷിച്ചു. അബോർഷനുവേണ്ടിനിലകൊള്ളുന്നവർ ആരോഗ്യരംഗത്തുണ്ടാകാവുന്ന തകർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. ലക്ഷക്കണക്കിനു സ്ത്രീജനങ്ങൾക്കു അബോർഷനുള്ള അവകാശം നഷ്ടപ്പെട്ടു. പതിമൂന്നു സംസ്ഥാനങ്ങൾ "Trigger Bills" എന്നറിയപ്പെടുന്ന കരിനിയമം പ്രാബല്യത്തിലാക്കി. ഏതുസമയത്തും അബോർഷൻ നിരോധിക്കുന്ന നിയമനടപടികൾക്കു അത് ഉതകുന്നു.
പതിനാലു സംസ്ഥാനങ്ങൾ, ഗർഭധാരണംമുതൽ അബോർഷൻ നിരോധിക്കുന്ന നിയമങ്ങൾക്കു രൂപം കൊടുത്തിരിക്കുന്നു. ജോർജിയായിൽ ആറാഴ്ചകഴിഞ്ഞാൽ അബോർഷൻ വിലക്കിയിരിക്കുന്നു. നിരവധി സ്ത്രീകൾക്ക് ഗർഭം സ്ഥിരീകരിക്കാൻ ആറാഴ്ചയിലധികം വേണ്ടിവരുമെന്നതിനിടയിലാണ് ഈ ബോധമില്ലായ്മ. ഇപ്രകാരമുള്ള നിരോധനംമൂലം ചിലർ അന്യസംസ്ഥാനങ്ങളിൽ അഭയം തേടുന്നു. ദീർഘയാത്രകൾ ചെയ്യേണ്ടിവരുന്നു. സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരുന്നു. ഇതിനിടയിൽ സാമാന്യജനങ്ങൾക്കിടയിൽ, അബോർഷനുള്ള അവകാശത്തെ അനുകൂലിക്കുന്നവർ അറുപതു ശതമാനത്തിനടുത്തായിരിക്കുന്നു.
സ്ത്രീകൾക്ക് ട്രമ്പിനോടുള്ള അടുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു. വിടവിൻറെ ആഴം വർധിച്ചുകൊണ്ടിരിക്കുന്നു ട്രമ്പിൻറെ നെഞ്ചിടിപ്പിൻറെ വേഗം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. പുലിവാലു പിടിച്ചതിൻറെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്നു നോക്കുക! തെരഞ്ഞെടുപ്പു ദിനം അടുക്കുംതോറും സ്ത്രീജനങ്ങളോടടുക്കാൻ ട്രമ്പ് തിടുക്കംകൂട്ടുന്നു. പഴയ തഴുകലിൻറെയും പിടിക്കലിൻറെയും സ്ഥാനത്തു് സന്തോഷവും സ്വാതന്ത്ര്യവും സമ്പത്തും വാഗ്‌ദാനം ചെയ്യുന്നു. എല്ലാവരെയും തൻറെ "ടൈപ്പ്"ആയിക്കാണാമെന്നു പറയാതെ പറയുന്നു.
അലബാമാ സുപ്രീംകോടതിയുടെ ഫ്രോസൺ എംബ്രിയോ കുട്ടികളുടെ സ്ഥാനത്തു തന്റെ പക്കൽ ഫ്രഷ് എംബ്രിയോ കുട്ടന്മാർ ലഭ്യമാണെന്ന് മോഹിപ്പിക്കുന്നു. മാത്രമല്ല, ചെലവുമുഴുവൻ സർക്കാറിന്റേതായിരിക്കുമെന്നും ഉറപ്പുപറയുന്നു. ഏറ്റവും അവസാനം, “ബില്യനയർ” എന്നവകാശപ്പെടുന്ന ട്രമ്പ് നൽകിയ വാഗ്ദാനം "I am going to be the father of all IVF children"ഏതു നാരീമണിയേയും മോഹവലയത്തിലാക്കാൻ പോരുന്നതാണ്. എന്തിനേറെ പറയുന്നു; നിത്യേന പുലിവരുന്നേ, പുലിവരുന്നേ, പുലിവരുന്നേ എന്നുച്ചത്തിൽ വിളിച്ചുപറഞ്ഞു ജനങ്ങളെ പറ്റിച്ചിരുന്ന വലിയ പറ്റീരുകാരനിതാ പുലിവാലുപിടിച്ചു പുളയുന്നു.