Image

കാന്തവലയം ( കവിത : ഷൈല ബാബു )

Published on 22 October, 2024
കാന്തവലയം ( കവിത :  ഷൈല ബാബു )

അറിയുന്നനുദിനമെൻ ജീവധാരയി-
ലദൃശ്യനാം നിന്നുടെ കരുതലിൻ പീലികൾ!

മുറിവേറ്റുപിടയുമെന്നുൾപ്പൂവിൻ നൊമ്പര-
മൊപ്പിയെടുത്തു നിന്നംഗുലിത്തുമ്പിനാൽ-

ഏതോ ഒരജ്ഞാതക്കുളിരിലെൻ മേനിയും
താവക നിനവിനാൽ കോരിത്തരിക്കവേ,

നിൻ കാന്തവലയത്തി
നുള്ളിലൊതുങ്ങി, 
ആ നീലമിഴികളി
ലെന്നെ തിരഞ്ഞു ഞാൻ!

ചിന്നിച്ചിതറിയ ചില്ലുകൂമ്പാരത്തിൻ
മണികിലുക്കങ്ങളായ് മാനസഭാവങ്ങൾ!

മിഴിനീരിലൊലിച്ചതാം
ആശാമയൂഖങ്ങൾ,
നൊമ്പരവർഷമായ് പെയ്തിറങ്ങി!

മഴവില്ലിന്നഴകാർന്ന പരിമൃദുസീമയി-
ലനിതര സായൂജ്യ പരിവേഷമാലകൾ!

തൊടുവിരൽ
ത്തുമ്പിനാലെൻ മോഹമകരന്ദ
മൊരുമാത്ര നെറുകയിലണിയാൻ
കൊതിക്കവേ,

തെളിനീരുറവ പോ
ലജ്ഞാത സുരഭില
ശക്തിയായലിഞ്ഞു നീ
യെന്നാത്മവനികയിൽ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക